2014-ല്‍ നിര്‍ഭാഗ്യംകൊണ്ട് കൈയകലത്തില്‍ നഷ്ടപ്പെട്ട ലോകകിരീടം മെസ്സിയും സംഘവും ഒടുവില്‍ സ്വന്തമാക്കിയത് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 2022-ലെ ഖത്തര്‍ ലോകകപ്പിലായിരുന്നു. ഡിസംബര്‍ 18-ന് ജയപരാജയങ്ങള്‍ മാറിമറിഞ്ഞ കലാശപ്പോരിനൊടുവില്‍ ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ മറികടക്കുമ്പോള്‍ മെസ്സിയും മെസ്സിക്കൊപ്പം കോടിക്കണക്കിന് വരുന്ന അര്‍ജന്റീന ആരാധകരും കണ്ണീരണിഞ്ഞു. എന്നാല്‍ ആ കിരീട വിജയത്തിലേക്കുള്ള തീ അര്‍ജന്റീന സംഘത്തിന് ലഭിക്കുന്നത് നവംബര്‍ 22-നായിരുന്നു. ലുസൈലില്‍ 2022 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോടേറ്റ തോല്‍വിയില്‍ നിന്ന്. 

To advertise here,

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് ഇന്നേക്ക് രണ്ടു വര്‍ഷം തികയുകയാണ്. ഫുട്‌ബോള്‍ ലോകം തന്നെ ഞെട്ടിപ്പോയ മത്സരങ്ങളിലൊന്ന്. 2019-ലെ കോപ്പ അമേരിക്ക സെമിയില്‍ ബ്രസീലിനോട് തോറ്റ ശേഷം തുടര്‍ച്ചയായ 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെ എത്തിയ മെസ്സിപ്പടയെയാണ് അന്ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി കീഴടക്കിയത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ഞെട്ടുന്ന തോല്‍വി. അന്ന് ലയണല്‍ മെസ്സി പത്താം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ ലീഡ് ചെയ്ത ശേഷമാണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്. 48-ാം മിനിറ്റില്‍ സലെ അല്‍ഷെഹ്‌രിയും 53-ാം മിനിറ്റില്‍ സലീം അല്‍ദൗസാരിയും നേടിയ ഗോളുകള്‍ മൈതാനത്ത് അക്ഷരാര്‍ഥത്തില്‍ അര്‍ജന്റീനയുടെ ചേര വീഴ്ത്തി.

അര്‍ജന്റീനയ്‌ക്കെതിരേ സൗദിയുടെ ആദ്യ ജയം കൂടിയായിരുന്നു അത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയവും. ഫേവറിറ്റുകളായി ഖത്തറിലെത്തിയ അര്‍ജന്റീനയെ ഞെട്ടിക്കുന്ന പ്രകടനമാണ് സൗദി അറേബ്യ അന്ന് പുറത്തെടുത്തത്.

ആ വിജയത്തിന്റെ പിറ്റേ ദിവസം സൗദിയില്‍ പൊതു അവധി പ്രഖ്യാപിച്ചു. അര്‍ജന്റീനയെ അട്ടിമറിച്ച സൗദി ടീം അംഗങ്ങള്‍ക്ക് കോടികള്‍ വില മതിക്കുന്ന റോള്‍സ് റോയിസ് ഫാന്റം കാറുകളാണ് സൗദി രാജാവ് വാഗ്ദാനം ചെയ്തത്.

എന്നാല്‍ കന്നിപ്പോരില്‍ സൗദിക്കു മുന്നില്‍ വീണ അര്‍ജന്റീന പിന്നീട് വര്‍ധിത വീര്യത്തോടെ കിരീടം എത്തിപ്പിടിക്കുന്നതിനാണ് പിന്നീട് ഫുട്‌ബോള്‍ ലോകം സാക്ഷിയായത്. ഗ്രൂപ്പിയെ അടുത്ത മത്സരങ്ങളില്‍ മെക്‌സിക്കോയേയും പോളണ്ടിനെയും കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ മെസ്സിയും സംഘവും പ്രീ ക്വാര്‍ട്ടറിലെത്തി. ഓസ്‌ട്രേലിയയെ കീഴടക്കി ക്വാര്‍ട്ടറിലേക്ക്, അവിടെ നെതര്‍ലന്‍ഡ്‌സിനെ ഷൂട്ടൗട്ടില്‍ മറികടന്ന് സെമിയില്‍. ലൂക്ക മോഡ്രിച്ചിനെയും സംഘത്തെയും എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തെറിഞ്ഞ് കലാശപ്പോരിന്. ലോകകപ്പുകളിലെ തന്നെ ഏറ്റവും സംഭവബഹുലമായ ഫൈനലില്‍ ഫ്രാന്‍സിനെ കീഴടക്കി മെസ്സിയും സംഘവും കപ്പുയര്‍ത്തുമ്പോള്‍ ഫുട്‌ബോള്‍ ലോകം ഒന്നിച്ച് ആന്ദാശ്രുക്കള്‍ പൊഴിക്കുകയായിരുന്നു.