
യൂജിന്‍: ഇതിഹാസതാരങ്ങളായ മില്‍ഖ സിങ്ങിനും പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനുമെല്ലാം അവസാനനിമിഷം കാലിടറിയ ഒളിമ്പിക്‌സിന്റെ ആ മഹത്തായ പോരാട്ടഭൂമിയില്‍ 2021 ഓഗസ്റ്റ് ഏഴിനാണ് 23-കാരനായിരുന്ന നീരജ് ചോപ്ര ഇന്ത്യയുടെ ത്രിവര്‍ണപതാക ഉയര്‍ത്തിക്കെട്ടിയത്. മാസങ്ങള്‍ക്കിപ്പുറം യുഎസിലെ യൂജിനില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മറ്റൊരു 19 വര്‍ഷത്തെ കാത്തിരിപ്പിനു കൂടി നീരജ് അറുതി വരുത്തിയിരിക്കുകയാണ്.
2003 പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടി വെങ്കലം നേടിയ മലയാളിയായ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക അത്ലറ്റിക്‌സില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് നീരജിന്റെ ജാവലിനിലൂടെ രാജ്യത്തിന് സ്വന്തമായിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്‌ലെച്ച്, ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ എന്നിവരുടെ കടുത്ത മത്സരം മറികടന്നാണ് നീരജ് യൂജിനില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ മാറോടണച്ചത്. 2022 ജൂലായ് 24 എന്ന തീയതി കൂടി അങ്ങനെ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ കായിക ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു. ആറ് ശ്രമങ്ങളില്‍ മൂന്നും ഫൗളായി. നാലാം ശ്രമമത്തിലാണ് വെള്ളി മെഡലിന്റെ ദൂരം കുറിക്കപ്പെട്ടത്. 88.13 മീറ്റര്‍
2017 ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനാകാതെ പോയ നീരജിന് 2019-ല്‍ ദോഹയില്‍ പരിക്ക് കാരണം പങ്കെടുക്കാനും സാധിച്ചിരുന്നില്ല. ആ നിരാശയെല്ലാം പക്ഷേ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം യൂജിനില്‍ തന്റെ നാലാം ശ്രമത്തില്‍ മറികടന്നു. ഇതോടെ ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡലുകള്‍ക്കൊപ്പം നീരജിന്റെ അക്കൗണ്ടില്‍ ഒരു ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി കൂടിയായി. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 2018 ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലുമായിരുന്നു താരത്തിന്റെ സ്വര്‍ണ നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിനില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സൗത്ത് ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്.
ഫൈനലില്‍ ആദ്യ ശ്രമം തന്നെ ഫൗളായത് നീരജിനും ഇന്ത്യയ്ക്കും ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍ കണ്ടെത്തിയ നീരജ് ആത്മവിശ്വാസം വീണ്ടെടുത്തു. അപ്പോഴേക്കും ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് 90 മീറ്റര്‍ കടമ്പ പിന്നിട്ടിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്‌ലെച്ചും മികച്ച ദൂരം കണ്ടെത്തി മുന്നിലുണ്ടായിരുന്നു. മൂന്നാം ശ്രമത്തില്‍ 86.37 മീറ്ററിലേക്ക് ജാവലിന്‍ പായിച്ച നീരജ്, തന്റെ നാലാം ശ്രമത്തില്‍ എല്ലാ ശക്തിയും സമന്വയിപ്പിച്ച് 88.13 മീറ്റര്‍ എറിഞ്ഞ് നാലാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് അപ്പോഴേക്കും സ്വര്‍ണം ഉറപ്പാക്കിയിരുന്നു. ജാക്കൂബ് വാദ്‌ലെച്ചിനും ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറിനും 88.13 മീറ്റര്‍ കടമ്പ താണ്ടാന്‍ സാധിക്കാതിരുന്നതോടെ നീരജിന് വെള്ളി.
ചരിത്രമുറങ്ങുന്ന ഹരിയാണയിലെ പാനിപ്പത്തില്‍നിന്ന് കുതിച്ചു തുടങ്ങിയ നീരജ് ചോപ്രയുടെ ജാവലിന്‍ ചണ്ഡീഗഢും പട്യാലയും ഒട്ടേറെ വിദേശരാജ്യങ്ങളും പിന്നിട്ട് ഒളിമ്പിക് സ്വര്‍ണമായി മാറിയത് കഴിഞ്ഞ വര്‍ഷമാണ്. ആ ജാവലിന്‍ ഇപ്പോഴിതാ അമേരിക്കയിലെ യൂജിനിലും പറന്ന് വെള്ളിത്തിളക്കത്തോടെ പറന്നിറങ്ങിയിരിക്കുകയാണ്.
Content Highlights: World Athletics Championships 2022 neeraj chopra ends india s 19 years wait
Published: 24 Jul 2022, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented