റിയാദ്: സൂപ്പര്‍ താരം സാദിയോ മാനെയെ സ്വന്തമാക്കി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്ര്‍. ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് മാനെ സൗദിയിലെത്തുന്നത്. എത്രതുകയ്ക്കാണ് മാനെയെ അല്‍ നസ്ര്‍ സ്വന്തമാക്കിയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ക്ലബ്ബ് ഔദ്യോഗികമായി ഉടന്‍ ഈ വാര്‍ത്ത പുറത്തുവിടും. 

To advertise here,

പരിശീലനമത്സരം കളിക്കുന്ന ബയേണ്‍ മ്യൂണിക്ക് ടീമില്‍ നിന്ന് മാനെ പുറത്തായിട്ടുണ്ട്. ബയേണും അല്‍ നസ്‌റും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും ഉടന്‍ തന്നെ താരം സൗദിയിലേക്ക് ചേക്കേറുമെന്നും സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. 

ലിവര്‍പൂളിന്റെ ഇതിഹാസതാരമായിരുന്ന മാനെ കഴിഞ്ഞ സീസണിലാണ് ബയേണിലെത്തിയത്. എന്നാല്‍ താരത്തിന് ജര്‍മന്‍ ലീഗില്‍ വേണ്ടത്ര തിളങ്ങാനായില്ല. സഹതാരങ്ങളുമായുള്ള പ്രശ്‌നങ്ങളും താരത്തിന്റെ ട്രാന്‍സ്ഫറിന് ആക്കംകൂട്ടി. 31 കാരനായ മാനെ കൂടി എത്തുന്നതോടെ സൗദി പ്രോ ലീഗിന്റെ തിളക്കം കൂടും. 

മാനെ അല്‍ നസ്‌റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം പന്തുതട്ടും. ലിവര്‍പൂളിനൊപ്പം ആറുസീസണില്‍ കളിച്ച താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കില. 2022-ല്‍ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. 

സെനഗല്‍ ദേശീയ ടീമിന്റെ നായകനായ മാനെ രാജ്യത്തിനായി 97 മത്സരങ്ങള്‍ കളിക്കുകയും 37 ഗോളുകള്‍ നേടുകയും ചെയ്തു. ലിവര്‍പൂളിനായി 196 മത്സരങ്ങള്‍ കളിച്ച മാനെ 196 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബയേണിനുവേണ്ടി ഇറങ്ങിയ മാനെ 25 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ മാത്രമാണ് നേടിയത്. 

മാനെ കൂടി വരുന്നതോടെ അല്‍ നസ്‌റിന്റെ ശക്തി വര്‍ധിക്കും. മാനെ, റൊണാള്‍ഡോ, സെകോ ഫൊഫാന, മാര്‍സെലോ ബ്രോസോവിച്ച്, അലക്‌സ് ടെല്ലസ് എന്നിവരടങ്ങുന്ന ശക്തമായ ടീമിനെയാണ് പുതിയ സീസണിനായി അല്‍ നസ്ര്‍ ഒരുക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീം പ്രോ ലീഗില്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.