പാരീസ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ പി.എസ്.ജി.ക്ക് ബയേൺ മ്യൂണിക്ക് എതിരാളികൾ. മറ്റൊരു സെമിയിൽ ആഴ്‌സനലും അത്‌ലറ്റിക്കൊ മഡ്രിഡും ഏറ്റുമുട്ടും. രണ്ടാം പാദത്തിൽ റയലിനെ കീഴടക്കിയാണ് ബയേൺ സെമി ടിക്കറ്റെടുത്തത്. ആദ്യ പാദത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ബയേൺ രണ്ടാം പാദത്തിലും ജയിച്ചുകയറി.

To advertise here,

കടുത്ത പോരാട്ടത്തിനൊടുക്കമാണ് ബയേൺ റയലിനെ മറികടന്നത്. ബയേണിനെ ഞെട്ടിച്ച് ആദ്യ മിനിറ്റിൽ തന്നെ ലീഡെടുത്താണ് റയൽ തുടങ്ങിയത്. ആർദ ഗുലറാണ് വലകുലുക്കിയത്. എന്നാൽ ആറാം മിനിറ്റിൽ അലക്‌സാണ്ടർ പാവ്‌ലോവിച്ചിലൂടെ ജർമൻ വമ്പന്മാർ തിരിച്ചടിച്ചു. 29-ാം ഗുലർ വീണ്ടും ലീഡ് സമ്മാനിച്ചെങ്കിലും 38-ാം മിനിറ്റിൽ ഹാരി കെയ്‌നിലൂടെ ബയേൺ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കും മുൻപ് 42-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു. അതോടെ മത്സരം 3-2 എന്ന നിലയിലായി. അഗ്രിഗേറ്റ് സ്‌കോർ തുല്യവും(4-4).

എന്നാൽ രണ്ടാം പകുതി കളി മാറി. അവസാനഘട്ടം വരെ ഇതേ നില തുടർന്നെങ്കിലും 86-ാം മിനിറ്റിൽ എഡ്വാർഡോ കമവിംഗക്ക് ചുവപ്പ് കാർഡ് കിട്ടിയത് റയലിന് തിരിച്ചടിയായി. പിന്നാലെ ബയേണിന്റെ ഗോളുമെത്തി. 89-ാം മിനിറ്റിൽ ലൂയിസ് ഡയസും ഇഞ്ചുറി ടൈമിൽ മൈക്കൽ ഒലിസെയും ലക്ഷ്യം കണ്ടതോടെ ബയേൺ രണ്ടാം പാദത്തിലെ ജയവും സെമി ടിക്കറ്റും ഉറപ്പിച്ചു. 6-4 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് ടീമിന്റെ ജയം.

രണ്ടാംപാദ ക്വാർട്ടറിൽ ഉസ്മാനെ ഡെംബലെയുടെ ഇരട്ടഗോളിലാണ് പി.എസ്.ജി. ഇംഗ്ലീഷ് ടീം ലിവർപൂളിനെ കീഴടക്കിയത് (2-0). ആദ്യ പാദത്തിലും ഫ്രഞ്ച് ടീം ജയിച്ചിരുന്നു (2-0). സ്പാനിഷ് ടീമുകളുടെ ഏറ്റുമുട്ടലിൽ അത്‌ലറ്റിക്കൊ മഡ്രിഡിനെ 2-1 സ്‌കോറിൽ തോൽപ്പിച്ചിട്ടും ബാഴ്‌സലോണ പുറത്തായിരുന്നു. ആദ്യ പാദത്തിൽ മഡ്രിഡ് ടീം എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചിരുന്നു. ലാമിൻ യമാലും (4) ഫെറാൻ ടോറസും (24) ബാഴ്‌സയ്ക്കായി ഗോൾ നേടി. അഡിമോള ലുക്മാനാണ് (31) അത്‌ലറ്റിക്കൊയുടെ സ്‌കോറർ.

പ്രീമിയർ ലീഗിൽ മുന്നിലുള്ള ആഴ്‌സനലും പോർച്ചുഗലിന്റെ സ്‌പോർട്ടിങ്ങും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ആദ്യ പാദത്തിലെ ഒരു ഗോൾ ജയത്തിന്റെ മികവിൽ ആഴ്‌സനൽ മുന്നേറി.