ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്)അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയില്‍ നിന്നുണ്ടായ വിലക്ക് വലിയ തിരിച്ചടി സമ്മാനിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ബൈച്ചുങ് ബൂട്ടിയ. ഫിഫയുടെ തീരുമാനം കടുപ്പമേറിയതാണെന്നും എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും ബൂട്ടിയ പറഞ്ഞു. 

To advertise here,

എ.ഐ.എഫ്.എഫില്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ഫുട്‌ബോളിന് ഫിഫ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ഒക്ടോബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും രാജ്യത്തിന് നഷ്ടമാകും. 

' ഫിഫയുടെത് കടുത്ത തീരുമാനമായിപ്പോയി. ഇന്ത്യയ്ക്ക് ലഭിച്ച വിലക്ക് വിഷമമുണ്ടാക്കുന്നു. എന്നാല്‍ അതേ സമയം ഇതൊരു അവസരമായി വേണം കാണാന്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ നിലവിലുള്ള ഘടന പൊളിച്ചെഴുതാന്‍ പറ്റിയ അവസരമാണിത്. നമ്മുടെ സിസ്റ്റം ശരിയായ പാതയിലേക്ക് കൊണ്ടുവരാന്‍ ഈ വിലക്കിന് സാധിക്കും. ഏവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഈ വിലക്കില്‍ നിന്ന് ഇന്ത്യയ്ക്ക് മോചനം നേടാനാകൂ'- ബൂട്ടിയ പറഞ്ഞു. 

എ.ഐ.എഫ്.എഫിന്റെ ചരിത്രത്തിലാദ്യമായാണ് ഫിഫയില്‍ നിന്ന് വിലക്ക് ലഭിക്കുന്നത്. വിലക്കുമൂലം ഇന്ത്യയ്ക്ക് നിലവില്‍ ഒരു അന്താരാഷ്ട്ര മത്സരത്തില്‍പ്പോലും കളിക്കാനാവില്ല. 

വരാനിരിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ഫുട്‌ബോള്‍ എല്ലാ പോരായ്മകളും പരിഹരിക്കുമെന്നും ലോകകപ്പ് ഇന്ത്യയില്‍ വെച്ചുതന്നെ നടക്കുമെന്നും ബൂട്ടിയ വ്യക്തമാക്കി. പുതിയ അധികാരികള്‍ സ്ഥാനമേറ്റാല്‍ തീരാവുന്ന പ്രശ്‌നമേ ഇന്ത്യന്‍ ഫുട്‌ബോളിനുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരിലൊളാണ് ബൂട്ടിയ. ഇന്ത്യയ്ക്ക് വേണ്ടി 1995-ല്‍ അരങ്ങേറിയ ബൂട്ടിയ 2011-ലാണ് വിരമിച്ചത്. രാജ്യത്തിനായി 80 മത്സരങ്ങള്‍ കളിച്ച താരം 26 ഗോളുകള്‍ നേടി.