വെല്ലിങ്ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ മത്സരത്തിന് ശേഷം രണ്ടാം മത്സരത്തിനായി മലയാളി താരം സഞ്ജു വി സാംസണ്‍ കാത്തിരുന്നത് നീണ്ട അഞ്ചു വര്‍ഷമാണ്. അതായത് 73 മത്സരങ്ങളുടെ ഇടവേള. രണ്ടാം മത്സരത്തിനായി ഒരു താരം ഇത്രയും വര്‍ഷം കാത്തിരിക്കുന്നത് ട്വന്റി-20 ക്രിക്കറ്റില്‍ റെക്കോഡും സൃഷ്ടിച്ചു. ഇതിനിടയില്‍ ഋഷഭ് പന്തിന് മുന്നില്‍ അവസരം തുറന്നിടുമ്പോള്‍ സഞ്ജുവിന് മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്നു എന്ന വിമര്‍ശനവുമുയര്‍ന്നു. ഒടുവില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20യില്‍ സഞ്ജുവിന് അവസരം ലഭിച്ചു. ആദ്യ പന്തില്‍ സിക്‌സ് അടിച്ച ആവേശമുണ്ടാക്കിയ സഞ്ജു രണ്ടാം പന്തില്‍ പുറത്തായി. കിട്ടിയ അവസരം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അറിയാതെ അമിതാവേശം കാണിച്ചതിന്റെ ഫലം.

സിക്‌സ് അടിച്ച് അടുത്ത പന്തില്‍ ഔട്ടാകുക എന്ന പല്ലവി ന്യൂസീലന്‍ഡിനെതിരായ നാലാം ട്വന്റി-20യിലും സഞ്ജു ആവര്‍ത്തിച്ചു. ഓപ്പണറായ രോഹിത് ശര്‍മ്മയ്ക്ക് പകരമാണ് സഞ്ജുവിനെ കോലി ടീമിലെടുത്തത്. യുവതാരത്തിന് അവസരമൊരുക്കുക എന്നത് മാത്രമായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. ഋഷഭ് പന്തിനെ പരിഗണിക്കാതെയായിരുന്നു സഞ്ജുവിന് ഈ അവസരം ഒരുക്കികൊടുത്തത്. ശ്രീലങ്കയ്‌ക്കെതിരേ മൂന്നാമതാണ് ഇറക്കിയതെങ്കില്‍ ഇത്തവണ മലയാളി താരത്തെ കോലി ഓപ്പണറാക്കി. കെയ്ന്‍ വില്ല്യംസണ്‌ പരുക്കായതിനാല്‍ പകരം നായകനായെത്തിയ ടിം സൗത്തി ടോസ് ജയിച്ച് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചതോടെ, സഞ്ജുവിന്റെ ബാറ്റിങ് കാണാന്‍ അധികം കാത്തിരിക്കേണ്ടിയും വന്നില്ല.

Read More: 'പ്രിയപ്പെട്ട ന്യൂസീലന്‍ഡ്, സൂപ്പര്‍ ഓവര്‍ നിങ്ങളെ സ്‌നേഹിക്കുന്നില്ല'

എന്നാല്‍ സ്‌കോട്ട് കുഗ്ഗെലെയ്‌ന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തു വരെ സഞ്ജുവിന് ആയുസുണ്ടായിരുന്നുള്ളു. ആദ്യ പന്തില്‍ സഞ്ജു എല്ലാവരേയും ആവേശത്തിലാഴ്ത്തി. മിഡിലിനും ലെഗ്ഗിനുമിടയിലായി കുഗ്ഗെലെയ്‌ന്റെ ലെങ്ത് ഡെലിവറി. സഞ്ജുവിന്റെ ഫ്‌ളിക് ഷോട്ട് നിലംതൊടാതെ ഗാലറിയിലെത്തി. കുഗ്ഗെലെയ്‌ന്റെ അടുത്ത പന്ത് വൈഡ്. 141 കിലോമീറ്റര്‍ വേഗതയിലെത്തിയ രണ്ടാം പന്ത് സഞ്ജു പ്രതിരോധിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ പിഴച്ചു. കണ്ണുംപൂട്ടി സിക്‌സര്‍ അടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പാളി. നേരെ ഉയര്‍ന്നുപൊങ്ങിയ പന്ത് പിച്ചിന് തൊട്ടരികെ മിച്ചല്‍ സാന്റ്‌നര്‍ അനായാസം കൈപ്പിടിയിലൊതുക്കി. വീണ്ടും സിക്‌സര്‍ അടിച്ച് കൊതിപ്പിച്ച് സഞ്ജു കീഴടങ്ങി. ലങ്കയ്‌ക്കെതിരേ രണ്ടു പന്തില്‍നിന്ന് ആറു റണ്‍സെടുത്താണ് പുറത്തായതെങ്കില്‍ ഇക്കുറി അഞ്ച് പന്തില്‍ എട്ട് റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

ഈ പ്രകടനം ആവര്‍ത്തിച്ചാല്‍ സഞ്ജുവിന് മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാകും. നിലയുറപ്പിച്ച് കളിക്കാനും കിട്ടുന്ന അവസരങ്ങളില്‍ തിളങ്ങാനും തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും സഞ്ജു പഠിക്കേണ്ടതുണ്ട്. ആകെ ആശ്വാസം നല്‍കുന്നത് ഫീല്‍ഡിങ്ങിലെ പ്രകടനം മാത്രമാണ്.  മൂന്നാം ട്വന്റി-20യില്‍ പകരക്കാരനായി ഫീല്‍ഡിങ്ങിനിറങ്ങിയ സഞ്ജു കിവീസ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലിനെ പുറത്താക്കാന്‍ ബൗണ്ടറി ലൈനിന് അരികില്‍ മനോഹരമായൊരു ക്യാച്ചെടുത്തിരുന്നു. നാലാം ട്വന്റി-20യിലും സഞ്ജുവിന്റെ ഫീല്‍ഡിങ് മികവ് കണ്ടു.

ഡീപില്‍ ഫീല്‍ഡ് ചെയ്ത സഞ്ജു രണ്ട് ബൗണ്ടറികള്‍ സേവ് ചെയ്തു. ഒപ്പം 20-ാം ഓവറിലെ അവസാന പന്തിലെ റണ്‍ഔട്ടിനായി കെ.എല്‍ രാഹുലിന് പന്ത് എറിഞ്ഞുകൊടുത്തതും ഡീപില്‍ ഫീല്‍ഡറായിരുന്ന സഞ്ജുവാണ്. ആ റണ്‍ ഔട്ടിലാണ് മത്സരം സമനില ആയത്. മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയം മാത്രമുള്ള സഞ്ജുവിനെ സൂപ്പര്‍ ഓവറില്‍ കെ.എല്‍ രാഹുല്‍ പുറത്തായപ്പോള്‍ വിരാട് കോലി കളിക്കാനിറക്കിയതും മലയാളി താരത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ്. ടോപ് ഓര്‍ഡറില്‍ സഞ്ജു നിര്‍ഭയനാണെന്നും സൂപ്പര്‍ ഓവറില്‍ കെ.എല്‍ രാഹുലിനൊപ്പം സഞ്ജുവിനെ ബാറ്റിങ്ങിന് അയക്കാന്‍ ആലോചിച്ചിരുന്നു എന്നുമുള്ള കോലിയുടെ പ്രതികരണം കൂടി ഇതിനോടൊപ്പം കൂട്ടിവായിക്കാം. ഒന്നു രണ്ടു ഇന്നിങ്‌സില്‍ മികച്ച ബാറ്റിങ് കൂടി പുറത്തെടുത്താല്‍ സഞ്ജുവിന്റെ സമയം വരുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. 

Content Highlights: Sanju Samson performance India vs New Zealand fourth T20 cricket