
'നിങ്ങള്‍ ഒരു ജേതാവാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനുള്ള അടങ്ങാത്ത ആഗ്രഹം നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം. ലോകത്തെ ഏറ്റവും മികച്ച പരിശീലകരും ഏറ്റവും മികച്ച ഉപകരണങ്ങളും സ്വന്തമായിട്ടുണ്ടെങ്കിലും ജേതാവാകണമെന്നുള്ള ആ തീ ഉള്ളിലില്ലെങ്കില്‍ നിങ്ങളൊരിക്കലും ലക്ഷ്യം നേടാന്‍ പോകുന്നില്ല. എന്നാല്‍ മികച്ച പരിശീലകന്‍, ഉപകരണങ്ങള്‍ തുടങ്ങിയ ആഡംബരങ്ങവളൊന്നുമില്ലെങ്കിലും ധൈര്യവും കീഴടങ്ങാത്ത ഒരു ഹൃദയവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലക്ഷ്യം നേടാനാകും'- ക്രിസ് എവര്‍ട്ട്
1970-കളുടെ തുടക്കം. അന്നുവരെ വനിതാ ടെന്നീസ് അടക്കി ഭരിച്ചിരുന്നത് എന്തിനും പോരുന്ന സ്ത്രീകളായിരുന്നു. കളിക്കളത്തിലെ പ്രകടനത്തിനൊപ്പം വനിതാ താരങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കും തുല്യവേതനത്തിനുമൊക്ക അധികാരികളോട് നിരന്തരം പോരാടിയിരുന്ന ബില്ലി ജീന്‍ കിങിന്റെയും സംഘത്തിന്റെയും കാലം. അവരുടെയിടയിലേക്കാണ് ക്രീസ്റ്റീന്‍ മേരി എവര്‍ട്ടെന്ന ടീനേജുകാരിയുടെ വരവ്. സൗന്ദര്യവും പോരാട്ടമികവും കൊണ്ട് അവര്‍ അമേരിക്കക്കാരുടെ മാത്രമല്ല ലോകം മുഴുവനുമുള്ള കായിക പ്രേമികളുടെ ഓമനയായി മാറി. അവരുടെ പ്രിയപ്പെട്ട 'ക്രിസി മിസി'യും 'ക്രിസി ഡാര്‍ലിങു'മൊക്കെയായി. ക്രിസിക്ക് പിന്നാലെ മര്‍ട്ടീന നവരത്ലോവയെന്ന പോരാളിയും കൂടിയെത്തിയതോടെ വനിതാ ടെന്നീസ് മുമ്പെങ്ങും കാണാത്ത പ്രശസ്തിയിലേക്കുയര്‍ന്നു. കടുത്ത പോരാട്ടങ്ങള്‍ കാഴ്ചവയ്ക്കുമ്പോഴും കായിക ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരുവരും അടുത്ത സുഹൃത്തുക്കളുമായി തുടരുകയും ചെയ്തു. വനിതാ ടെന്നീസില്‍ പുതിയൊരു യുഗത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു ക്രിസും മര്‍ട്ടീനയും. ഇതില്‍ ആദ്യ ചുവടുവച്ചത് ക്രിസായിരുന്നു.
സൗന്ദര്യംകൊണ്ടും കളിമികവുകൊണ്ടും വനിതാ ടെന്നീസ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെന്ന ഒറ്റച്ചതുരത്തില്‍ ഒതുക്കാനാവില്ല ക്രിസിനെ. വനിതാ ടെന്നീസ് താരങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിപ്പോരാടുന്ന മുന്നണിപ്പോരാളി, അവരുടെ സംഘടനയുടെ പ്രസിഡന്റ്, ടെന്നീസ് പരിശീലക, അനുകമ്പയാര്‍ന്ന ഒരു ഹൃദയത്തിന്റെ ഉടമ. ക്രിസ് അങ്ങനെ അന്നും ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ടവളായി തന്നെ തുടരുന്നു. നേട്ടങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട് ക്രിസിന്റെ പേരില്‍. പതിനെട്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. മര്‍ട്ടീന നവരത്ലോവയുമായി പതിനാറുവര്‍ഷത്തിലധികം നീണ്ട പോരാട്ടം. ഏഴ് വര്‍ഷം വര്‍ഷാവസാനത്തിലെ ലോക ഒന്നാം നമ്പര്‍ പദവി. ഇതില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി (1974-78) ഒന്നാം നമ്പര്‍ പദവി നിലനിര്‍ത്തി. 34 തവണ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ കടന്ന താരമെന്ന അപൂര്‍വ റെക്കോഡും ക്രിസിന്റെ പേരിലുണ്ട്.

അച്ഛന്റെ മകള്‍
ഫ്ളോറിഡയിലെ ഫോര്‍ട്ട് ല്വോഡര്‍ഡെയിലിലുള്ള ഒരു പ്രൊഫഷണല്‍ ടെന്നീസ് പരിശലീകനായിരുന്ന ജിമ്മി എവര്‍ട്ട്. കോളേജ് ചാമ്പ്യനായിരുന്ന ജിമ്മി തന്റെ മക്കളെയും ടെന്നീസ് പരിശീലിപ്പിച്ചു. അഞ്ചാം വയസ്സിലാണ് മകള്‍ ക്രിസ് റാക്കറ്റ് കയ്യിലെടുക്കുന്നത്. അച്ഛന്റെ പരിശീലിനത്തിന്‍ കീഴില്‍ മകള്‍ പടിപടിയായി വളര്‍ന്നു. ബാങ്കറായിരുന്നു ജിമ്മിയുടെ അച്ഛന്‍. 1929-ല്‍ അമേരിക്കയെ തകര്‍ത്ത സാമ്പത്തിക മാന്ദ്യത്തില്‍ തന്റെ പിതാവിന്റെ സമ്പാദ്യമെല്ലാം നഷ്ടമായത് ജിമ്മി നേരില്‍ക്കണ്ടു. ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞാണ് ജിമ്മി വളര്‍ന്നത്. ആ അച്ചടക്കം ജീവിതത്തിലുടനീളം അദ്ദേഹം കാത്തു സൂക്ഷിച്ചു. ജിമ്മിക്ക് ടെന്നീസ് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയുള്ള ഒരു വഴിയായിരുന്നില്ല. ഭാര്യ കൊളെറ്റെ തോംസണും ക്രിസടക്കമുള്ള അഞ്ചു മക്കള്‍ക്കുമൊപ്പം കുടുംബത്തില്‍ സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു സാധാരണക്കാരനായിരുന്നു ജിമ്മി. അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്ന അദ്ദേഹം എല്ലാ ദിവസവും മക്കള്‍ക്കൊപ്പം ദേവാലയത്തില്‍ പോകുകയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കയും ചെയ്തിരുന്നു. പിതാവിന്റെ കീഴില്‍ അച്ചടക്കത്തോടെയുള്ള ഒരു ജീവിതിമാണ് ക്രിസിയും സഹോദരങ്ങളും നയിച്ചത്.
ക്രിസ് പതിനാറാം വയസ്സില്‍ യു.എസ്. ഓപ്പണിന്റെ സെമിയിലെത്തി ചരിത്രം സൃഷിച്ചപ്പോഴും ടൂര്‍ണമെന്റുകളില്‍ ഒന്നൊന്നായി വെന്നിക്കൊടി പാറിച്ചപ്പോഴും അമിതാഹ്ലാദത്തിലേക്കോ പരസ്യങ്ങള്‍ നല്‍കുന്ന പണക്കിലുക്കത്തിലേക്കോ പോകാതെ സ്വന്തംകാലില്‍ ഉറച്ചു നില്‍ക്കാന്‍ ജിമ്മി എവര്‍ട്ടിനെ സഹായിച്ചത് ഇത്തരം ജീവിത വീക്ഷണങ്ങളാണ്. അതേ മൂല്യങ്ങള്‍ ക്രിസടക്കമുള്ള മക്കള്‍ക്ക് പകര്‍ന്നു നല്‍കാനും അദ്ദേഹത്തിനായി. അമേരിക്കന്‍ ടെന്നീസ് അസോസിയേഷനെ(യുസാറ്റ്)തിരെ ബില്ലി ജീന്‍ കിങ്ങിന്റെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ചപ്പോള്‍ ക്രിസിനെ സംഘടനയില്‍ ചേര്‍ക്കാന്‍ അവര്‍ ശ്രമിച്ചതാണ്. എന്നാല്‍ ജൂനിയര്‍ താരമെന്ന നിലയില്‍ ക്രിസിനെ സഹായിച്ചത് അസോസിയേഷനായതിനാല്‍ അവരെ തള്ളാനാകില്ലെന്ന നിലപാടെടുത്ത് ബില്ലി ജീനിനെയും ഭര്‍ത്താവിനെയും സ്നേഹപൂര്‍വം മടക്കി അയക്കുകയാണ് ജിമ്മി ചെയ്തത്.
(പ്രായപൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അച്ചടക്കത്തിന്റെ എല്ലാ കെട്ടുപാടുകളും വലിച്ചെറിഞ്ഞ മറ്റൊരു ക്രിസിനെ ലോകം കണ്ടെന്ന് ജോനെറ്റ് ഹവാര്‍ഡ് മര്‍ട്ടിനയെയും ക്രിസിനെയും കുറിച്ചെഴുതിയ 'ദ റൈവല്‍സ്'എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. സ്വന്തം ഇഷ്ടത്തിനൊത്തു ജീവിച്ച ക്രിസിനെ. ടെന്നീസിലെ വികൃതിപ്പയ്യന്‍ ജിമ്മി കോണേഴ്സുമായുള്ള അവളുടെ പ്രണയം കായിക ലോകം ഏറ്റെടുത്തു. അത് തകര്‍ന്നപ്പോഴും അവള്‍ നിരാശയായില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡിന്റെ മകന്‍ ജാക്ക് ഫോര്‍ഡും ഹോളിവുഡ് താരം ബര്‍ട്ട് റെയ്നോള്‍ഡുസുമൊക്കെ ക്രിസിന്റെ കാമുകന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ ജീവിതത്തെക്കുറിച്ച് ക്രിസ് പറഞ്ഞത് ടീനേജില്‍ നഷ്ടപ്പെട്ടു പോയ സമയം എനിക്ക് എങ്ങനെയും തിരിച്ചു പിടിക്കണമെന്നായിരുന്നു.)

ഒരു താരം ജനിക്കുന്നു
അമേരിക്കയിലെ ജൂനിയര്‍ ടൂര്‍ണമെന്റുകള്‍ വിജയിച്ചാണ് ക്രിസ് വരവറിയിക്കുന്നത്. അതിന്റെ മികവില്‍ 1971-ലെ യു.എസ് ഓപ്പണില്‍ കളിക്കാന്‍ പതിനാറാം വയസില്‍ ക്രിസ് എന്ന ഹൈസ്‌കൂള്‍കാരി പെണ്‍കുട്ടിക്ക് അവസരം ലഭിക്കുന്നു. പിന്നീടുണ്ടായത് ചരിത്രം. ആദ്യ റൗണ്ടില്‍ എഡ്ഡാ ബഡിങിനെതിരേ നേരിട്ടുള്ള സെറ്റുകളില്‍ ജയം. രണ്ടാം റൗണ്ടില്‍ അമേരിക്കന്‍ നാലാം നമ്പര്‍ താരം മേരി ആന്‍ ഈസലായിരുന്നു എതിരാളി. രണ്ടാം സെറ്റില്‍ ആറ് മാച്ച് പോയന്റുകള്‍ രക്ഷിച്ചെടുത്താണ് ക്രിസ് മത്സരം അവസാന സെറ്റിലേക്ക് നീട്ടിയത്. അവസാന സെറ്റില്‍ ഈസലിനെ നിലംപരിശാക്കി ക്രിസ് വിജയം കൈപ്പിടിയിലൊതുക്കി (4-6,7-6,6-1). അടുത്ത റൗണ്ടുകളില്‍ ഡെറിനും ലെസ്ലി ഹണ്ടിനെതിരെയും ഇതേ രീതിയിലുള്ള വിജയം ആവര്‍ത്തിച്ച് സെമിയിലേക്ക്. അതോടെ ക്രിസ് ടെന്നീസിലെ ആത്ഭുത ബാലികയായി വാഴ്ത്തപ്പെട്ടു. സെമിയില്‍ ബില്ലി ജീന്‍ കിങിനെതിരേ നേരിട്ടുള്ള സെറ്റുകളില്‍ തോറ്റെങ്കിലും ഒരു താരത്തിന്റെ പിറവിക്കാണ് ന്യൂയോര്‍ക്ക് സാക്ഷ്യം വഹിച്ചത്. സെമിയില്‍ ക്രിസിനെ കീഴടക്കിയ ശേഷം ബില്ലി ജീന്‍ കിങ് അവള്‍ക്ക് ഒരു അഭിനന്ദന സന്ദേശമയച്ചു. മഴകാരണം ഫൈനല്‍ നീട്ടിവച്ചിരുന്നു. അതിന്റെ ഇടവേളയിലായിരുന്നു ബില്ലി ജീന്‍ തന്റെ സന്ദേശം കുറിച്ചത്. ഇതായിരുന്ന ബില്ലി ജീനിന്റെ സന്ദേശം ' ക്രിസീ... നീ ന്യൂയോര്‍ക്കില്‍ നിന്നും പോയതോടെ ആകാശം തുറന്നു. മഴയുടെ പ്രവാഹമായിരുന്നു. നീ ഇവിടെ നിന്നു പോയതില്‍ സ്വര്‍ഗം പോലും സങ്കടപ്പെട്ടു', അതായിരുന്നു ക്രിസെന്ന ടീനേജുകാരി വനിതാ ടെന്നീസിലുണ്ടാക്കിയ സ്വാധീനം.
ക്രിസിയുടെ പടയോട്ടം
ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായി രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നെങ്കിലും പിന്നീട് ക്രിസിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 1974-ല്‍ ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും നേടി ഗ്രാന്‍ഡ്സ്ലാം കിരീട ജേതാക്കളുടെ പട്ടികയില്‍ ക്രിസും ഇടംപിടിച്ചു. അക്കൊല്ലം തന്നെ ലോക ഒന്നാം നമ്പര്‍ പദവിയിലേക്കും ഉയര്‍ന്നു. തുടരെ അഞ്ചുവര്‍ഷം വര്‍ഷാവസാനത്തില്‍ ലോക ഒന്നാം നമ്പര്‍ പദവി നിലനിര്‍ത്താനും അവര്‍ക്കായി. 1974-ല്‍ ക്രിസും അന്ന് കാമുകനായിരുന്ന ജിമ്മി കോണേഴ്സും വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടിയത് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഏഴ് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍, ആറ് യു.എസ്.ഓപ്പണ്‍ കിരീടങ്ങള്‍, മൂന്ന് വിംബിള്‍ഡണ്‍ കിരീടങ്ങളും രണ്ട് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളും. ക്രിസിന്റെ 18 ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങളെ ഇങ്ങനെ വേര്‍തിരിക്കാം. ഇതില്‍ 1980-നു മുമ്പുള്ളത് അവരുടെ അശ്വമേധ കാലത്ത് നേടിയതാണ്. ക്രിസെന്ന പോരാളിയെ അംഗീകരിക്കേണ്ടത് അവരുടെ തിരിച്ചു വരവിന്റെ ചരിത്രത്തിലൂടെയാണ്. തൊള്ളായിരത്തി എഴുപതുകളുടെ അവസാന പാദത്തില്‍ ക്രിസിന്റെ നിഴലിലായിരുന്നു മര്‍ട്ടീന നവരത്ലോവ. എണ്‍പതുകളില്‍ ചിത്രം മാറി മറിഞ്ഞു. ശാരീരിക ക്ഷമതകൊണ്ടും മികച്ച പരിശീലകര്‍ നല്‍കിയ കളിമികവുകൊണ്ടും മര്‍ട്ടീന മേധാവിത്വം പിടിച്ചെടുത്തു. ക്രിസിന്, മര്‍ട്ടീനയുടെ പോലെ ശാരീരിക മികവോ പരിശീലകരുടെ പിന്തുണയോ ഇല്ലായിരുന്നു.
ബേസ് ലൈനില്‍ നിന്ന് പോയന്റുകള്‍ കരുപ്പിടിക്കുന്ന പ്രതിരോധ ഗെയിമായിരുന്നു ക്രിസിന്റെ ശക്തി. അതിനൊപ്പം ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ കഴിയുന്ന മനക്കരുത്തും അവര്‍ക്ക് കൈമുതലായുണ്ടായിരുന്നു. അതിന്റെ കരുത്തിലാണ് മര്‍ട്ടീനയുടെ മേധാവിത്വത്തിന് മുന്നിലും ക്രിസ് പിടിച്ചു നിന്നത്. 1985-ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ മര്‍ട്ടീനയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴ്പ്പെടുത്തി ക്രിസ് വിജയം പിടിച്ചെടുത്തത് മാത്രം മതി ക്രിസെന്ന പോരാളിയെ വിലയിരുത്താന്‍.

എതിരാളികള്‍... സുഹൃത്തുക്കള്‍...
കളിക്കളത്തില്‍ കടുത്ത എതിരാളികളായിരുന്നെങ്കിലും അടുത്ത സുഹൃത്തുക്കളായിരുന്നു ക്രിസും മര്‍ട്ടീനയും. തന്നേക്കാള്‍ രണ്ടു വര്‍ഷം ഇളയവളായ മര്‍ട്ടീനയ്ക്ക് വഴികാട്ടികൂടിയായിരുന്നു ക്രിസ്. ''മിക്ക ടൂര്‍ണമെന്റുകളുടെയും ഫൈനലിന് പരസ്പരം ഏറ്റുമുട്ടാന്‍ ഇറങ്ങും മുമ്പേ ഇരുവരും ഒരുമിച്ചായിരുന്നു പരിശീലനം നടത്തിയിരുന്നത്. ഫൈനലിനു ശേഷം ജേതാവിന്റെ തോളില്‍ തലചായിച്ച് തോറ്റയാള്‍ ലോക്കര്‍ റൂമിലേക്ക് മടങ്ങുന്നത് ആരാധകര്‍ അമ്പരപ്പിനേക്കാളേറെ സന്തോഷത്തോടെ കണ്ടു നിന്നു' (ദ റൈവല്‍സ്) .
ഒരു ഘട്ടത്തില്‍ മര്‍ട്ടീന, ക്രിസിനെ ഒഴിവാക്കുന്നുണ്ട്. ക്രിസിനെ തോല്‍പ്പിക്കാന്‍ ഈ മൈന്‍ഡ് ഗെയിം കൂടിയേ തീരൂ എന്ന പരിശീലകരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു മര്‍ട്ടീനയുടെ ഈ നീക്കം. അത് മര്‍ട്ടീനയ്ക്ക് ഗുണം ചെയ്യുകയും ചെയ്തു. മര്‍ട്ടീനയുടെ പരിശീലകര്‍ മാറിയതോടെ ബന്ധം സാധാരണ ഗതിയിലാകുകയും ചെയ്തു. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ ക്രിസും മര്‍ട്ടീനയും പരസ്പരം തുണയാകുന്നതും ' ദ റൈവല്‍സില്‍' വിവരിക്കുന്നുണ്ട്. അമേരിക്കയില്‍ കുടിയേറിയ ശേഷം മാതൃരാജ്യമായ ചെക്കോസ്ലോവാക്യയിലേക്ക് മര്‍ട്ടീന മടങ്ങിയെത്തുന്നത് 1986-ലാണ്. അമേരിക്കന്‍ ടീമിനൊപ്പം ഫെഡറേഷന്‍ കപ്പ് കളിക്കാന്‍. അന്ന് ക്രിസ് കാല്‍മുട്ടിന് പരിക്കേറ്റിരിക്കുകയാണ്. മര്‍ട്ടീനയ്ക്ക് തുണയാകാനായി പരിക്കിനെ അവഗണിച്ച് ക്രിസും കൂടെപ്പോകുന്നു. പ്രാഗില്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് ബാന്‍ഡ് സംഘം 'വേര്‍ ഈസ് മൈ ഹോം' എന്നു തുടങ്ങുന്ന ചെക്കോസ്ലോവാക്യന്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ മര്‍ട്ടീന വികാരവിക്ഷോഭത്തിനടിപ്പെട്ടു. അപ്പോള്‍ ക്രിസ്, മാര്‍ട്ടീനയെ ചുറ്റിപ്പിടിച്ച് ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. മത്സരം അവസാനിച്ച ദിവസം മറ്റൊരു കാഴ്ചക്കുകൂടി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. അമേരിക്കയുടെ വിജയത്തതിനുശേഷം തന്റെ മാതൃരാജ്യത്തോട് മര്‍ട്ടീന് വിടപറയുകയാണ്. തിങ്ങി നിറഞ്ഞ ആരാധകര്‍ കരഘോഷങ്ങളോടെ മര്‍ട്ടീനയെ യാത്രയാക്കി. അപ്പോള്‍ മര്‍ട്ടീനയും ഒപ്പം ക്രിസും ഒരു പോലെ കരയുകയായിരുന്നു.
ആദ്യ ഭര്‍ത്താവ് ജോണ്‍ ലോയിഡുമായുള്ള ബന്ധം തകര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ക്രിസിന്, ആന്‍ഡി മില്ലെന്ന സ്‌കീയിങ് താരത്തെ പരിചയപ്പെടുത്തിയത് മര്‍ട്ടീനയാണ്. പിന്നീട് ആന്‍ഡി, ക്രിസനെ വിവാഹം ചെയ്തു. കരിയറില്‍ വ്യക്തമായ ലക്ഷ്യങ്ങളുള്ള, അതിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായ സ്വതന്ത്രവ്യക്തിത്വമുള്ള താരങ്ങളായിരുന്നു ക്രിസ് അടക്കമുള്ളവര്‍. കരിയറിനുവേണ്ടി സ്വന്തം കാമുകന്‍മാരെയോ ഭര്‍ത്താക്കന്‍മാരെയെപോലും വേണ്ടെന്നു വയ്ക്കാന്‍ യാതൊരു മടിയും അവര്‍ കാണിച്ചില്ല. കരിയറിന് മുന്‍തൂക്കം കൊടുത്തതുകൊണ്ടാണ് ജിമ്മി കോണേഴ്സുമായുളള ക്രിസിന്റെ ബന്ധം തകരുന്നത്. ബ്രിട്ടീഷ് ടെന്നീസ് താരം ജോണ്‍ ലോയ്ഡായിരുന്നു ക്രിസിന്റെ ആദ്യ ഭര്‍ത്താവ്. ക്രിസ് കരിയറില്‍ മുന്നോട്ടു പോകുകയും ലോയ്ഡിന് കാലിടറുകയും ചെയ്തു. മര്‍ട്ടീനയുടെ കുതിപ്പില്‍ ക്രിസ് ഉത്തരം കണ്ടെത്താതെ നില്‍ക്കുന്ന കാലംകൂടിയായിരുന്നു അത്. ഇണങ്ങിയും പിണങ്ങിയും നിന്നിരുന്ന ലോയ്ഡുമായുള്ള ബന്ധം 1987-ല്‍ അവസാനിച്ചു. 1988-ലാണ് ക്രിസ്, ആന്‍ഡി മില്ലിനെ വിവാഹം ചെയ്യുന്നത്. ആ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. 2006-ല്‍ ആന്‍ഡി മില്ലില്‍ നിന്ന് ക്രിസ് വിവാഹ മോചനം നേടി. 2008-ല്‍ ഗോള്‍ഫ് താരം ഗ്രെഗ് നോര്‍മനെ ക്രിസ് വിവാഹം ചെയ്തു. പതിനഞ്ച് മാസമേ ആ ബന്ധം നീണ്ടുള്ളു.
ടെന്നീസ് കമന്ററിയും ബിസിനസും പരിശീലിപ്പിക്കലുമൊക്കെയായി ക്രിസ് ഇപ്പോഴും സജീവമാണ്. ഇതിനിടയില്‍ അപ്രതീക്ഷിത അതിഥിയായെത്തിയ കാന്‍സര്‍ രോഗത്തെയും അവര്‍ വിജയകരമായി നേരിട്ടു, സുഖം പ്രാപിക്കുകയും ചെയ്തു. ഇക്കുറി ഫ്രഞ്ച് ഓപ്പണില്‍ വനിതാവിഭാഗം സമ്മാന ദാനച്ചടങ്ങിനിടെ തോല്‍വിയില്‍ സങ്കടപ്പെട്ടു നില്‍ക്കുന്ന കരോളിന മുക്കോവയെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിക്കുന്ന ക്രിസിനെ ലോകം കണ്ടു.
Content Highlights: Tennis Legend Chris Evert
Published: 13 Jun 2023, 12:55 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented