ബ്യൂണസ് ഐറിസ്: 2022 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. പാരഗ്വായ് ആണ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി പിരിഞ്ഞു. 

To advertise here,

21-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച എയ്ഞ്ചല്‍ റൊമേറോ പാരഗ്വായ്ക്ക് ലീഡ് സമ്മാനിച്ചു. ഒരു ഗോള്‍ വഴങ്ങിയതോടെ ആക്രമിച്ച് കളിച്ച അര്‍ജന്റീനയുടെ ശ്രമങ്ങള്‍ക്ക് 41-ാം മിനിട്ടില്‍ ഫലം വന്നു. ജിയോവാനി ലോ സെല്‍സോയുടെ കോര്‍ണര്‍ കിക്ക് മികച്ച ഒരു ഹെഡ്ഡറിലൂടെ നിക്കോളാസ് ഗോണ്‍സാലെസ് ഗോളാക്കി മാറ്റി അര്‍ജന്റീനയ്ക്ക് സമനിലയേകി. എന്നാല്‍ പിന്നീട് ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.

ഡിബാല, അഗ്യൂറോ തുടങ്ങിയ താരങ്ങള്‍ പരിക്കുമൂലം ഇറങ്ങാതിരുന്നത് അര്‍ജന്റീനയെ കാര്യമായി ബാധിച്ചു. നായകന്‍ മെസ്സിയ്ക്ക് വേണ്ട വിധത്തില്‍ തിളങ്ങാനുമായില്ല. സമനില വഴങ്ങിയിട്ടും മൂന്നു കളികളില്‍ നിന്നും ഏഴ് പോയന്റുകളുമായി അര്‍ജന്റീനയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ഇത്രയും കളികളില്‍ നിന്നും ഒരു വിജയം മാത്രമുള്ള പാരഗ്വായ് നാലാമതാണ്. 

ഇരുടീമുകള്‍ക്കും ചൊവ്വാഴ്ചയാണ് അടുത്ത മത്സരം. അര്‍ജന്റീന പെറുവിനെ നേരിടുമ്പോള്‍ പാരഗ്വായ്ക്ക് ബോളീവിയയാണ് എതിരാളികള്‍. 

Content Highlights: Argentina draw 1-1 with Paraguay in World Cup qualifier