
സച്ചിന് ദൈവമാണോയെന്ന ചോദ്യത്തിന് നിങ്ങളുടെ നാട്ടില്‍ ഏറ്റവും വിശ്വാസികളുള്ള മതം ക്രിക്കറ്റാണല്ലോയെന്ന മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ മറുപടി ഓര്‍മയിലുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന പ്രാധാന്യത്തിലും പ്രോല്‍സാഹനത്തിലും സ്റ്റീവിന് അല്‍പം അസൂയയുണ്ടെന്ന് തോന്നിയിരുന്നു. സ്റ്റീവ് പറഞ്ഞതില്‍ അതിശയോക്തി ഉണ്ടാവാമെങ്കിലും ലോകത്തെ മറ്റൊരു രാജ്യത്തും ജനസംഖ്യയുടെ സിംഹഭാഗവും ഏതെങ്കിലും ഒരു പ്രത്യേക കായിക ഇനത്തോട് ഇത്രയ്ക്ക് അഭിനിവേശം പുലര്‍ത്തുന്നുണ്ടാവില്ല.
ലോകകപ്പ് നേട്ടങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ജനതയ്ക്ക് മതിമറന്ന് ആഘോഷിക്കാന്‍ പോന്ന വിജയങ്ങള്‍ ചെറിയ ഇടവേളകളില്‍ ദേശീയ ക്രിക്കറ്റ് ടീം ആരാധകര്‍ക്ക് സമ്മാനിക്കുന്നുമുണ്ട്. മാത്രമല്ല പൊതുവെ വ്യക്ത്യാരാധനയില്‍ തല്‍പരരായ ഇന്ത്യക്കാര്‍ക്ക് എക്കാലവും തലയിലേറ്റാന്‍ പോന്ന ക്രിക്കറ്റ് താരങ്ങള്‍ പ്രത്യേകിച്ചും ബാറ്റര്‍മാര്‍ അതാത് കാലത്ത് ഉയര്‍ന്നുവരികയും ചെയ്യുന്നു. എഴുപതുകളിലും എണ്‍പതുകളിലും അത് സുനില്‍ ഗാവസ്‌കറായിരുന്നു. ഗാവസ്‌കര്‍ കളമൊഴിഞ്ഞ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം സച്ചിന്‍ തെണ്ടുല്‍ക്കറെത്തി. സച്ചിനുശേഷം ആരെന്ന ചോദ്യമുയരുമ്പോള്‍, അദ്ദേഹം രംഗം വിടുന്നതിന് മുമ്പെ തന്നെ വിരാട് കോലി ഉയര്‍ന്നുവന്നു.

പരമോന്നത ദേശീയ പുരസ്‌ക്കാരമായ ഭാരത്രത്നയ്ക്ക് അര്‍ഹനായ ഒരേയൊരു കായികതാരമായ സച്ചിന്റെ പ്രധാന ലോക റെക്കോഡുകള്‍ ഒരിക്കലും തകര്‍ക്കപ്പെടില്ല എന്ന വിശ്വാസത്തെ പോലും അട്ടിമറിച്ച് മുന്നോട്ടുപോവുന്ന വിരാട് കോലി പുതിയ കാല ഇന്ത്യന്‍ യുവത്വത്തിന് ശരിയായ മാതൃകയാണെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ ഇതിഹാസവും ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് ഏക്കാലത്തേയും മികച്ച ബാറ്റര്‍മാര്‍ എന്നതായിരുന്നു ക്രിക്കറ്റ് പണ്ഡിറ്റുകളുടെ പൊതുവായ വിലയിരുത്തല്‍. എംടി വാസുദേവന്‍ നായര്‍ വൈക്കം മുഹമദ് ബഷീറിനെ വിളിച്ചിരുന്നതു പോലെ ഗുരുവെന്ന് സച്ചിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നു വിരാട്. ഗുരുവിന്റെ ഏകദിന ക്രിക്കറ്റിലെ റെക്കോഡുകള്‍ക്ക് തന്നെയാണ് വിരാട് ഭീഷണി ഉയര്‍ത്തുന്നതെന്നതാണ്് രസകരമായ യാഥാര്‍ഥ്യം. സച്ചിന്റെ പാധാന നാലു ലോക റെക്കോഡുകളില്‍ ഒന്നായിരുന്നു അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം സെഞ്ചുറിയെന്നത്. 49 സെഞ്ചുറിയെന്ന സച്ചിന്റെ ആ നേട്ടത്തേക്കാള്‍ കോലി രണ്ടുപടി മുന്നോട്ടുപോയി കഴിഞ്ഞു. 463 ഏകദിന മല്‍സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 49 സെഞ്ചുറി നേടിയതെങ്കില്‍ വിരാട് കോലി 51-ാമത്തെ സെഞ്ചുറി നേടിയ കഴിഞ്ഞ ദിവസത്തെ പാകിസ്താനെരിതായ ചാമ്പ്യന്‍സ് ട്രോഫിയിലെ മല്‍സരം അയാളുടെ 299-ാമത്തെ മാത്രമായിരുന്നു!

സച്ചിനും കോലിയും അടിമുടി വ്യത്യസ്തരായ വ്യക്തികളും ക്രിക്കറ്റര്‍മാരുമാണ്. തികഞ്ഞ മാന്യന്‍ എന്ന പരിവേഷത്തിന് ഉടമയായിരുന്ന സച്ചിന്‍ പൊതുവേ ഇന്ത്യയില്‍ വിമര്‍ശനാതീതനുമായിരുന്നു. മറിച്ച് പൊതുയിടങ്ങളിലും ഗ്രൗണ്ടിലും നിലപാടുകളിലും അല്‍പം റിബല്‍ സ്വഭാവം പ്രകടമാക്കുന്ന വിരാടിന് നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്നു. ബോളിവുഡിലെ മുന്‍നിര താരമായ അനുഷ്‌ക്ക ശര്‍മയുമായുള്ള വിവാഹവും ആര്‍ഭാടമെന്ന് വിലയിരുത്തപ്പെടുന്ന ജീവിതശൈലിയുമെല്ലാം നിരന്തരം മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുകയും ക്രിക്കറ്റ് ആരാധകരില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനത്തിന് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ തന്റെ ജോലിയില്‍ മുഴുകി മുന്നോട്ടു പോവുകയുമാണ് വിരാട് ചെയ്തത്. തന്റെ വ്യക്തിജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന സ്വാതന്ത്ര്യപ്രഖ്യാപനവും അയാളുടെ സമീപനത്തില്‍ പ്രകടമാണ്. അതുകൊണ്ടു കൂടിയാണ് പുതിയ ഇന്ത്യന്‍ യുവത്വത്തിന്റെ ശരിയായ മാതൃകയായി കോലി മാറുന്നത്.
സച്ചിന്റേയും കോലിയുടേയും ബാറ്റിങ് ശൈലികള്‍ തരാതമ്യം ചെയ്യുമ്പോള്‍ രണ്ടു പേരും സാങ്കേതിക മികവുള്ള ബാറ്റര്‍മാരാണെന്നു കാണാം. ക്രിക്കറ്റിന്റെ ബാലപാഠങ്ങളില്‍ ഊന്നിയുള്ള കോപ്പിബൂക്ക് ശൈലി പുതു തലമുറയിലെ ബാറ്റര്‍മാരില്‍ വിരളമാണ്. വിരാടിനെ സമകാലികരും പിന്‍ഗാമികളുമായ ബാറ്റര്‍മാരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും അതുതന്നെ. മികച്ച റിഫ്ളക്ഷനും (പന്തിനോട് പെട്ടെന്ന് പ്രതികരിക്കാനുള്ള ശേഷി) കാഴ്ച്ചശക്തിയും കൈമുതലാവുന്ന യൗവ്വനത്തിന്റെ തുടക്കത്തില്‍ സാങ്കേതിക മികവില്ലെങ്കിലും റണ്ണടിച്ചു കൂട്ടാന്‍ ബാറ്റര്‍മാര്‍ക്ക് കഴിയും. പക്ഷേ, സ്വാഭാവികമായ ഈ ശാരീരികശേഷികള്‍ കുറഞ്ഞു വരുന്ന ഘട്ടത്തില്‍ മികച്ച പ്രകടനം സാധ്യമാവണമെങ്കില്‍ പരമ്പരാഗത ബാലപാഠങ്ങളില്‍ ഊന്നിയുള്ള സാങ്കേതിക മികവ് വേണം. 37-ാം വയസ്സില്‍ 51-ാമത്തെ ഏകദിന സെഞ്ചുറി നേടാന്‍ വിരാടിനെ പ്രാപ്തനാക്കുന്ന ഘടകം അതാണ്.

ഡിഫന്‍സീവായി കളിക്കുന്ന കാര്യത്തില്‍ സച്ചിനടുത്ത് വിരാടെത്തില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്റെ റെക്കോഡുകള്‍ക്ക് ഭീഷണിയുയര്‍ത്താന്‍ കഴിയാതെ പോവുന്നത് അതുകൊണ്ടാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്ട്രോക്ക് എന്നത് ഫോര്‍വഡ് ഇന്‍ ഡിഫന്‍സാണെന്ന് പാതി തമാശയായി പറയുന്നത് സച്ചിന്റെ കാര്യത്തില്‍ വാസ്തവമാണ്. സച്ചിന്റെ ട്രേഡ്മാര്‍ക്കാണ് കണിശതയുള്ള സ്‌ട്രെയിറ്റ് ഡ്രൈവ്. കോലിക്കത് കവര്‍ ഡ്രൈവാണ്. കോപ്പിബുക്ക് ഷോട്ടുകളുടെ വൈവിധ്യത്തിന്റെ കാര്യത്തില്‍ സച്ചിനോളം മികവ് മറ്റാര്‍ക്കുമില്ല. ക്രിക്കറ്റില്‍ നിര്‍വചിച്ചിരിക്കുന്ന സകല ഷോട്ടുകളും അതിന്റെ പരിപൂര്‍ണ സൗന്ദര്യത്തോടെ കളിക്കാന്‍ സച്ചിന് കഴിഞ്ഞിരുന്നു. പക്ഷേ, ക്രോസ് ബാറ്റ് ഷോട്ടുകള്‍ കളിക്കുന്നതില്‍ മുന്‍തൂക്കം വിരാടിനാണ്. മൊഹിന്ദര്‍ അമര്‍നാഥിനുശേഷം ക്രോസ്ബാറ്റ് ഷോട്ടുകള്‍ കളിക്കുന്നതില്‍ കൂടുതല്‍ വൈഭവം കാണിച്ച ഇന്ത്യന്‍ ബാറ്റര്‍ വിരാടാവും. പുതിയ കാലത്തെ ക്രിക്കറ്റിന് യോജിച്ച വിധം കുറേകൂടി ക്രിയാതമകവും ആക്രമണോല്‍സുകവുമായ ബാറ്റിങ്ശൈലിയാണിത്.

ഒരു സ്‌കോര്‍ പിന്തുടരുന്ന സമയത്ത് ഇന്നിങ്സ് നന്നായി പ്ലാന്‍ ചെയ്ത് ലക്ഷ്യത്തിലേക്കെത്താനുള്ള കഴിവ് കോലിക്കുണ്ട്. കഴിഞ്ഞ ദിവസം പാകിസ്താനെതിരായ മത്സരത്തില്‍ പൊതുവേ വേഗം കുറഞ്ഞ വിക്കറ്റില്‍ ക്ഷമയോടെ കളിച്ച് വിജയത്തിലെത്തിച്ച ഇന്നിങ്സ്് ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്. ആവശ്യമെന്നു കണ്ടാല്‍ നിലയുറപ്പിക്കാന്‍ ഏറെ പന്തുകള്‍ കളിക്കാതെ ക്രീസിലെത്തിയ ഉടന്‍ ഷോട്ടകളുതിര്‍ത്ത് സ്‌കോറിങ്ങിന് വേഗം കൂട്ടി എതിരാളികളുടെ പദ്ധതി ആകെ തകര്‍ത്തുകളയും. വിരാട് വലിയ സ്‌കോര്‍ നേടുന്ന ഘട്ടത്തില്‍ ഇന്ത്യയുടെ വിജയസാധ്യത പൊതുവെ ഉയര്‍ന്നതാണ്. ഇക്കാര്യത്തില്‍ സാദൃശ്യം യുവരാജ് സിങ്ങിനോടാണ്. യുവരാജിന്റേയും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടേയും ചില ഗുണങ്ങള്‍ കോലിയില്‍ ഉള്‍ചേര്‍ന്നതായി തോന്നാറുണ്ട്.
ഇനി കോലി എവിടെ വരെ പോവകുമെന്ന ചിന്തയും പ്രസക്തമാണ്. ശരിയായ രീതിയില്‍ പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ടെസ്റ്റിലും ഏകദിനത്തിലും ഇനിയൊരു മൂന്നു വര്‍ഷം കൂടി കളിക്കാനുള്ള ആര്‍ജവം ബാക്കിയുണ്ട്. ഏകദിന ക്രിക്കറ്റില്‍ 24 വര്‍ഷം നീണ്ട ദീര്‍ഘമായ കരിയറിനിടെ സച്ചിന്‍ 18426 റണ്‍സാണ് നേടിയത്. കോലിയിപ്പോള്‍ പതിനേഴ് വര്‍ഷം കൊണ്ട് നേടിക്കഴിഞ്ഞത് 14085 റണ്‍സാണ്. എന്നാല്‍ ബാറ്ററുടെ മികവിന്റെ യഥാര്‍ത്ഥ ഉരകല്ലെന്ന് വിശേഷിപ്പിക്കാവുന്ന ബാറ്റിങ് ശരാശരിയില്‍ കോലി ഏറെ മുന്നിലാണ്. സച്ചിന്റേത് 44.83 ആണെങ്കില്‍ കോലിയുടേത് 58.20 ആണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍, ടെസ്റ്റ്, ഏകദിനം. ടി20 എന്നിങ്ങനെ മൂന്നു ഫോര്‍മാറ്റിലും കൂടി 34357 റണ്‍സും നൂറ് സെഞ്ചുറിയുമാണ് സച്ചിന്റെ സമ്പാദ്യം. കോലിയുടേത് ഇതുവരെ 27503 റണ്‍സും 82 സെഞ്ചുറികളുമാണ്. ശിഷ്യന്‍ ഏതൊക്കെ കാര്യത്തില്‍ ഗുരുവിനെ മറികടക്കും? കാത്തിരുന്ന് കാണാം. കളിയുടെ പൊതുവായ ശൈലിയും രീതികളും മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരുകാര്യം മിക്കവാറും ഉറപ്പാണ്, ക്രിക്കറ്റിലെ അവസാനത്തെ ഇതിഹാസതുല്യനായ താരം (ലെജന്റ്) ആണ് വിരാട് കോലി.
Content Highlights: Virat Kohli Sachin Tendulkar Cricket Legend Cricket Records Batting Average ODI Centuries Test
Published: 25 Feb 2025, 02:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented