റിയോ ഡി ജനൈറോ: ബ്രസീൽ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി ഡൊറിവൽ ജൂനിയറിനെ നിയമിച്ചു. വ്യാഴാഴ്ചയാണ് ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ (സി.ബി.എഫ്.) തീരുമാനം പ്രഖ്യാപിച്ചത്. സാവോ പോളോ ക്ലബ്ബിന്റെ കോച്ചായിരുന്ന ഡൊറിവൽ ദേശീയടീമിന്റെ ചുമതലയേൽക്കാനായി ഞായറാഴ്ച ക്ലബ്ബ് വിട്ടിരുന്നു.
ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിൽ ഉൾപ്പെടെ ബ്രസീലിന്റെ പ്രകടനം മോശമായതിനാൽ താത്‌കാലിക പരിശീലകൻ ഫെർണാണ്ടോ ഡിനിസിനെ കഴിഞ്ഞ വെള്ളിയാഴ്ച പുറത്താക്കിയിരുന്നു.
കോപ്പ അമേരിക്ക ഫുട്‌ബോളിനുമുമ്പ് ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി ബ്രസീൽ പരിശീലകനാകുമെന്ന് കോൺഫെഡറേഷൻ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം റയൽ മഡ്രിഡിൽ കരാർ നീട്ടിയതോടെ സാധ്യതയടഞ്ഞു. ഇതോടെയാണ് 61-കാരനായ ഡൊറിവലിനെ കണ്ടെത്തിയത്.
നേരത്തേ, സാന്റോസ്, വാസ്‌കോ ഡി ഗാമ, ഫ്ലുമിനൻസ്, പാമിറസ്, ഫ്ലെമെംഗോ തുടങ്ങിയ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിൽ ആറാം സ്ഥാനത്താണ് ബ്രസീൽ. കോപ്പ അമേരിക്ക ടൂർണമെന്റാണ് ഡൊറിവലിനുമുന്നിലെ ആദ്യദൗത്യം.
ജൂനിയര്‍, സീനിയര്‍
അനീഷ് പി. നായര്‍
ബ്രസീൽ ദേശീയ ഫുട്‌ബോൾ ടീം പരിശീലകന്റെപേരിൽ മാത്രമാണ് ജൂനിയറുള്ളത്. പരിശീലകകരിയറിൽ ഏറെ സീനിയറാണ്. ഡോറിവൽ ജൂനിയറെന്ന 61-കാരനെ മുഖ്യപരിശീലകനായി ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ നിയമിക്കുമ്പോൾ, ഈ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുകയാണ് ടീം മാനേജ്മെന്റിന്റെ ലക്ഷ്യം.
ഖത്തർ ലോകകപ്പിനുശേഷം ടിറ്റെ ബ്രസീൽ ടീം പരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങി. പിന്നീടുവന്ന റമോൺ മെനസെസിനും ഫെർണാണ്ടോ ഡിനിസിനും പരിശീലകസ്ഥാനത്ത് പിടിച്ചുനിൽക്കാനായില്ല. ഇതിനിടെ ടീമിന്റെ പ്രകടനം വല്ലാതെ താഴെപ്പോയി. ഈ പ്രതിസന്ധികൾക്കിടെയാണ് സാവോപൗലോയിൽനിന്ന് ഡോറിവലിനെ പുതിയ കോച്ചായി കൊണ്ടുവരുന്നത്.
ബ്രസീലിയൻ ഗാർഡിയോള എന്നാണ് ഡിനിസ് അറിയപ്പെട്ടിരുന്നത്. പൊസഷൻ ഫുട്‌ബോളിന്റെ വക്താവ്. എന്നാൽ, താരനിബിഡമായ ബ്രസീൽ ടീമിൽ ഡിനിസ് വലിയ പരാജയമായി. ബ്രസീൽ ടീമിന് ആവശ്യം തന്ത്രങ്ങളുടെ ധാരാളിത്തമുള്ള പരിശീലകനെയല്ല, സൂപ്പർ താരക്കൂട്ടത്തെ മേയ്ച്ചുനടക്കാൻ പറ്റുന്ന മാൻമാനേജ്‌മെന്റ് വിദഗ്ധനെയാണ്. അധികം കിരീടവിജയങ്ങളില്ലാത്ത ഡോറിവലിന്റെ അനുഭവജ്ഞാനത്തെയും കളിക്കാരെ നിയന്ത്രിച്ചുനിർത്താനുള്ള കഴിവിനെയും ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ അംഗീകരിച്ചത് അതുകൊണ്ടാണ്.
22 വർഷത്തോളമായി പരിശീലകരംഗത്തുണ്ട് ഡോറിവൽ. 18-ാമത്തെ ടീമാണ് ബ്രസീൽ. സാന്റോസ്, ഫ്ലുമിനെൻസ്, ഫ്ലെമെംഗോ, വാസ്‌കോഡ ഗാമ തുടങ്ങി ബ്രസീലിലെ വമ്പൻ ക്ലബ്ബുകളുടെ പരിശീലകനായിട്ടുണ്ട്. ഇത്രയുംകാലത്തെ കരിയറിൽ 596 മത്സരങ്ങളിൽ ടീമിനെ ഇറക്കി. 47 ശതമാനം വിജയമുണ്ട്.
കൈയിലുള്ള ഗെയിംപ്ലാനിലേക്ക് ടീമിനെ മാറ്റിയെടുക്കുന്ന പരിശീലകനല്ല ഡോറിവൽ. ലഭ്യമാകുന്ന കളിക്കാരെെവച്ച് ടീമിനെയുണ്ടാക്കിയെടുക്കുന്ന രീതിയാണ്. 4-2-3-1 അല്ലെങ്കിൽ 4-3-1-2 ശൈലിയാണ് ഇഷ്ടം. രണ്ട് സെൻട്രൽ ഡിഫൻഡർമാർക്കൊപ്പം ഡിഫൻസീവ് മിഡ്ഫീൽഡറെയും നിയോഗിച്ച് മൂന്നംഗപ്രതിരോധനിരവെച്ചാകും കളി. രണ്ട് ഫുൾബാക്കുകൾക്ക് ഹൈലൈൻ ആക്രമണത്തിന്റെ ചുമതല നൽകുന്നതാണ് ഡോറിവലിന്റെ രീതി.
നെയ്‌മർ അടക്കമുള്ള വമ്പൻ താരനിര പലകാലങ്ങളിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. വലിയ കളിക്കാരെ ടീമിന് ഉപയോഗപ്പെടുംവിധം മാറ്റിയെടുക്കാനുള്ള ഡോറിവലിന്റെ മിടുക്കായിരിക്കും ബ്രസീലിന്റെ ഭാവി നിശ്ചയിക്കുക. മുഖ്യപരിശീലകനായപ്പോൾ തന്റെ സ്വപ്‌നം യാഥാർഥ്യമായെന്നാണ് ഡോറിവലിന്റെ പ്രതികരണം. ആരാധകരുടെ സ്വപ്നം യാഥാർഥ്യമാകുമോയെന്നാണ് അറിയാനുള്ളത്.
Content Highlights: brazil confirms hiring dorival junior as new national team coach
Published: 12 Jan 2024, 08:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented