കോഴിക്കോട്: ആദ്യ കളിയില്‍ ജയിച്ചുതുടങ്ങിയവരല്ല കാലിക്കറ്റ് എഫ്.സി.യും ഫോഴ്സാ കൊച്ചിയും. എന്നാല്‍, സൂപ്പര്‍ലീഗ് കേരള ഫുട്ബോള്‍ പ്രഥമ സീസണിലെ അവസാന മത്സരത്തില്‍ കളിക്കുമ്പോള്‍ ഇരു ടീമുകളും ജയം തീവ്രമായി ആഗ്രഹിക്കുന്നു. കാരണം ലളിതം. ജയിക്കുന്ന ടീം ചാമ്പ്യന്‍മാരാകും.
സൂപ്പര്‍ലീഗിന്റെ ആദ്യ സീസണ്‍ ഫൈനലില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് കാലിക്കറ്റ് എഫ്.സി.യും ഫോഴ്സാ കൊച്ചിയും മുഖാമുഖം വരുന്നത്. ലീഗ് ഘട്ടത്തില്‍ രണ്ട് കളിയില്‍ പരസ്പരം ഏറ്റുമുട്ടിയതില്‍ കാലിക്കറ്റിന് മുന്‍തൂക്കമുണ്ട്. ഒരു കളിയില്‍ അവര്‍ ജയിച്ചു. ഒരു മത്സരം സമനിലയായി. എന്നാല്‍, കിരീട പോരാട്ടത്തില്‍ കണക്കിനും പ്രസക്തിയില്ല. മുന്നില്‍ കിരീടമുള്ളപ്പോള്‍ പോരാട്ടത്തിന് വാശിയേറും.
കലക്കാന്‍ കാലിക്കറ്റ്
തിരുവനന്തപുരം കൊമ്പന്‍സുമായി സമനില പാലിച്ചാണ് കാലിക്കറ്റ് അരങ്ങേറിയത്. രണ്ടാം മത്സരത്തില്‍ മലപ്പുറം എഫ്.സി.യെ 3-0ന് തകര്‍ത്ത് കാലിക്കറ്റ് കുതിപ്പ് തുടങ്ങി. പിന്നെ ടീമിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒറ്റ മത്സരത്തില്‍ മാത്രമാണ് തോറ്റത്. ആധികാരിക പ്രകടനങ്ങളോടെയാണ് കാലിക്കറ്റ് ഫൈനലില്‍ ഇടം പിടിച്ചത്.
10 കളിയില്‍ അഞ്ച് ജയവും നാല് സമനിലയും ഒരു തോല്‍വിയുമാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്. 18 ഗോള്‍ നേടിയപ്പോള്‍ ഒന്‍പതെണ്ണം തിരിച്ചുവാങ്ങി.
സ്‌കോട്ടിഷുകാരനായ ഇയാന്‍ ഗില്ലന്‍ മുഖ്യ പരിശീലകനും ബിബി തോമസ് സഹ പരിശീലകനുമായ കാലിക്കറ്റ് ലീഗില്‍ ആകര്‍ഷകമായി കളിക്കുന്ന ടീമാണ്. സ്വന്തം ഗ്രൗണ്ടില്‍ അഞ്ച് മത്സരം കളിച്ചപ്പോള്‍ ഒന്നില്‍ മാത്രമാണ് ടീം ജയിച്ചത്. എന്നാല്‍, ഹോം ഗ്രൗണ്ടില്‍ തോല്‍വിയറിഞ്ഞിട്ടില്ല. സെമിയില്‍ കൊമ്പന്‍സിനെയാണ് തോല്‍പ്പിച്ചത്.
നാല് ഗോള്‍വീതം നേടിയ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും ഗനി അഹമ്മദ് നിഗവുമാണ് ടീമിന്റെ ശക്തി. ഗനിക്ക് മൂന്ന് അസിസ്റ്റുമുണ്ട്. മധ്യനിരയില്‍ നായകന്‍ ജിജോ ജോസഫും ബ്രസീല്‍ താരം ജോണ്‍ കെന്നഡിയും നന്നായി കളിക്കുന്നു. ശക്തമായ പ്രതിരോധ നിരയും ടീമിനുണ്ട്. ഗോള്‍കീപ്പര്‍ വിശാലും ഫോമിലാണ്.
കൊച്ചി ഫോഴ്സാ
ആദ്യ കളിയില്‍ മലപ്പുറത്തോട് സ്വന്തം ഗ്രൗണ്ടില്‍ തോറ്റുതുടങ്ങിയ ഫോഴ്സാ കൊച്ചി നാലാമത്തെ കളിയിലാണ് ആദ്യ ജയം സ്വന്തമാക്കുന്നത്. എന്നാല്‍, ടീം പതിയെ കരുത്താര്‍ജിച്ചു. സെമിയില്‍ കരുത്തരായ കണ്ണൂര്‍ വാരിയേഴ്സിനെ വീഴ്ത്തിയത് അതിനുദാഹരണമാണ്. 10 കളിയിലായി നാലുവീതം ജയവും സമനിലയും നേടിയ ടീം രണ്ട് കളിയില്‍ മാത്രമാണ് തോറ്റത്.
ഒന്‍പത് കളിയില്‍നിന്ന് ഏഴ് ഗോള്‍ നേടിയ വിദേശ സ്ട്രൈക്കര്‍ ഡോറിയെല്‍ട്ടന്‍ ഗോമസിന്റെ മികവാണ് ടീമിന്റെ കരുത്ത്. രണ്ട് അസിസ്റ്റും താരത്തിനുണ്ട്. നിജോ ഗില്‍ബര്‍ട്ട്, നിധിന്‍ മധു, അയാസോ റോഡ്രിഗസ്, ഒമറാന്‍ ഡിസ്രി എന്നിവരാണ് ടീമിന്റെ ശക്തി. മരിയോ ലെമോസും സഹ പരിശീലകനായ ജോപോള്‍ അഞ്ചേരിയുമാണ് ടീമിനായി തന്ത്രങ്ങളൊരുക്കുന്നത്.
Content Highlights: Calicut FC and Forca Kochi face off in the Kerala Super League final. Both teams are hungry for vict
Published: 10 Nov 2024, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented