ന്യൂയോർക്ക്: പുത്തൻ സാങ്കേതിക വിദ്യകൾ കൂട്ടിച്ചേർത്ത് വിപുലീകരിച്ച വാർ സംവിധാനമാണ് 2026 ലോകകപ്പിൽ ഫിഫ ആവിഷ്‌കരിച്ചിരിക്കുന്നത്. മനുഷ്യസഹജമായ നോട്ടപ്പിഴവുകൾ കൊണ്ട് റഫറിമാർക്ക് സംഭവിക്കുന്ന ചെറിയ തെറ്റുകൾപോലും തിരുത്താൻ വാർ സംവിധാനത്തിന് സാധിക്കുന്നുണ്ട്. പലപ്പോഴും മത്സരത്തിന്റെ ഗതി നിർണയിക്കുന്ന സുപ്രധാന നിമിഷങ്ങളിലാകും തെറ്റായ തീരുമാനങ്ങൾ വന്നിട്ടുണ്ടാകുക. ഇന്ന് നടന്ന ടൂണീഷ്യ-സ്വീഡൻ മത്സരത്തിലും അത്തരമൊരു നാടകീയമായ നിമിഷം വന്നുചേർന്നു. മത്സരത്തിൽ ഒന്നിനെതിരെ അഞ്ചുഗോൾക്ക് തകർത്ത് സ്വീഡൻ ലോകകപ്പിലേക്കുള്ള വരവറിയിച്ചിട്ടുണ്ട്.
ക്രിക്കറ്റിലെ ഒരു സാങ്കേതിക വിദ്യയാണ് സ്വീഡന് തങ്ങളുടെ നാലാമത്തെ ഗോൾ അനുവദിച്ച് കിട്ടാൻ സഹായകരമായത്. സ്വീഡിഷ് താരം മാതിയാസ് സ്വാൻബെർഗ് സബ്സ്റ്റിറ്റിയൂട്ട് ആയി എത്തി 18-ാം സെക്കൻഡിൽ ഗോൾ നേടി സഹതാരങ്ങൾക്കൊപ്പം ആഘോഷം തുടങ്ങി. എന്നാൽ അസിസ്റ്റന്റ് റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ ആഘോഷം പെട്ടെന്ന് തന്നെ നിലച്ചു.
സ്വീഡിഷ് കളിക്കാരും പരിശീലക സംഘവും ഉടൻ തന്നെ അസിസ്റ്റന്റ് റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു. ഓഫ്‌സൈഡിലായിരുന്ന മാതിയാസ് സ്വാൻബെർഗിന്റെ കാലിലേക്ക് പന്തെത്തുന്നതിന് മുമ്പ് അലക്‌സാണ്ടർ ഇസക്കിന്റെ കാലിൽ സ്പർശിച്ചിട്ടുണ്ടെന്നായിരുന്നു സ്വീഡന്റെ വാദം. ഇതോടെ തീരുമാനം വീഡിയോ അസിസ്റ്റന്റ് റഫറി (VAR) യിലേക്ക് നീങ്ങി.
ഈ ഘട്ടത്തിലാണ് സ്പർശനങ്ങൾ വളരെ സൂക്ഷമമായി പരിശോധിക്കുന്ന ക്രിക്കറ്റിലെ സാങ്കേതിക വിദ്യ ഇവിടെ സ്വീഡനെ തുണച്ചെത്തിയത്. ക്രിക്കറ്റിൽ വിക്കറ്റുകൾ പരിശോധിക്കുന്നതിന് നിർണായകമാകുന്ന 'സ്‌നിക്കോ' സാങ്കേതികവിദ്യയാണ് ഇവിടെ വിധിനിർണ്ണയിച്ചത്. പരിശോധനയിൽ അലക്‌സാണ്ടർ ഇസക്കിന്റെ കാലിൽ പന്തിന്റെ നേരിയ സ്പർശം കണ്ടെത്താനായി. പിന്നാലെ സ്വീഡന് നാലാമത്തെ ഗോൾ അനുവദിച്ച് കിട്ടുകയും ചെയ്തു. ഇതോടെ മാതിയാസ് സ്വാൻബെർഗ് വീണ്ടും ആഘോഷം നടത്തി. കളത്തിലിറങ്ങി 18 സെക്കൻഡ് കൊണ്ട് ഗോൾ നേടിയ മാതിയാസിന് ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ പകരക്കാരനായി ഇറങ്ങി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും സ്വന്തമാക്കാനായി.
Content Highlights: Introduction of advanced VAR technology in the 2026 FIFA World Cup., Cricket's 'Snicko' technology used to verify a crucial goal touch., Sweden defeated Tunisia 5-1 in a dramatic match.
Published: 15 Jun 2026, 05:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented