മഡ്രിഡ്: ആറു ഫൈനലുകളിലെ തുടർതോൽവികൾക്കുശേഷം അത്‌ലറ്റിക്കോ ബിൽബാവോ സ്പാനിഷ് കോപ്പ ഡെൽ റേ കിരീടമുയർത്തി. പെനാൽട്ടി ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ റയോ മയ്യോർക്കയെ തോൽപ്പിച്ചു (4-2). നിശ്ചിതസമയത്ത് ഇരുടീമുകളും 1-1 ന് തുല്യതപാലിച്ചു. നിശ്ചിതസമയത്ത് ബിൽബാവോക്കായി ഒഹ്യാൻ സാൻസെറ്റും (50) മയ്യോർക്കയ്ക്കായി ഡാനി റോഡ്രിഗസും (21) ഗോൾ നേടി.

To advertise here,

ഷൂട്ടൗട്ടിൽ അത്‌ലറ്റിക് ബിൽബാവോ താരങ്ങൾ നാല് കിക്കും വലയിലെത്തിച്ചപ്പോൾ മയ്യോർക്കയുടെ രണ്ടു കിക്കുകൾ പാഴായി. ബിൽബാവോയുടെ 24-ാം കിരീടനേട്ടമാണിത്. 31 കിരീടമുള്ള എഫ്.സി. ബാഴ്‌സലോണ മാത്രമാണ് മുന്നിലുള്ളത്. റയൽ മഡ്രിഡിന് 20 കിരീടമുണ്ട്.

1983-84 സീസണിനു ശേഷം ആദ്യമായാണ് ബിൽബാവോ ചാമ്പ്യരാകുന്നത്. അതിനുശേഷം ടീം കളിച്ച ആറു ഫൈനലുകളിലും തോറ്റു. എണസ്റ്റോ വെൽവർദെ പരിശീലിപ്പിച്ച ടീം സെമിയിൽ അത്‌ലറ്റിക്കോ മഡ്രിഡിനെയും ക്വാർട്ടർഫൈനലിൽ ബാഴ്‌സയെയും തോൽപ്പിച്ചാണ് മുന്നേറിയത്. ടൂർണമെന്റിൽ ആറുഗോളുമായി ടോപ് സ്കോറർ പട്ടികയിലുള്ള എയ്‌ഷെർ മൊളിനയാണ് ബിൽബാവോയുടെ കുതിപ്പിന് ചുക്കാൻ പിടിച്ചത്.