1956 ഏപ്രിൽ. പേറ്റുനോവിനുള്ളിൽ പുറത്തുവരാൻ വെമ്പൽകൊള്ളുന്ന കേരളം. പാലക്കാട്ട്‌ കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലാമത് പാർട്ടി കോൺഗ്രസ് ചേരുകയാണ്. അജയ് ഘോഷ് വീണ്ടും തലപ്പത്തേക്ക് തിരഞ്ഞടുക്കപ്പെട്ട സമ്മേളനത്തിൽ 46-കാരനായ ഒരു യുവാവ് പിറക്കാനൊരുങ്ങുന്ന കേരളത്തെ ചുവപ്പിക്കാനുള്ള ചിന്തയുമായി കരിമ്പനക്കാറ്റുപോലെ അവിടെയെത്തിയിരുന്നു.

To advertise here,

അപ്പോൾ, സമുദ്രങ്ങൾക്കും കാതങ്ങൾക്കും അപ്പുറം രണ്ടു ചെറുപ്പക്കാർ മെക്‌സിക്കോ നഗരത്തിലെ ഒരു കഫേയിൽ ഗൂഢമായ ചർച്ചയിലായിരുന്നു. മെക്‌സിക്കോയിൽനിന്ന് പുറത്താക്കപ്പെട്ട ഫിദൽ കാസ്‌ട്രോ എന്ന ഊർജസ്വലനായ യുവാവാണ് അതിലൊന്ന്. സ്വതസിദ്ധമായ ഉയർന്നശബ്ദം താഴ്ത്താൻ അയാൾ പണിപ്പെട്ടിരിക്കണം. അയാളെക്കാൾ നാലുവയസ്സിനിളപ്പമുള്ള അനാഗതശ്മശ്രുവായ, നാണക്കാരനായ ഒരു അർജന്റൈൻ ഡോക്ടർ എല്ലാംകേട്ട് ‘ചെ ചെ’ എന്നു പ്രതികരിച്ച് അപ്പുറത്തിരിക്കുന്നു, 26-കാരനായ ഏണസ്‌റ്റോ ഗുവേര. ഒരു ക്യൂബൻ കാപ്പിക്കും ഓംലറ്റിനും മുന്നിലിരുന്ന് ആസന്നമായ ക്യൂബൻ വിപ്ലവത്തിന് വിത്തിടുകയായിരുന്നു അവർ. 1956 നവംബർ 25-ന്‌ 80 പോരാളികളുമായി അവർ ഗ്രാൻമാ എന്ന യാട്ടിൽ തുക്‌സ്പാൻ കടവുവഴി കടൽകടന്ന് വിപ്ലവത്തിലൂടെ ബാറ്റിസ്റ്റയെ പറത്താക്കി ക്യൂബയിൽ അധികാരം പിടിച്ചെടുത്തു. കൃത്യം അഞ്ചുമാസംകഴിഞ്ഞ് രക്തരഹിത ബാലറ്റ് വിപ്ലവത്തിലൂടെ ഇ.എം.എസ്. കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു. യുവാരസ്സിലെ കഫെ ലാ ഹബാനയിൽ ഒരു കാപ്പിക്കു മുന്നിലിരുന്നപ്പോൾ സ്മരണകൾ ഇരമ്പി. ലോകത്തെ ത്രസിപ്പിച്ച വിപ്ലവത്തിനു നിലമൊരുക്കിയ കഫെ. അങ്ങേ മൂലയിലിരുന്ന് കുശുകുശുക്കുന്ന ആ യുവാക്കൾ ഫിദലും ചെയും ആണോ? തെരുവിലൂടെ പ്രക്ഷോഭകാരികൾ സോലോകോയിലെ നഗരചത്വരത്തിലേക്ക് സമരത്തിനുപോകുന്നത് അപ്പോൾ ചില്ലുജനലിലൂടെ കണ്ടു.

നാട്ടിലെ കോഫി ഷോപ്പ് മട്ടിൽ പഴയ സ്പാനിഷ് ശൈലിയിൽ നിർമിച്ച തെരുവിലേക്ക് മുഖംനട്ടിരിക്കുന്ന കെട്ടിടം. അകത്തുകയറിയപ്പോൾ കാപ്പിക്കൊപ്പം പഴയകാല ഗന്ധം ഉയർന്നു. വലിയ നഗരനിർമിതിയുടെ പശ്ചാത്തലത്തിൽ പ്രാചീനഫാനുകൾ തിരിയുന്നു. ചുറ്റും നോക്കി. മരംകൊണ്ടു നിർമിച്ച വലിയ കൗണ്ടറിനടുത്ത് ഫിദലിന്റെയും ചെ ഗുവേരയുടെയും ചെറിയ ചിത്രങ്ങൾ തൂക്കിയിട്ടുണ്ട്.

ആ ചിത്രങ്ങളെടുക്കാൻ റിസപ്‌ഷനിലെ സെനോര സൗമനസ്യത്തോടെ അനുവദിച്ചു. ‘ഇൻഡ്യാനോ?’ എന്നുചോദിച്ചു. “ദാ, അവിടെയാണ് പത്രക്കെട്ടുമായി മാർക്കേസ് വന്നിരിക്കുന്ന കസേര. ഒക്‌ടേവിയ പാസ് കൂട്ടുകാരുമായി കൂടുന്നത് ഇവിടെ”. അവർ ചൂണ്ടിക്കാണിച്ചുതന്നു.

നിറയെ പാലൊഴിച്ച ചില്ലുഗ്ലാസിലേക്ക് ചെറിയ കപ്പിൽ ഉരുക്കഴിച്ചു കുറുക്കിയ കാപ്പി ചേർത്തപ്പോൾ എങ്ങുനിന്നോ ഒരു ഹവാന ചുരുട്ടിന്റെ ഗന്ധമുയർന്നു. പുറത്തിറങ്ങി ചത്വരത്തിലേക്കു നടക്കുമ്പോൾ തെരുവുകൾ പ്രക്ഷോഭകാരികൾ കൈയടക്കിയിരിക്കുന്നു. മോണമെന്റോ റവല്യൂസ്യാൻ ചത്വരത്തിനു നടുവിൽ തകർപ്പൻ ഫുട്‌ബോൾ നടക്കുകയാണ്. പ്രതിഷേധത്തിന്റെ ഷോട്ടുകൾ പലപ്പോഴും ലക്ഷ്യംതെറ്റി കാണികളിലേക്കു വീണുകൊണ്ടിരുന്നു.