
കാൻസസ് സിറ്റി: ലോകകപ്പ് ഗ്രൂപ്പ് ഇ-യിൽ ലാറ്റിനമേരിക്കൻ കരുത്തരായ എക്വഡോറിനെതിരേ കുറാസോയുടെ ചെറുത്തുനിൽപ്പ്. ചരിത്രത്തിലാദ്യമായി ഇത്തവണ ലോകകപ്പിനെത്തിയ ഈ കുഞ്ഞൻ രാജ്യത്തിന് ആദ്യ സമനില. പ്രതിരോധക്കോട്ട കെട്ടിയുള്ള കുറാസോയുടെ കളിനീക്കത്തെ കവച്ചുവെച്ച് മുന്നേറാനുള്ള എക്വഡോറിന്റെ നിരന്തരമായ ശ്രമം വിജയിച്ചില്ല. ഗോൾക്കീപ്പർ എലോയ് റൂമിന്റെ അവിശ്വസനീയമായ സേവുകളാണ് കുറാസോയെ തോൽവിയിൽനിന്ന് രക്ഷിച്ചത്.
പ്രതിരോധത്തിനും ആക്രമണത്തിനും മുൻഗണന നൽകി, 3-1-4-2 ശൈലിയിലാണ് എക്വഡോർ മത്സരത്തിനിറങ്ങിയത്. എന്നാൽ 5-4-1 ശൈലിയിൽ ഗ്രൗണ്ടിൽ കോട്ട കെട്ടിയായിരുന്നു കുറാസോയുടെ മറുപടി. മത്സരത്തിന്റെ ആരംഭം മുതൽ എക്വഡോർ മൂർച്ചയുള്ള ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾവര കടക്കാനായില്ല. ഗോളിലേക്ക് 27 ഷോട്ടുകൾ പായിച്ചിട്ടും ഒന്നുപോലും എക്വഡോറിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഭൂരിഭാഗം പന്ത് കൈവശംവെച്ച് കളിച്ചതും എക്വഡോർ തന്നെ.
കുറാസോ ഗോൾക്കീപ്പർ എലോയ് റൂമിന്റെ വ്യക്തിഗത മികവാണ് മത്സരത്തിന്റെ ഗതി നിർണയിച്ചതെന്ന് നിസ്സംശയം പറയാം. ഗോൾവലയ്ക്ക് മുന്നിൽ മതിലുപോലെ നിലയുറപ്പിച്ച താരം, എക്വഡോർ താരങ്ങളുടെ ഗോൾശ്രമങ്ങളെയെല്ലാം തടഞ്ഞിട്ടു. 15 സേവുകളാണ് അദ്ദേഹം നടത്തിയത്. ഒരു ലോകകപ്പ് മത്സരത്തിൽ 16 സേവുകൾ നടത്തിയ യു.എസ്.എ. ഗോൾക്കീപ്പർ ടിം ഹോവാർഡിന്റെ റെക്കോഡിന് തൊട്ടടുത്തെത്താൻ താരത്തിനായി.
സൂപ്പർ താരം എന്നർ വലൻസിയ ഉൾപ്പെടെയുള്ളവരുടെ ഒട്ടേറെ ഗോൾ ശ്രമങ്ങളാണ് റൂം തടഞ്ഞിട്ടത്. കിട്ടിയ ഒട്ടേറെ അവസരങ്ങൾ വലൻസിയ നഷ്ടപ്പെടുത്തി. ചിലത് ഗോൾക്കീപ്പറെ ഭേദിക്കാനാവാതെ വരികയും മറ്റു ചിലത് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോവുകയും ചെയ്തു. അതേസമയം എക്വഡോർ ആക്രമണങ്ങളിൽ പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം തഹിത് ചോങ്ങാണ് കുറാസോയ്ക്ക് ആശ്വാസമായത്. ടീം സമ്മർദം നേരിട്‌പ്പോഴെല്ലാം പന്തുമായി മുന്നോട്ടുകയറി തഹിത് നടത്തിയ കുതിപ്പുകൾ കുറാസോയ്ക്ക് ആശ്വാസമേകി. ടീമിന്റെ ഭൂരിഭാഗം ഗോളവസരങ്ങൾ സൃഷ്ടിച്ചതും തഹിതാണ്.
ആദ്യമത്സരത്തിൽ ജർമനിയോട് ഒന്നിനെതിരേ ഏഴ് ഗോളുകൾക്ക് പരാജയപ്പെട്ടാണ് കുറാസോ എത്തിയതെങ്കിൽ ഐവറി കോസ്റ്റിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടാണ് എക്വഡോറെത്തിയത്. ഇരുടീമിനും ഗ്രൂപ്പിൽ ഓരോ പോയിന്റ് വീതം. ജർമനിയും ഐവറി കോസ്റ്റുമാണ് ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
Content Highlights: Ecuador vs Curacao 2026 World Cup Match Report
Published: 21 Jun 2026, 06:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented