സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയുടെ അടുത്ത വഴിത്തിരിവ് 'സഞ്ജു ചേട്ടന്' ഇന്ത്യന് ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കപ്പെടുന്നതാവുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്.

2024-ൽ കരീബിയൻ ദ്വീപുകളിൽ നടന്ന ടി20 ലോകകപ്പ്, ഒരുകളി പോലും തോൽക്കാതെ ദുബായിൽ നേടിയ 2025-ലെ ചാമ്പ്യൻസ് ട്രോഫി, ഇപ്പോൾ സ്വന്തം മണ്ണിൽ വിജയകരമായി നിലനിർത്തിയ ടി20 കിരീടം. ഇന്ത്യ ടി20 ലോകകപ്പ് പ്രതിരോധിച്ച ആദ്യ ടീമും സ്വന്തം നാട്ടിൽ കിരീടം നേടിയ ആദ്യടീമുമായി മാറിയത് വ്യക്തമായ ആധിപത്യം പുലർത്തിയായിരുന്നു.
വൈറ്റ്‌ബോൾ ക്രിക്കറ്റിന്റെ രാജാക്കന്മാരായ ഇന്ത്യയുടെ ഏറ്റവും പുതിയ വിജയത്തിന്റെ കേന്ദ്രബിന്ദുവായി ഒരു മലയാളി താരമുണ്ട്- സഞ്ജു സാംസൺ, ടൂർണമെന്റിന്റെ താരം അഞ്ച് ഇന്നിങ്‌സിൽ 80.25 ശരാശരിയിൽ 321 റൺസ്. അടുപ്പിച്ച മൂന്നു നോക്കൗട്ട് കളികളിൽ എൺപതിലധികം റൺസ് വീതം സ്‌കോർ ചെയ്തു. ഫൈനലിൽ നേടിയ 89 റൺസ് ടി20 ലോകകപ്പ് ഫൈനലുകളിലെ റെക്കോഡാണ്. എന്നുവെച്ച് തട്ടിമുട്ടിയല്ല അദ്ദേഹം സ്‌കോർ ചെയ്തതത്- സ്‌ട്രൈക്ക് റേറ്റ് 199.37! ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ മറ്റൊരു ബാറ്ററും 175-ലധികം സ്‌ട്രൈക്ക്‌റേറ്റോടെ സഞ്ജുവിനെക്കാൾ റൺ നേടിയിട്ടില്ല. അഞ്ചു മാച്ചുകളിൽനിന്ന് സഞ്ജു നേടിയ 24 സിക്‌സുകളും റെക്കോഡാണ്.
നോക്കൗട്ട് മത്സരങ്ങളിൽ 275 റൺസ് വാരിക്കൂട്ടിയ സാംസന്റെ പിന്നിലെ ഇന്ത്യയിൽ നിന്നുള്ള രണ്ടാമൻ ഇഷാൻ കിഷനാണ്. അദ്ദേഹം നേടിയത് 103 റൺസ് മാത്രം! ഈ കണക്കു മാത്രം മതി സഞ്ജുവിന്റെ പ്രകടനം ഇന്ത്യയുടെ കിരീടജയത്തിൽ എത്ര നിർണായകമായിരുന്നുവെന്ന് മനസ്സിലാക്കാൻ. കളിക്കുശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തൊപ്പിയൂരി സഞ്ജുവിനെ 'വണങ്ങിയത്' വെറുതെയല്ല എന്നർത്ഥം. ന്യൂസിലണ്ടിനെതിരായ പരമ്പരയിലെ ദയനീയപ്രകടനത്തെ തുടർന്ന് ടീമിലെ സ്ഥാനംതന്നെ കയ്യാലപ്പുറത്തായ സമയത്ത്, മാനസികമായി തകർന്ന കാലത്ത് തിരിച്ചുവന്ന ഫോം സഞ്ജുവിനു മാത്രമല്ല, ഇന്ത്യൻ ടീമിനാകെ അനുഗ്രഹമായി.
സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയുടെ അടുത്ത വഴിത്തിരിവ് 'സഞ്ജു ചേട്ടൻ' ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കപ്പെടുന്നതാവുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. എല്ലാവരോടും സ്‌നേഹത്തോടെ ഇടപെടുന്ന സഞ്ജു സഹകളിക്കാർക്ക് പ്രിയങ്കരനാണ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഗംഭീരമായി നയിച്ച റെക്കോഡുമുണ്ട്. അടുത്ത വർഷം തന്നെ സഞ്ജുവിനെ തേടി ക്യാപ്റ്റൻ പദവി എത്തുമെന്നു അഭ്യൂഹമുണ്ട്. (മുഹമ്മദ് കൈഫിനെപ്പോലുള്ളവർ ഇതിനകം സഞ്ജുവിന്റെ പേര് മുന്നോട്ടുവെച്ചു കഴിഞ്ഞു.) അടുത്ത സീസണിൽ അത് സംഭവിച്ചാൽ അത്ഭുതപ്പെടാനില്ല!
കേരള ക്രിക്കറ്റിനും ഇത് അവിശ്വസനീയമായ യാത്രയാണ്. ക്രിക്കറ്റ് ലോകകപ്പുകളിൽ മലയാളികളുടെ യാത്ര നോക്കുക: കപിലിന്റെ ചെകുത്താൻമാർ നേടിയ 1983-ലെ ഏകദിന ലോകകപ്പിൽ മീഡിയം പേസർ സുനിൽ വൽസൺ ഒരു മാച്ച് പോലും കളിച്ചില്ല. 2007-ലെ കന്നി ടി 20 ലോകകപ്പിൽ പാകിസ്താനെതിരായ ഫൈനലിലെ വിന്നിങ് ക്യാച്ച് എടുത്തത് എസ്. ശ്രീശാന്തായിരുന്നു. ഇന്ന് ഒരു മലയാളി പരമ്പരയുടെ താരമായിരിക്കുന്നു, അയാളെ ക്യാപ്റ്റനാക്കാനുള്ള സാധ്യത സജീവമായിരിക്കുന്നു. നല്ല ഫോമിലല്ലാത്ത 35-കാരൻ സൂര്യകുമാർ യാദവിനു പകരം ഫോമിലുള്ള 31 വയസ്സുള്ള സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെടുമോ?
സഞ്ജുവിന്റേത് തികച്ചും അത്ഭുതകരമായ യാത്ര തന്നെ. എന്നാൽ, വിജയം ശീലമാക്കിയ ഇന്ത്യൻ ടീമിന്റെ യഥാർത്ഥ കഥ കളിക്കളത്തിന് പുറത്താണ് നടന്നതെന്ന് അധികം പേരും ശ്രദ്ധിക്കാനിടയില്ല. പ്രത്യേകിച്ച് ടീം തിരഞ്ഞെടുപ്പിലും കളിതന്ത്രങ്ങൾ മെനയുന്നതിലും പങ്കുവഹിച്ചവർ. ടീമിന്റെ ഭാവി കണക്കിലെടുത്ത് ശുഭ്മൻ ഗില്ലിനെ ടി20 ടീമിൽനിന്നു തഴഞ്ഞതടക്കമുള്ള 'നിർദ്ദയ' തീരുമാനങ്ങൾ എടുത്തതിന് കടുത്ത വിമർശനങ്ങൾ നേരിട്ട മുഖ്യ സെലക്ടർ അജിത് അഗാർക്കറും പിന്നെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമാണ് അതുല്യമായ ഈ വിജയയന്ത്രത്തിന്റെ ശിൽപ്പികൾ. കഴിവിനും വിവരവിശകലനത്തിനും ദീർഘകാല ആസൂത്രണത്തിനും മുൻഗണന കൊടുത്ത ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) മികച്ച പിന്തുണ ഇരുവർക്കും കിട്ടി.
അഗാർക്കറിന്റെ വരവും ഗൗതം ഗംഭീറിന്റെ നയവും
2023-ൽ ഓസ്‌ട്രേലിയയോടു ഏകദിന ലോകകപ്പ് ഫൈനലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും തോറ്റത് ഇന്ത്യയുടെ ക്രിക്കറ്റ് ഭരണസംവിധാനത്തിന്റെ തകരാറുകൾ വ്യക്തമാക്കി. ടീമിലെ മുതിർന്ന താരങ്ങളുടെ ഫോം അസ്ഥിരമായത് പ്രകടനത്തെയും ആത്മവിശ്വാസത്തെയും ബാധിച്ചു. ഇരട്ട ക്യാപ്റ്റൻസിയുടെ ഭാരം രോഹിത് ശർമയ്ക്ക് കടുപ്പമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യ സെലക്ടറായി അഗാർക്കർ വരുന്നത്. വലിയ തലമുറമാറ്റം നേരിടുകയായിരുന്ന ടീമിന്റെ പുനഃസംഘടന എളുപ്പമായിരുന്നില്ല അഗാർക്കറിന്. സീനിയോറിറ്റിയും പ്രശസ്തിയും നോക്കാതെ നിലവിലെ ഫോമിനും ടീമിന്റെ ഭാവിഭദ്രതയ്ക്കും അദ്ദേഹം മുൻഗണന നൽകി.
അഗാർക്കറിന്റെ നേതൃത്വത്തിൽ നടന്ന ചില ധീരപരീക്ഷണങ്ങൾ നോക്കുക: ടി20 ലോകകപ്പിലെ വൈസ് ക്യാപ്ടനായി പ്രഖ്യാപിച്ച ശേഷം ഗില്ലിനെ ഡ്രോപ്പ് ചെയ്തു, പകരം ഇഷാൻ കിഷനും റിങ്കു സിങ്ങും ടീമിലെത്തി. ഗംഭീറും മാനേജ്‌മെന്റിലെ ഒരു വിഭാഗവും ഗില്ലിനായി ശക്തമായി വാദിച്ചെങ്കിലും അഗാർക്കർ ഉറച്ചുനിന്നു, ടീമിന്റെ സന്തുലനത്തിന് മുൻഗണന നൽകി. ഗില്ലിനെ തഴഞ്ഞത് മോശം കളിക്കാരനായതു കൊണ്ടല്ല, കൂടുതൽ മെച്ചപ്പെട്ട ഓപ്ഷനുകൾ ഉള്ളതുകൊണ്ടാണെന്ന് അഗാർക്കർ വാദിച്ചതായി റിപ്പോർട്ടുണ്ട്. ടി20 ഫോർമാറ്റിൽനിന്നു രോഹിത് ശർമ വിരമിച്ചപ്പോൾ എല്ലാവരും കരുതിയത് ഹാർദിക് പാണ്ഡ്യ ആ സ്ഥാനത്തെത്തുമെന്നാണ്. പക്ഷേ, സൂര്യകുമാർ യാദവിനായിരുന്നു അഗാർക്കറുടെ വോട്ട്. എല്ലാ കളികളിലും ഉണ്ടാവുമെന്ന് ഉറപ്പുള്ള താരമാവണം ക്യാപ്റ്റനാവാനെന്നായിരുന്നു മുഖ്യ സെലക്ടറുടെ വാദം. ഒടുവിൽ സലിൽ അങ്കോള, എസ്. ശരത്ത്, സുബ്രതോ ബാനർജി, എസ്.എസ്. ദാസ് എന്നീ സെലക്ടർമാർ അദ്ദേഹത്തോട് യോജിക്കുകയായിരുന്നു.
കിഷനെ തിരിച്ചുകൊണ്ടു വന്നതിനും പഴി കേട്ടത് അഗാർക്കറായിരുന്നു. പക്ഷേ, ഈ ലോകകപ്പിലെ കിഷാന്റെ നിർണായക പ്രകടനങ്ങൾ വിമർശനങ്ങളെ അപ്രസക്തമാക്കി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽനിന്നു പിൻമാറിയതടക്കമുള്ള വിവാദങ്ങളെ വകവെക്കാതെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ മുൻനിർത്തിയാണ് സെലക്ഷൻ കമ്മിറ്റി കിഷനെ തിരഞ്ഞെടുത്തത്. മുമ്പ് അയാളെ തഴഞ്ഞത് റിഷഭ് പന്തും ധ്രുവ് ജുറെലും ഉള്ളതുകൊണ്ടായിരുന്നുവെന്ന് അഗാർക്കർ വിശദീകരിച്ചത്രെ. എന്തായാലും മുഖ്യസെലക്ടറുടെ തീരുമാനങ്ങളെ അംഗീകരിക്കാൻ ഗംഭീർ മടിച്ചില്ല. ടി20 ലോകകപ്പ് വിജയം അദ്ദേഹം അഗാർക്കറിന് സമർപ്പിച്ചു. 'ഒരുപാട് ചീത്ത കേൾക്കുന്നത് അദ്ദേഹമാണ്, കാട്ടുന്ന സത്യസന്ധതയ്ക്ക് വളരെ നന്ദിയുണ്ട്' എന്ന് ഗംഭീർ പറഞ്ഞു.
രാഹുൽ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ മുഖ്യപരിശീലകനായപ്പോൾ നിലവിലുണ്ടായിരുന്ന സംവിധാനം തുടരുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചത്. പക്ഷേ, അദ്ദേഹം ടീമിന്റെ ചിന്താപദ്ധതി തന്നെ അഴിച്ചു പണിതു. വ്യക്തികളല്ല ടീമാണ് പ്രധാനം, വ്യക്തിഗതനേട്ടങ്ങളെക്കാൾ പ്രധാനം വിജയമാണ് എന്ന സിദ്ധാന്തം നടപ്പാക്കി. ലോകകപ്പിൽ സഞ്ജുവിന്റെ ഇന്നിങ്‌സുകൾ ആ ദിശമാറ്റത്തിന്റെ സൂചികയായിരുന്നു. സെഞ്ചുറിക്കു വേണ്ടിയല്ല, ടീം സെറ്റു ചെയ്ത ലക്ഷ്യങ്ങൾക്കായിരുന്നു അദ്ദേഹം കളിച്ചത്. ടീമംഗങ്ങളും അങ്ങനെ തന്നെ. അതിന്റെ ഫലം സംഖ്യകളിലും പ്രതിഫലിച്ചു.
ഗംഭീറിന്റെ ശക്തികളിൽ പ്രധാനം പിഴവറ്റ തയ്യാറെടുപ്പാണ്; ഗൗരവത്തോടെയുള്ള പരിശീലനം, ഓരോത്തരും എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ആസൂത്രണം, മാനസികാരോഗ്യത്തിലെ ഊന്നൽ എന്നിങ്ങനെ.
വൈറ്റ്‌ബോൾ ക്രിക്കറ്റിലെ അജയ്യരെന്ന് പറയാൻ വരട്ടെയെന്നാണ് ഗംഭീറിന്റെ നിലപാട്. 1997-നും 2007-നും ഇടയ്ക്ക് മൂന്നു ഏകദിന ലോകകപ്പുകൾ ജയിച്ച ഓസ്‌ട്രേലിയയുടെ മേധാവിത്വവുമായി താരതമ്യപ്പെടുത്താമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: 'വൈറ്റ്‌ബോൾ ക്രിക്കറ്റിനെ കുറിച്ച് ഞാൻ സംസാരിക്കില്ല. കഴിഞ്ഞ മൂന്ന് ഏകദിനപരമ്പരകളിൽ രണ്ടെണ്ണം നമ്മൾ തോറ്റു. അത്തരമൊരു യുഗമായിരുന്നെങ്കിൽ രണ്ടു പരമ്പരകൾ തോൽക്കുമായിരുന്നില്ല... രാജ്യത്തിനു വേണ്ടി കളിക്കുന്ന ഓരോ മത്സരവും വിജയിക്കാൻ ശ്രമിക്കണം.... അതിൽ ഐസിസി ടൂർണമെന്റെന്നോ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പരമ്പരയെന്നോ വ്യത്യാസമില്ല, അതിനെനിക്കാവില്ല.' രാജ്യത്തിനു വേണ്ടി കളിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും ഇന്ത്യൻ ടീമിന്റെ ഡ്രെസിങ് റൂമിലെത്താൻ ആയിരങ്ങൾ പുറത്തുണ്ടെന്നും ഗംഭീർ പറഞ്ഞു.
ഒരുപക്ഷേ, താൻ ചുമതലയേറ്റ ശേഷം സ്വന്തം നാട്ടിൽ രണ്ടു ടെസ്റ്റ് പരമ്പരകൾ (ന്യൂസിലണ്ടിനും ദക്ഷിണാഫ്രിക്കക്കുമെതിരെ) തോറ്റതിന്റെ വേദനിപ്പിക്കുന്ന ഓർമകളാകാം ഗംഭീറിന്റെ യാഥാർത്ഥ്യബോധത്തിനു പിന്നിൽ. 13 മാസത്തിനിടെ നടന്ന ഈ പരമ്പരകളിൽ ഇന്ത്യയുടെ പ്രശസ്ത ബാറ്റർമാർ തകർന്നടിയുകയായിരുന്നു. അമിതമായ പരിമിത ഓവർ ക്രിക്കറ്റ് മത്സരങ്ങളുടെ സ്വാധീനമാകാം കാരണമെന്ന ധ്വനിയുണ്ടായിരുന്നു തോൽവിക്കു ശേഷമുള്ള കോച്ചിന്റെ സംസാരത്തിൽ. എക്കാലവും സ്പിന്നർമാരെ കളിക്കുന്നതിൽ വിദഗ്ധരായി കരുതപ്പെട്ടിരുന്ന ഇന്ത്യൻ സംഘം സാധാരണ സ്പിന്നർമാർക്കു മുന്നിൽ അന്തംവിട്ടു നിൽക്കുന്ന കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. (ഈ മാറ്റം തുടങ്ങിയിട്ട് കുറച്ചുകാലമായി!) ടീം പരിവർത്തന ഘട്ടത്തിലാണെന്നും ടെസ്റ്റ് ക്രിക്കറ്റിന്റെ ശീലങ്ങൾ വീണ്ടും ക്രമേണ പഠിക്കുമെന്നും പറഞ്ഞ അദ്ദേഹം മൂന്ന് പ്രധാന താരങ്ങളുടെ വിരമിക്കലിനു ശേഷം സ്ഥിരത കൈവരിക്കാൻ സമയം ആവശ്യമുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഐപിൽ ടീമിനെ പരിശീലിപ്പിച്ച പരിചയവുമായി ദേശീയ ടീമിലെത്തിയ ഗംഭീർ ടി20 രീതികൾ ടീം സെലക്ഷനിലും തന്ത്രങ്ങളിലും നടപ്പാക്കിയതാണ് ഞെട്ടിക്കുന്ന ടെസ്റ്റ് തോൽവികൾക്ക് പിന്നിലെന്ന് വിമർശനമുണ്ട്. ഓൾ റൗണ്ടർമാരെ അമിതമായി ആശ്രയിക്കൽ, അടിക്കടി ടീം ഘടനയിൽ മാറ്റം വരുത്തൽ, ഐപിഎൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിലിടം നൽകൽ- ഇതെല്ലാം ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചടിച്ചതാണെന്ന് വിമർശകർ പറയുന്നു. കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര പരാജയത്തിന് ക്ഷമ ചോദിച്ച ഗംഭീർ മുഖ്യ പരിശീലകനായി അദ്ദേഹം തുടരുമോയെന്നു ചോദിച്ചപ്പോൾ 'അത് ബിസിസിഐയാണ് തീരുമാനിക്കേണ്ടത്' എന്നാണ് പറഞ്ഞത്. മൂന്നുമാസം കൊണ്ട് ലോകം മാറി, ഗംഭീറിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായം മാറി. പക്ഷേ, ടെസ്റ്റ് മത്സരങ്ങളിൽ രാജ്യത്തിന്റെ പ്രകടനം മെച്ചപ്പെടുമെന്ന് ഉറപ്പു പറയാനാവാത്ത അവസ്ഥയാണ്.
സൂര്യയും സഞ്ജുവും തമ്മിൽ
ദേശീയ ക്രിക്കറ്റിൽ സഞ്ജുവിന്റെ യാത്ര വളരെ കഠിനമായിരുന്നു. ഒന്നാന്തരം ഫുട്ട്‌വർക്കും മികച്ച ഷോട്ടുകളും ടൈമിങുമുള്ള ഈ വിക്കറ്റ്കീപ്പർ- ബാറ്റർ 2015-ലാണ് രാജ്യത്തിനായി ആദ്യം പാഡു കെട്ടിയത്. പിന്നീട് ഇടയ്ക്കിടെ അവസരങ്ങൾ കിട്ടി. പക്ഷേ, ഒന്നു രണ്ടു പരാജയങ്ങൾ വരുമ്പോഴേയ്ക്കും അദ്ദേഹം ടീമിനു പുറത്താവും. ബാറ്റിങ് പൊസിഷൻ മാറിക്കൊണ്ടിരുന്നതും (ഓപ്പണിങ് മുതൽ ആറാം നമ്പർ വരെ) സഹായകമായില്ല. ടീമിലെത്തുന്നതിനിടയിലെ ദീർഘമായ ഇടവേളകൾ ആതമവിശ്വാസത്തെ തളർത്തി. അത് തെറ്റായ ഷോട്ട് സെലക്ഷനും കാരണമായിരിക്കാം. ആദ്യത്തെ ഫിഫ്റ്റിയിലെത്താൻ സാംസണ് വേണ്ടി വന്നത് 23 ഇന്നിംഗ്‌സ്.
പക്ഷേ, ശുദ്ധ ബാറ്റിങ്ങിന്റെ ആരാധകർ ആദ്യന്തം സഞ്ജുവിനൊപ്പം നിന്നു. അദ്ദേഹത്തെ ടീമിൽനിന്ന് ഒഴിവാക്കുമ്പോൾ രാജ്യമെങ്ങും പ്രതിഷേധങ്ങളുയർന്നു. തന്റെ ക്രിക്കറ്റ് കരിയർ അവസാനിച്ചുവെന്ന് എത്ര തവണ അദ്ദേഹം ആശങ്കിച്ചിട്ടുണ്ടാവും? പക്ഷേ, അദ്ദേഹം സ്റ്റേഡിയത്തിലെത്തുമ്പോൾ 'സഞ്ജു, സഞ്ജു' ആരവങ്ങളുയർന്നു. ഇപ്പോൾ സഞ്ജു ബാറ്റിങ്ങിൽ തന്റേതായ താളം കണ്ടെത്തിയിരിക്കുന്നു. അതിവേഗ സ്‌കോറിങ്ങിനപ്പുറത്ത് ബാറ്റിങ്ങിന്റെ സൗന്ദര്യത്തിന് പ്രസക്തിയില്ലാത്ത ഇൻസ്റ്റന്റ് ക്രിക്കറ്റിലും സഞ്ജുവിന്റെ ബാറ്റിൽനിന്ന് റണ്ണൊഴുകുന്നത് സംഗീതം പോലെ തന്നെ. അതിവേഗത്തിലാണ് അവ സ്‌റ്റേഡിയത്തിലെമ്പാടും ഒഴുകിപ്പരക്കുന്നതെന്ന് വിശ്വസിക്കുക ബുദ്ധിമുട്ടാണ്. ഫോമിലുള്ള സഞ്ജു ബാറ്റിങ്ങിന്റെ സൗന്ദര്യം ഒന്നു വേറെ തന്നെയാണ്. ഇന്നത്തെ ക്രിക്കറ്റിൽ കാണാൻ വിരളമായ ഒന്ന്.
അടുത്ത ടി20 ലോകകപ്പ് 2028-ലാണ്. അപ്പോൾ സൂര്യകുമാറിന് വയസ്സ് 37 ആകും. സഞ്ജുവിന് മുപ്പത്തിമൂന്നും. ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ധീരമായ തീരുമാനങ്ങൾക്ക് മടിയില്ലാത്ത അഗാർക്കറും ഗുണം ചെയ്യാനാവാത്തവർ ടീമിൽ വേണ്ടെന്നു കരുതുന്ന ഗംഭീറും ചേരുമ്പോൾ ഫോമില്ലാത്ത ക്യാപ്റ്റൻ സൂര്യക്ക് കാര്യങ്ങൾ എളുപ്പമല്ല. പക്ഷ, അടുപ്പിച്ച് നേടിയ ഐസിസി ട്രെഫികൾ സൂര്യക്ക് തുണയാവും. ഒറ്റയടിക്ക് അദ്ദേഹത്തെ മാറ്റാനാവില്ല. ടീമിലെ അദ്ദേഹത്തിന്റെ സ്വീകാര്യതയും സ്വന്തം നിലയ്ക്ക് കളി ജയിപ്പിക്കാനുള്ള മിടുക്കും രാജ്യം കണ്ടതാണ്. ഈ ലോകകപ്പിൽ അമേരിക്കക്കെതിരായ മത്സരത്തിലെ ഫിഫ്ടി ഒരു വലിയ മാനക്കേടിൽനിന്നു മാത്രമല്ല, ഒരുപക്ഷേ, ടൂർണമെന്റിൽനിന്നു പുറത്താകലിൽനിന്നും ടീമിനെ രക്ഷിച്ചതാണ്.
ഹാർദിക്കിന് ക്യാപ്റ്റൻസി നിഷേധിക്കാൻ പ്രയോഗിച്ച തത്വം സൂര്യയ്ക്കും ബാധകമാവുമോയെന്നാണ് കാണേണ്ടത്. ക്യാപ്റ്റനല്ലെങ്കിൽ ലോകകപ്പിലെ എല്ലാ കളികളിലും അദ്ദേഹത്തിന് സ്ഥാനമുണ്ടാവാൻ സാധ്യത കുറവായിരുന്നു. അങ്ങനെ നോക്കിയാൽ എല്ലാ കളികളിലും സ്ഥാനമുറപ്പുള്ള ഏകകളിക്കാരൻ ജസ്പ്രീത് ബുംറയായിരുന്നുവെന്ന് പറയാം. സൂര്യയെ മാറ്റി സഞ്ജുവിനെ കൊണ്ടുവരികയും കഴിഞ്ഞ ന്യൂസിലണ്ട് പര്യടനത്തിൽ കണ്ടപോലെ അടുപ്പിച്ച് നാലു കളികളിൽ സ്‌കോർ ചെയ്യാൻ പറ്റാതെ വരികയും ചെയ്താലോ (അങ്ങനെ വരാതിരിക്കട്ടെ!) എന്ന ചോദ്യവുമുണ്ട്. അച്ഛനു സുഖമില്ലാത്തതു കൊണ്ട് റിങ്കു സിങ് വീട്ടിൽ പോയതാണല്ലോ സഞ്ജുവിന് വഴി തുറന്നത്!
സഞ്ജുവിന്റെ സ്വപ്നസമാനമായ ക്രിക്കറ്റ് ജീവിതത്തിന് യോജിച്ച ക്ലൈമാക്‌സ് അദ്ദേഹം ക്യാപ്റ്റനാവുന്നിടത്താണ്. അത് അദ്ദേഹം അർഹിക്കുന്നുമുണ്ട്!
Published: 13 Mar 2026, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented