ബാഴ്‌സലോണ: സ്വന്തം മൈതാനത്ത് ആദ്യ പാദത്തില്‍ നേരിട്ട തോല്‍വിക്ക് (1-0) പകരംവീട്ടി റയല്‍ മാഡ്രിഡ്. കോപ്പ ഡെല്‍ റേ സെമിഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ ക്യാമ്പ് നൗവില്‍ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ഫൈനലില്‍. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. തുടര്‍ച്ചയായ മൂന്ന് എല്‍ ക്ലാസിക്കോ തോല്‍വികള്‍ക്ക് ശേഷമാണ് റയല്‍ ബാഴ്‌സയ്‌ക്കെതിരേ ജയിക്കുന്നത്.

To advertise here,

കരീം ബെന്‍സേമയുടെ ഹാട്രിക്ക് പ്രകടനമാണ് റയലിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഫൈനലില്‍ ഒസാസുനയാണ് അവരുടെ എതിരാളികള്‍. 50, 58, 80 മിനിറ്റുകളിലായിരുന്നു ബെന്‍സേമയുടെ ഗോളുകള്‍. വിനീഷ്യസ് ജൂനിയര്‍ ഒരു ഗോള്‍ നേടി.

ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ മുന്നില്‍ നിന്നെങ്കിലും ഗോള്‍ നേടാന്‍ ബാഴ്‌സയ്ക്ക് സാധിച്ചില്ല. ആദ്യ പകുതി സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് അധികസമയത്ത് റയലിന്റെ ഗോള്‍ വരുന്നത്. വിനീഷ്യസും റോഡ്രിഗോയും ചേര്‍ന്ന ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവിലായിരുന്നു ഗോള്‍. വിനീഷ്യസിന്റെ ഷോട്ട് ബാഴ്‌സ ഗോളി ടെര്‍സ്‌റ്റേഗന്‍ തടുത്തെങ്കിലും പന്ത് ഗോള്‍വര കടക്കുകയായിരുന്നു.

പിന്നാലെ 50-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ മികച്ചൊരു മുന്നേറ്റത്തില്‍ നിന്ന് ലഭിച്ച പാസ് വലയിലെത്തിച്ച് ബെന്‍സേമ റയലിന്റെ ലീഡുയര്‍ത്തി. ബെന്‍സേമയെ മാര്‍ക്ക് ചെയ്യാതെ സ്വതന്ത്മായി വിട്ട ബാഴ്‌സ പ്രതിരോധത്തിന്റെ പിഴവാണ് ഗോളിന് കാരണമായത്.

തുടര്‍ന്ന് 57-ാം മിനിറ്റില്‍ വിനീഷ്യസിനെ കെസ്സി ബോക്‌സില്‍ വീഴ്ത്തിയതിന് റയലിന് അനുകൂലമായി പെനാല്‍റ്റി. കിക്ക് ലക്ഷ്യത്തിലെത്തിച്ച ബെന്‍സേമ മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി.

80-ാം മിനിറ്റില്‍ ബെന്‍സേമയുടെ ഹാട്രിക്ക് ഗോളെത്തി. മറ്റൊരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ വിനീഷ്യസ് നല്‍കിയ പാസ് വലയിലേക്ക് തട്ടിവിടേണ്ട കാര്യമേ ബെന്‍സേമയ്ക്ക് ഉണ്ടായിരുന്നുള്ളൂ.