കളിക്കളത്തിൽ നിലവിലെ പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല, ഭൂതകാലവും ചേർത്തുവെച്ചാലേ ചില മത്സരങ്ങൾ പൂർണമാകുകയുള്ളൂ. അങ്ങനെ ആ മത്സരങ്ങളെ വായിച്ചാൽ മാത്രമേ ആ വിജയത്തിന്റെ യഥാർഥ പൊരുളറിയാനാകൂ. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരേ അർജന്റീന നേടിയ ജയത്തിനും സമാനമായ പ്രത്യേകതയുണ്ട്. രണ്ട് ഫുട്ബോൾ ടീമുകളുടെ ഏറ്റുമുട്ടലിനപ്പുറം ഓരോ ഇംഗ്ലണ്ട്-അർജന്റീന പോരാട്ടവും ചരിത്രപരമായ അടയാളപ്പെടുത്തലാണ്. ലോകകപ്പിൽ അതിന് വാശിയും ആവേശവും കൂടും. മറഞ്ഞിരിക്കുന്ന വൈരത്തിന്റെയും അഭിമാനബോധത്തിന്റെയും ഓർമ്മപ്പെടുത്തലിലൂടെയാണ് ഇരുടീമിലെയും കളിക്കാർ മുഖാമുഖം വരുന്നത്. ആ പോരാട്ടത്തിലാണ് അർജന്റീന ജയിച്ചുകയറുന്നത്.
ദൈവത്തിന്റെ കൈ കണ്ട ഇംഗ്ലീഷുകാർ ദൈവത്തിന്റെ ഇടംകാലും കാണുമെന്ന സാൾട്ടന്റെ പ്രഖ്യാപനം അത് അടിവരയിടുന്നുമുണ്ട്. ഇപ്പോഴിതാ കളിക്കളത്തിലെ മറ്റൊരു സാന്നിധ്യമാണ് ചർച്ചായകുന്നത്. അർജന്റീനയുടെ ആദ്യപതിനൊന്നിൽ ഇടംപിടിച്ച മധ്യനിരതാരം ജൂലിയാനോ സിമിയോണിയുടേത്. സാക്ഷാൽ ഡീഗോ സിമിയോണിയുടെ മകൻ. കളിക്കളത്തിലെ തന്ത്രത്തിന്റെ ഭാഗമായി മാത്രമാണോ സിമിയോണിയെ കളിപ്പിച്ചതെന്ന് ആരാധകർ ചോദിക്കുന്നുമുണ്ട്. അതുവരെ അർജന്റീനയുടെ മധ്യനിരയിലെ നിറസാന്നിധ്യമായിരുന്ന റോഡ്രിഗോ ഡി പോളിനെ മാറ്റിയാണ് സിമിയോണി എത്തുന്നത്.
കളിക്കളത്തിലെ ടാക്ടിക്സ് എന്നതിനപ്പുറം ഒരോർമ്മപ്പെടുത്തലായി സിമിയോണിയെ കളത്തിലിറക്കി എന്ന വാദവും ഉയരുന്നുണ്ട്. കാരണം ഇംഗ്ലണ്ട്- അർജന്റീന ഏറ്റുമുട്ടലുകളുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരേട് ഡിഗോ സിമിയോണിയുമായി ബന്ധപ്പെട്ടുള്ളതാണ്. 1998 ലെ പ്രീക്വാർട്ടർ മത്സരമായിരുന്നു അത്. മത്സരത്തിൽ ഡീഗോ സിമിയോണിയെ ഫൗൾചെയ്തതിന് ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം ചുവപ്പുകാർഡുകണ്ട് പുറത്തുപോയിരുന്നു. ഏറെ വിവാദമായ സംഭവമായിരുന്നു ആ പുറത്തുപോകൽ. അത് അഭിനയമായിരുന്നെന്ന് പിന്നീട് സിമിയോണി തന്നെ തുറന്നുപറഞ്ഞിരുന്നു. മത്സരം നിശ്ചിതസമയത്ത് 2-2ന് തുല്യതയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിൽ 6-5ന് അർജന്റീന ജയിച്ചു. എന്നാൽ 2002 ൽ ബെക്കാം കണക്കുതീർത്തു. ഡേവിഡ് ബെക്കാമിന്റെ മധുരപ്രതികാരംകണ്ട മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരുഗോളിന് ജയിച്ചു. ബെക്കാമിന്റെ പെനാൽട്ടി ഗോളിലായിരുന്നു ജയം. ഇംഗ്ലീഷുകാർ ഹാൻഡ് ഓഫ് ഗോഡ് മറക്കാത്തതുപോലെ ഈ സംഭവും ഒരുകാലത്തും മറക്കാത്തതാണ്. ഈ ഓർമ്മപ്പെടുത്തൽ കൂടി നടത്താനാണ് സിമിയോണിയെ കളത്തിലിറക്കിയത് എന്ന് വാദിക്കുന്നവരുണ്ട്. കളത്തിൽ സിമിയോണിയുമായി ഇംഗ്ലീഷ് താരങ്ങൾ കോർക്കുന്നതും കാണാമായിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഇരുടീമുകളും ആദ്യമായി നേർക്കുനേർ വന്നപ്പോൾ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ 3-1നാണ് അർജന്റീനയെ തോൽപ്പിച്ചത്. റോൺ ഫ്‌ളവർ, ബോബി ചാൾട്ടൺ, ജിമ്മി ഗ്രീവ്‌സ് എന്നിവർ ഇംഗ്ലണ്ടിനായും ഹോസെ സാൻഫിലിപ്പോ അർജന്റീനയ്ക്കായും ഗോൾ നേടി. 1966 ക്വാർട്ടർ ഫൈനലിലും ജയം ഇംഗ്ലണ്ടിനായിരുന്നു. എതിരില്ലാത്ത ഒരുഗോളിനാണ് ജയം. ജെഫ് ഹോസ്റ്റ് വിജയഗോൾ നേടി. ലോകകപ്പ് ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന മത്സരമാണ് 1986 ലേത്. മാറഡോണയുടെ കൈകൊണ്ടുള്ള ഗോളും നൂറ്റാണ്ടിന്റെ ഗോളും കണ്ട മത്സരത്തിൽ 2-1ന് അർജന്റീന ജയിച്ചു. ഗാരി ലിനേക്കറാണ് ഇംഗ്ലണ്ടിനായി സ്‌കോർ ചെയ്തത്.
മാത്രമല്ല, എവേ ജേഴ്സി ധരിച്ചാൽ ഇംഗ്ലണ്ടിനെ വീഴ്ത്താമെന്ന വിശ്വാസവുമുണ്ടായിരുന്നു അർജന്റീനയ്ക്ക്. അതും ഫലിച്ചു. എവേ ജേഴ്സിയിൽ ഒരിക്കൽ കൂടി അർജന്റീന ഇംഗ്ലീഷ് പടയെ വീഴ്ത്തി. സെമിയിൽ ഇംഗ്ലണ്ടിനെതിരേ കളിക്കാനിറങ്ങുമ്പോൾ തങ്ങളുടെ ആകാശനീലയും വെള്ളയും കലർന്ന ജേഴ്‌സിക്ക് പകരം നേവി ബ്ലൂ നിറത്തിലുള്ള എവേ ജേഴ്സി ധരിക്കാൻ ഫിഫയോട് അനുവാദം ചോദിക്കുകയും ഫിഫ അനുമതി നൽകുകയും ചെയ്തു. കേവലം കാഴ്ചയിലെ ഭംഗിയേക്കാൾ ഉപരിയായി, ഒരു മാനസിക മുൻതൂക്കം നേടിയെടുക്കുക എന്നതായിരുന്നു ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.
1986-ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തിയപ്പോൾ അർജന്റീന അന്ന് ധരിച്ചിരുന്നത് ഈ നേവി ബ്ലൂ ജേഴ്സിയായിരുന്നു. ഡീഗോ മറഡോണയുടെ പ്രശസ്തമായ 'ദൈവത്തിന്റെ കൈ' ഗോളും 'നൂറ്റാണ്ടിന്റെ ഗോളും പിറന്നത് ഈ മത്സരത്തിലായിരുന്നു. മാത്രമല്ല 1998-ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) തോൽപ്പിച്ചപ്പോഴും അർജന്റീന ഇറങ്ങിയത് നേവി ബ്ലൂ ജേഴ്സി ധരിച്ചായിരുന്നു.
Content Highlights: Tactical inclusion of Giuliano Simeone as a psychological nod to 1998
Published: 16 Jul 2026, 06:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented