മാഡ്രിഡ്: കോപ്പ ഡെല്‍ റേ ആദ്യ പാദ സെമിയില്‍ ബാഴ്‌സലോണയ്ക്ക് ജയം. റയല്‍ മാഡ്രിഡിനെതിരേ അവരുടെ മൈതാനത്ത് നടന്ന എല്‍ ക്ലാസിക്കോയില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം.

To advertise here,

ആദ്യ പകുതിയില്‍ പിറന്ന സെല്‍ഫ് ഗോളാണ് മത്സരത്തിന്റെ ഫലം നിര്‍ണയിച്ചത്. സാന്തിയാഗോ ബെര്‍ണബ്യുവില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്‌സ റയലിന്റെ ആക്രമണങ്ങള്‍ അതിജീവിച്ചാണ് ജയിച്ചുകയറിയത്.

26-ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ ഫലം നിര്‍ണയിച്ച ഗോള്‍. ഫെറാന്‍ ടോറസ് ബോക്‌സിലേക്ക് നല്‍കിയ പാസില്‍ നിന്നുള്ള ഫ്രാങ്ക് കെസ്സിയുടെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്. കെസ്സിയുടെ ഷോട്ട് റയല്‍ ഗോളി തിബോ കുര്‍ട്ടോയുടെ കാലില്‍ തട്ടി തിരികെവന്നത് എഡെര്‍ മിലിറ്റാവോയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഓഫ്‌സൈഡ് ഫ്‌ളാഗ് ഉയര്‍ന്നെങ്കിലും വാര്‍ പരിശോധിച്ച റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു.

യൂറോപ്പ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോടും പിന്നാലെ ലാ ലിഗയില്‍ അല്‍മേരിയയോടും നേരിട്ട പരാജയങ്ങള്‍ക്ക് ശേഷം അങ്ങനെ ബാഴ്‌സ വിജയവഴിയില്‍ തിരിച്ചെത്തി. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും പെഡ്രിയും ഇല്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് പക്ഷേ കളിനിയന്ത്രിക്കാനായി. ഇന്ത്യന്‍ സമയം ഏപ്രില്‍ ആറിന് പുലര്‍ച്ചെയാണ് രണ്ടാം പാദ മത്സരം.