മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദത്തിൽ ഇംഗ്ലീഷ് കരുത്തരായ ആഴ്സണലും സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡുംസമനിലയിൽ പിരിഞ്ഞു. റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന തീപാറും പോരിൽ ഓരോ ഗോൾ വീതം നേടിയാണ് ഇരുവരും സമനിലയിൽ പിരിഞ്ഞത്. പെനാൽറ്റിയിലൂടെയായിരുന്നു രണ്ട് ഗോളുകളും.

To advertise here,

ആദ്യപകുതിയിൽ ആഴ്സണലായിരുന്നു മുന്നിൽ. മത്സരത്തിന്റെ 44-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് വിക്ടർ ഗ്യോക്കരെസാണ് ആഴ്സണലിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ അത്ലറ്റിക്കോ ശക്തമായി തിരിച്ചുവന്നു. 56-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഹൂലിയൻ ആൽവരസ് അത്‌ലറ്റിക്കോയ്ക്കായി സമനില പിടിച്ചു. തുടർന്നും ഇരുവരും മികച്ച ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ പിറന്നില്ല.

ആദ്യപാദ സെമി സമനിലയിൽ പിരിഞ്ഞതോടെ ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ മേയ് ആറിന് നടക്കുന്ന രണ്ടാംപാദ സെമി ജേതാക്കൾ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കും. നേരത്തെ പാരീസിൽ നടന്ന ബയേൺ-പിഎസ്ജി ആദ്യപാദ സെമി പോരിൽ പിഎസ്ജിക്കായിരുന്നു ജയം. നാലിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു പിഎസ്ജി ബയേണിനെ തറപറ്റിച്ചത്.