ഹോക്കി ഇതിഹാസം പി.ആര്‍. ശ്രീജേഷ് വിരമിച്ചപ്പോള്‍ താരമണിഞ്ഞിരുന്ന 16-ാം നമ്പര്‍ ജേഴ്സി ഹോക്കി ഇന്ത്യ പിന്‍വലിച്ചു. താരത്തോടുള്ള ആദരസൂചകമായാണ് തീരുമാനം. കായികചരിത്രത്തില്‍ ഇതുപോലെ 'വിരമിച്ച' ഒട്ടേറേ ജേഴ്സികളും നമ്പറുകളുമുണ്ട്. അതില്‍ ഭൂരിഭാഗവും താരങ്ങളുടെ വിരമിക്കലിനൊപ്പം പിന്‍വലിക്കപ്പെട്ടവയാണ്. മറ്റുചിലത് താരങ്ങളുടെ മരണത്തോടെയും. ചരിത്രത്തിലെ പിന്‍വലിക്കപ്പെട്ട പ്രധാന ജേഴ്സി നമ്പറുകള്‍...

To advertise here,

സച്ചിന്റെ 10, ധോനിയുടെ 7

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കരിയറില്‍ ഏറെക്കാലം അണിഞ്ഞിരുന്നത് 10-ാം നമ്പര്‍ ജേഴ്സിയായിരുന്നു. മഹേന്ദ്രസിങ് ധോനിയാകട്ടെ ഏഴാം നമ്പര്‍ ജേഴ്സില്‍ രണ്ടു ലോകകപ്പ് കിരീടങ്ങളിലേക്കാണ് ഇന്ത്യയെ നയിച്ചത്. ഇരുവരും കളംവിട്ടതോടെ ഈ രണ്ട് നമ്പറുകളും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പിന്‍വലിച്ചു.

പെലെയുടെയും മാറഡോണയുടെയും 10

ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെയും മാറഡോണയും തിളങ്ങിയത് അവരുടെ പത്താം നമ്പര്‍ ജേഴ്സിയിലായിരുന്നു. മാറഡോണ കളിനിര്‍ത്തിയപ്പോള്‍ താരം മുന്‍പ് കളിച്ച ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളി അവരുടെ 10-ാം നമ്പര്‍ ജേഴ്സി വിരമിച്ചതായി പ്രഖ്യാപിച്ചു. പെലെ കളിച്ച ന്യൂയോര്‍ക്ക് കോസ്മോസ് ക്ലബ്ബ് അവരുടെ പത്താം നമ്പറും ആദരസൂചകമായി പിന്‍വലിച്ചു.

മിലാനിലില്ലാത്ത മൂന്നും ആറും

ഇറ്റാലിയന്‍ ക്ലബ്ബ് എ.സി. മിലാനില്‍ മൂന്നാം നമ്പറും ആറാം നമ്പറുമില്ല. ക്ലബ്ബിന്റെ ഇതിഹാസങ്ങളായ പൗലോ മാള്‍ഡീനിയും ഫ്രാങ്കോ ബറേസിയും വിരമിച്ചതോടെയാണ് ഈ രണ്ട് നമ്പര്‍ ജേഴ്സികളും വിരമിച്ചത്. മാള്‍ഡീനിയുടേതാണ് മൂന്നാം നമ്പര്‍. ബറേസി അണിഞ്ഞിരുന്നത് ആറാം നമ്പര്‍ ജേഴ്സിയും.

ഡെംപോയിലില്ലാത്ത 10-ാം നമ്പര്‍

ഗോവയിലെ പ്രശസ്ത ഫുട്ബോള്‍ ക്ലബ്ബായ ഡെംപോയില്‍ 2004 മുതല്‍ പത്താം നമ്പര്‍ ജേഴ്സിയില്ല. അവരുടെ ബ്രസീലിയന്‍ താരമായ ക്രിസ്റ്റ്യാനോ ജൂനിയര്‍ കളിക്കിടെ മരിച്ചതോടെയാണ് താരത്തിന്റെ പത്താം നമ്പര്‍ ജേഴ്സി ആദരസൂചകമായി പിന്‍വലിച്ചത്.

ഫോര്‍മുല വണ്ണിലെ 17

ഫോര്‍മുല വണ്ണില്‍ 17-ാം നമ്പര്‍ 2014-നുശേഷം ഒരു കാറിനും നല്‍കിയിട്ടില്ല. ഫ്രഞ്ച് ഡ്രൈവറായിരുന്ന ജൂള്‍സ് ബിയാന്‍സിയുടെ അപകടമരണത്തോടെയാണ് താരത്തിന്റെ വാഹനനമ്പറായിരുന്ന 17 പിന്‍വലിക്കപ്പെട്ടത്.

ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവന്ന 21

ആറ് സീസണുകളില്‍ ടീമില്‍ കളിച്ച പ്രതിരോധനിരതാരം സന്ദേശ് ജിംഗാന്‍ ക്ലബ്ബ് വിട്ടപ്പോഴാണ് ആദരസൂചകമായി 21-ാം നമ്പര്‍ ജേഴ്സി വിരമിക്കുന്നതായി 2020-ല്‍ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. എന്നാല്‍, രണ്ടുവര്‍ഷത്തിനുശേഷം നമ്പര്‍ തിരിച്ചെത്തി. ജിംഗാന്‍ ക്ലബ്ബിനെതിരേ നടത്തിയ മോശം പരാമര്‍ശത്തെത്തുടര്‍ന്നാണ് 21-ാം നമ്പര്‍ ജേഴ്സിയുടെ വിരമിക്കല്‍ പിന്‍വലിച്ചത്.