കാൻസസ് സിറ്റി: ഒറ്റ കളിയിൽ 15 സേവുകൾ നടത്തി ലോകകപ്പിലെ ശ്രദ്ധേയ താരമായി മാറിയിരിക്കുകയാണ് കുറാസോയുടെ ഗോൾക്കീപ്പർ എലോയ് റൂം. ഗ്രൂപ്പ് ഇ-യിൽ എക്വഡോറിന്റെ മൂർച്ചയേറിയ ആക്രമണങ്ങളെ മുഴുവൻ മതിലുപോലെ നിന്ന് തടയുന്നതിൽ റൂം വിജയിച്ചു. മത്സരത്തിലുടനീളം എക്വഡോർ താരങ്ങളാൽ പരീക്ഷിക്കപ്പെട്ടിട്ടും ഒരുവട്ടംപോലും ആ കൈകൾ ചോർന്നില്ല. റൂമിന്റെ അവിശ്വസനീയമായ ചെറുത്തുനിൽപ്പാണ് മത്സരഫലത്തെ നിർണയിച്ചതെന്ന് നിസ്സംശയം പറയാം.

To advertise here,

ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തുന്ന താരം എന്ന റെക്കോഡിനൊപ്പമെത്താൻ റൂമിന് ഒറ്റ സേവ് കൂടി മതിയായിരുന്നു. എങ്കിലും 16 സേവുകൾ നടത്തിയ യു.എസ്.എ.യുടെ ടിം ഹൊവാർഡിന്റെ തൊട്ടടുത്തെത്താനായി എന്നത് ചെറിയ നേട്ടമല്ല. 2014-ലാണ് ഹൊവാർഡ് ഈ നേട്ടം കൈവരിച്ചത്. റൂമിന്റെ തകർപ്പൻ പ്രകടനത്തിൽ കുറാസോ ലോകകപ്പിലെ ആദ്യ പോയിന്റ് നേടി.

ഈ ഒറ്റ മത്സരത്തോടെ കുറാസോ എന്ന ചെറിയ ദ്വീപ് രാജ്യത്തിന്റെ ഗോൾക്കീപ്പർ ആഗോളപ്രശസ്തനായി. മത്സരത്തിൽ എക്വഡോർ 27 ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നുപോലും ഗോൾവര കടന്നില്ല. മത്സരം കാണാനായി നെതർലൻഡ്‌സിലെ രാജാവ് വില്യം അലക്‌സാണ്ടറും മാക്‌സിമ രാജ്ഞിയും എത്തിയിരുന്നു. മത്സരശേഷം രാജ്ഞി ഡ്രസ്സിങ് റൂമിലെത്തി റൂമിനെ ചുബനം നൽകിയാണ് അഭിനന്ദിച്ചത്. മത്സരത്തിനു പിന്നാലെ പരിശീലകൻ ഡിക്ക് അഡ്വക്കാറ്റ് കണ്ണീർ പൊഴിച്ചതും ഹൃദയഹാരിയായ കാഴ്ചയായി.

34-കാരനായ എലോയ് റൂം നെതർലൻഡ്‌സിലാണ് ജനിച്ചത്. പിതാവ് കുറാസോ സ്വദേശിയായതിനാലാണ് ആ രാജ്യത്തിന് ബൂട്ടുകെട്ടാൻ യോഗ്യത ലഭിച്ചത്. കുറാസോയ്ക്കുവേണ്ടി ഏറ്റവുംകൂടുതൽ കളിച്ച (72 മത്സരങ്ങൾ) താരംകൂടിയാണ് അദ്ദേഹം. 2015-ൽ ഡച്ച് ഫുട്‌ബോൾ ഇതിഹാസം പാട്രിക് ക്ലൈവർട്ട് ഫോണിൽവിളിച്ച് ക്ഷണിച്ചതോടെയാണ് കുറാസോയ്ക്കായി കളിക്കാൻ തീരുമാനിച്ചത്.

2017-ൽ ജമൈക്കയെ തകർത്ത് കരീബിയൻ കപ്പ് നേടിയതും ലോകകപ്പിന് യോഗ്യത നേടിയതുമാണ് റൂമിന്റെ കരിയറിലെ അവിസ്മരണീയമായ അനുഭവങ്ങൾ. ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള കുറാസോ, ആദ്യമായാണ് ലോകകപ്പ് കളിക്കാനെത്തുന്നത്. ആദ്യമത്സരത്തിൽ ജർമനിയോട് ഒന്നിനെതിരേ ഏഴ് ഗോളിന് പരാജയപ്പെട്ടിരുന്നു. അന്ന് ചോർന്ന കൈകൾ പക്ഷേ, ഇന്ന് എക്വഡോറിനെതിരേ ടീമിന്റെ ഏറ്റവും വലിയ മതിലായി നിലകൊള്ളുകയായിരുന്നു.