കരാക്കസ് (വെനസ്വേല): അര്‍ജന്റീനയോട് തോറ്റ് പാരിസ് ഒളിമ്പിക്‌സ് യോഗ്യത നേടാനാവാതെ ബ്രസീല്‍ പുറത്ത്. എതിരില്ലാത്ത ഒരു ഗോള്‍ ജയത്തോടെ അര്‍ജന്റീന പാരിസ് ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. ലൂസിയാനോ ഗോണ്‍ഡുവോയുടെ ഗോള്‍വഴിയാണ് അര്‍ജന്റീന അണ്ടര്‍-23 ടീം വിജയപ്പടി കയറിയത്. യോഗ്യതയ്ക്ക് ഒരു സമനില മതിയെന്നിരിക്കെയാണ് ബ്രസീല്‍ തോറ്റ് പുറത്തായത്.
ബോക്‌സിന് പുറത്തുനിന്ന് സഹതാരം വാലെന്റിന്‍ ബാര്‍സോ നല്‍കിയ ക്രോസ് ഉയര്‍ന്നു ചാടി ഹെഡ് ചെയ്താണ് ഗോണ്‍ഡുവോ ഗോള്‍ നേടിയത്. മത്സരത്തിന്റെ 78-ാം മിനിറ്റിലെ ഈ ഗോളോടെ ഹാവിയര്‍ മഷറാനോയുടെ കുട്ടികള്‍ ഒളിമ്പിക്‌സ് യോഗ്യത കൈവരിക്കുകയായിരുന്നു. വെനസ്വേലയിലെ കരാക്കസിലെ ബ്രിജിഡോ ഇറിയാര്‍ട്ടെ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
2016-ലെ റിയോ ഒളിമ്പിക്‌സിലും 2020-ലെ ടോക്യോ ഒളിമ്പിക്‌സിലും ബ്രസീല്‍ പുരുഷ ഫുട്‌ബോള്‍ ടീമിനായിരുന്നു സ്വര്‍ണം. തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ടായിരുന്നു ബ്രസീലിന്റെ നീക്കമെങ്കിലും അര്‍ജന്റീന വഴിമുടക്കി. കഴിഞ്ഞ നാല് ഒളിമ്പിക്‌സുകളിലും ബ്രസീലിന് മെഡല്‍ നേട്ടമുണ്ട്. 2004-നുശേഷം ഒളിമ്പിക്‌സ് യോഗ്യത നേടാതെയുമിരുന്നിട്ടില്ല.
അതേസമയം 2004, 2008 ഒളിമ്പിക്‌സുകളിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ അര്‍ജന്റീന, ഗ്രൂപ്പില്‍ അഞ്ച് പോയിന്റ് നേടിയാണ് പാരീസിലേക്ക് യോഗ്യത നേടിയത്. മൂന്ന് കളികളില്‍നിന്നാണ് ഈ നേട്ടം. ബ്രസീലിന് മൂന്ന് പോയിന്റ്. ഫൈനല്‍ ഗ്രൂപ്പില്‍നിന്ന് രണ്ട് ടീമുകള്‍ക്കാണ് ഒളിമ്പിക്‌സ് യോഗ്യത കിട്ടുക. വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച പരഗ്വായാണ് യോഗ്യത നേടിയ രണ്ടാമത്തെ ടീം.
Content Highlights: argentina beats brazil secured paris olympics qulify match
Published: 12 Feb 2024, 11:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented