ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന ചെല്‍സി-ടോട്ടനം ഹോട്‌സ്പര്‍ മത്സരത്തിനു ശേഷം മൈതാനത്ത് ഏറ്റുമുട്ടി ഇരു ടീമുകളുടെയും പരിശീലകര്‍. ചെല്‍സി 2-1ന് മുന്നില്‍ നില്‍ക്കുന്ന സമയത്ത്, മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹാരി കെയ്ന്‍ നേടിയ ഗോളില്‍ ടോട്ടനം സമനില (2-2) പിടിച്ചിരുന്നു. മത്സരം അവസാനിച്ചതിനു പിന്നാലെ പരസ്പരം കൈകൊടുക്കുന്നതിനിടെയാണ് ചെല്‍സി പരിശീലകര്‍ തോമസ് ടുകെലും ടോട്ടനം പരിശീലകന്‍ അന്റോണിയോ കോണ്ടെയും പരസ്പരം പോരടിച്ചത്. ഇരുവര്‍ക്കും നേരെ റഫറി ചുവപ്പു കാര്‍ഡുയര്‍ത്തുകയും ചെയ്തു.

To advertise here,

മത്സരത്തിന്റെ 19-ാം മിനിറ്റില്‍ കാലിഡു കുലിബാലിയുടെ ഗോളില്‍ ചെല്‍സി മുന്നിലെത്തിയിരുന്നു. എന്നാല്‍ 68-ാം മിനിറ്റില്‍ എമില്‍ ഹോജ്‌ബെര്‍ഗിലൂടെ ടോട്ടനം സമനില പിടിച്ചതിനു പിന്നാലെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഗോള്‍ മടക്കിയതിനു പിന്നാലെ ടോട്ടനം പരിശീലകന്‍ കോണ്ടെ, ഡഗ്ഔട്ടില്‍ ടുകെലിനു മുന്നില്‍ ആഘോഷവുമായെത്തി. ഇത് ചെറിയ തോതില്‍ കയ്യാങ്കളിയിലേക്ക് നീണ്ടു. റഫറി ഇരുവര്‍ക്കും അപ്പോള്‍ മഞ്ഞക്കാര്‍ഡ് കാണിച്ചു. ഈ ഗോളിന് മുമ്പ് ചെല്‍സി താരം കായ് ഹാവെര്‍ട്‌സിനെ ടോട്ടനം താരം റോഡ്രിഗോ ഫൗള്‍ ചെയ്‌തെന്ന പരാതിയും ചെല്‍സി ടീം ഉയര്‍ത്തി. എന്നാല്‍ വാര്‍ പരിശോധിച്ചിട്ടും ഇക്കാര്യം കണക്കിലെടുക്കാതിരുന്നതോടെ ടോട്ടനത്തിന് ഗോള്‍ അനുവദിക്കപ്പെട്ടു.

എന്നാല്‍ 77-ാം മിനിറ്റില്‍ റീസ് ടോപ്‌ലിയുടെ ഗോളില്‍ ചെല്‍സി ലീഡെടുത്തതോടെ ടുകെല്‍ ഈ ഗോള്‍ വലിയ ആഘോഷമാക്കി. എന്നാല്‍ ചെല്‍സി വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇവാന്‍ പെരിസിച്ചെടുത്ത കോര്‍ണര്‍ വലയിലെത്തിച്ച് കെയ്ന്‍ ടോട്ടനത്തിന് സമനില സമ്മാനിച്ചത്.

മത്സരം അവസാനിച്ചതിനു പിന്നാലെ പരസ്പരം കൈകൊടുക്കുന്നതിനിടെ തന്റെ മുഖത്ത് നോക്കാതെ കടന്നുപോയ കോണ്ടെയോട് മുഖത്ത് നോക്കണമെന്ന് പറഞ്ഞാണ് ടുകെല്‍ തട്ടിക്കയറിയത്. പിന്നാലെ ഇരുവരും വാക്കേറ്റമായി. ഒടുവില്‍ ഇരു ടീമിലെയും താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. പിന്നാലെ റഫറി ഇരുവര്‍ക്കും ചുവപ്പുകാര്‍ഡ് നല്‍കുകയും ചെയ്തു.