ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ബ്രസീൽ ടീമിലെ പെനാൽറ്റി തീരുമാനത്തിൽ വിശദീകരണവുമായി പരിശീലകൻ കാർലോ ആഞ്ചലോട്ടി. ടീമിന്റെ മൂന്നാമത്തെ പെനാൽറ്റി ടേക്കറായിരുന്നു ബ്രൂണോ ഗ്വിമറെഷെന്ന് ആഞ്ചലോട്ടി അറിയിച്ചു. നിർണായകമായ ആ പെനാൽറ്റി സമയത്ത് നെയ്മറും റാഫിഞ്ഞയും മൈതാനത്തില്ലാതിരുന്നതാണ് ഗ്വിമറെഷിന് അവസരം ലഭിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

മത്സരത്തിന്റെ ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ലീഡെടുക്കാനുള്ള സുവർണാവസരം കൈവന്നിരുന്നു. റയൽ മാഡ്രിഡിനായി പെനാൽറ്റികളെടുത്ത് പരിചയമുള്ള വിനീഷ്യസ് ജൂനിയർ ആ സമയത്ത് കളത്തിലുണ്ടായിരുന്നതിനാൽ അദ്ദേഹം കിക്കെടുക്കുമെന്നാണ് മിക്കവരും പ്രതീക്ഷിച്ചത്. എന്നാൽ ഉത്തരവാദിത്വമേറ്റെടുത്ത ബ്രൂണോ ഗ്വിമറെഷിന്റെ ഷോട്ട് നോർവെ ഗോൾകീപ്പർ ഒർജൻ നൈലൻഡ് മികച്ചൊരു സേവിലൂടെ തട്ടിയകറ്റി. ഈ പെനാൽറ്റി നഷ്ടം ബ്രസീലിന് വലിയ തിരിച്ചടിയായി. രണ്ടാം പകുതിയിൽ എർലിങ് ഹാലൻഡ് നേടിയ ഇരട്ട ഗോളുകളിലൂടെ നോർവേ മത്സരത്തിൽ പിടിമുറുക്കി. ഇൻജുറി ടൈമിൽ നെയ്മർ നേടിയ പെനാൽറ്റി ഗോളായിരുന്നു മത്സരത്തിലെ ബ്രസീലിന്റെ ഏക ഗോൾ.

പെനാൽറ്റി എടുക്കുന്ന കളിക്കാരുടെ മുൻഗണനാ ക്രമത്തെക്കുറിച്ച് മത്സരശേഷം ആഞ്ചലോട്ടി വ്യക്തമാക്കി. നെയ്മറാണ് ടീമിന്റെ ഒന്നാമത്തെ പെനാൽറ്റി ടേക്കറെന്നും റാഫിഞ്ഞയാണ് രണ്ടാമതെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഇരുവരും കളത്തിലില്ലാതിരുന്നതിനാലാണ് ബ്രൂണോയ്ക്ക് അവസരം നൽകിയത്. പരിശീലനത്തിൽ ബ്രൂണോ മികച്ച പ്രകടനം പുറത്തെടുത്തിരുന്നതായും അദ്ദേഹത്തിൽ പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും ആഞ്ചലോട്ടി കൂട്ടിച്ചേർത്തു.