ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്.) പ്രസിഡന്റ് സ്ഥാനത്തുനിന്ന് കല്യാണ്‍ ചൗബേ രാജിവയ്ക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ. ഷാജി പ്രഭാകരനെ സംഘടനയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ, സംഘടനയുടെ ഭരണതലത്തിലുണ്ടായ കുഴപ്പങ്ങളുടെ കാരണം കല്യാണ്‍ ചൗബേയാണെന്നാണ് ബൂട്ടിയ ആരോപിക്കുന്നത്. 

To advertise here,

ചൊവ്വാഴ്ച നടന്ന എ.ഐ.എഫ്.എഫിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ബൂട്ടിയ പങ്കെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ ഏഴിന് ഷാജി പ്രഭാകരനെ പിരിച്ചുവിട്ടത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗമായിരുന്നു ഇത്. പ്രഭാകരനെ തുടക്കത്തില്‍ യോഗത്തിലേക്ക് വിളിച്ചിരുന്നില്ലെങ്കിലും പിന്നീട് ഓണ്‍ലൈനില്‍ അദ്ദേഹം പങ്കുചേര്‍ന്നു. 

കല്യാണ്‍ ചൗബേയും ട്രഷറര്‍ കിപ അജയ്‌യും രാജിവയ്ക്കണമെന്നാണ് ബൂട്ടിയ ആവശ്യപ്പെട്ടത്. ഷാജി പ്രഭാകരനെ മാത്രം ബലിയാടാക്കരുത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ തീരുമാനങ്ങളെടുക്കുന്നതിന് മൂന്നുപേര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ബൂട്ടിയ പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ കുഴപ്പത്തിലാണെന്നും ബൂട്ടിയ വ്യക്തമാക്കി.