2013 നവംബറിലെ വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. രണ്ടു പതിറ്റാണ്ടു കാലത്തിലേറെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരത്തിന്റെ വിരമിക്കല്‍ പരമ്പര കൂടിയായിരുന്നു അത്. സച്ചിന്‍ വിട പറയുകയും വിരാട് കോലി അടുത്ത സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് നടന്നടുക്കുകയും ചെയ്യുന്ന കാലം. അതേ 2013 നവംബറില്‍ സച്ചിന് വിരമിച്ച് നാലു ദിവസങ്ങള്‍ക്കിപ്പുറം സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ പേരുകേട്ട ഹാരിസ് ഷീല്‍ഡ് മത്സരത്തില്‍ ഒരു പതിനാലുകാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിലേക്ക് ഇടിച്ചുകയറി. മുംബൈക്കാരന്‍ പൃഥ്വി ഷാ. റിസ്വി സ്പ്രിങ്ഫീല്‍ഡ് സ്‌കൂളിനായി 330 പന്തുകളില്‍ നിന്ന് 546 റണ്‍സടിച്ച പൃഥ്വി ഇന്ത്യന്‍ സ്‌കൂള്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും സ്വന്തമാക്കി. (2016-ല്‍ പിന്നീട് ഇത് പ്രണവ് ധന്‍വാഡെ തിരുത്തിയിരുന്നു). 

To advertise here,

അന്ന് ആറു മണിക്കൂറിലേറെ ക്രീസില്‍ ചെലവഴിച്ച് 85 ഫോറുകളും അഞ്ചു സിക്‌സറുകളുമടക്കമായിരുന്നു കുഞ്ഞു പൃഥ്വിയുടെ ആ ഇന്നിങ്‌സ്. 1988-ല്‍ ഇതേ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ 326 റണ്‍സടിച്ചാണ് സച്ചിനും ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയമാകുന്നത്. 1988 ഫെബ്രുവരി 24-ന് നടന്ന ആ മത്സരത്തില്‍ സച്ചിനേക്കാള്‍ തിളങ്ങിയ ഒരാളുണ്ടായിരുന്നു. സച്ചിനൊപ്പം അന്ന് ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂളിനായി 664 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പങ്കാളിയായ വിനോദ് കാംബ്ലി. അന്ന് 349 റണ്‍സടിച്ച കാംബ്ലിയെ കുറിച്ചു പറയാന്‍ പരിശീലകര്‍ക്കും മറ്റും നൂറു നാവായിരുന്നു. പ്രതിഭയില്‍ സച്ചിനേക്കാള്‍ എത്രയോ മുകളിലെന്ന് പേരെടുത്തിരുന്ന കാംബ്ലി. സച്ചിന്‍ പില്‍ക്കാലത്ത് ക്രിക്കറ്റിലെ ഇതിഹാസ പുരുഷനായി വളര്‍ന്നപ്പോള്‍ കാംബ്ലിയുടെ വീഴ്ച അവിശ്വസനീയമായിരുന്നു.

കളത്തിനകത്തേക്കാള്‍ കളത്തിനു പുറത്തെ കാര്യങ്ങളില്‍ ആനന്ദം കണ്ടെത്തിയ കാംബ്ലിയില്‍നിന്ന് ക്രിക്കറ്റ് പതിയെ നഷ്ടപ്പെട്ടുപോകുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ കാംബ്ലി, ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റേതായ നേട്ടങ്ങള്‍ ഒന്നും തന്നെ അടയാളപ്പെടുത്താനാകാതെ മാഞ്ഞുപോകുകയായിരുന്നു. പൃഥ്വി ഷായുടെ ഇന്നത്തെ പോക്കുകണ്ട് ആരാധകരും പറയുന്നത് അതുതന്നെ. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സച്ചിന്‍ തെണ്ടുല്‍ക്കറെന്നായിരുന്നു പൃഥ്വിയെ മുന്‍ താരങ്ങളടക്കം വിശേഷിപ്പിച്ചത്. പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി കാംബ്ലിയിലേക്കാണ് പൃഥ്വി നടന്നകലുന്നത്. പ്രതിഭാധനനായ താരമായി എത്തി വെറും അഞ്ചു ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20-യും മാത്രമാണ് ദേശീയ ടീം ജേഴ്‌സിയില്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്. 2021 ജൂലായ്ക്ക് ശേഷം ദേശീയ ടീമിന്റെ പടിക്ക് പുറത്തും.

placeholder
പൃഥ്വിയെ കുറിച്ചുള്ള പത്രവാർത്ത

അരങ്ങേറ്റങ്ങളിലെ താരം

ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ പ്രമുഖ സ്‌പോര്‍ട്‌സ് ഡോക്യുമെന്ററി നിര്‍മാതാക്കളായ ട്രാന്‍സ് വേള്‍ഡ് സ്‌പോര്‍ട്ട് ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് പൃഥ്വിയുടെ ഒരു ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തിരുന്നു. അപ്പോഴേക്കും മാധ്യമങ്ങള്‍ ഭാവി സച്ചിനെന്ന് വിശേഷിപ്പിച്ച് പൃഥ്വിയെ വാനോളം പുകഴ്ത്തിയിരുന്നു. പിന്നാലെ പെട്ടെന്നായിരുന്നു ഷായുടെ വളര്‍ച്ച. 

വൈകാതെ 2016-17 സീസണില്‍ മുംബൈയുടെ രഞ്ജി ട്രോഫി ടീമിലേക്ക് വിളിയെത്തിയ പൃഥ്വി അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി വരവറിയിച്ചു. പിന്നാലെ ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും സെഞ്ചുറിയുമായി തിളങ്ങി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശേഷം രഞ്ജി, ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം. പൃഥ്വി ഇന്ത്യയ്ക്കായി കളിക്കുമെന്ന് പ്രവചിച്ചവരില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ഉണ്ടായിരുന്നു. 2010-ല്‍ പൃഥ്വിക്ക് വെറും എട്ടു വയസുള്ളപ്പോഴായിരുന്നു സച്ചിന്റെ പ്രവചനം. ഒരു ലോക്കല്‍ ടൂര്‍ണമെന്റിനിടെ പൃഥ്വി ഷായുടെ ബാറ്റിങ് സച്ചിന്‍ കണ്ടിരുന്നു. അന്നത്തെ പ്രകടനം കണ്ട ശേഷമായിരുന്നു സച്ചിന്റെ പ്രതികരണം. ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ചവെച്ച മികച്ച പ്രകടനങ്ങള്‍ ഷായെ 2018-ലെ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിച്ചു. ന്യൂസീലന്‍ഡില്‍ നടന്ന ടൂര്‍ണമെന്റില്‍ കലാശപ്പോരില്‍ ഓസീസിനെ തകര്‍ത്ത് കിരീടവുമായാണ് ഷായും സംഘവും മടങ്ങിയെത്തിയത്. ശുഭ്മാന്‍ ഗില്‍, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിങ് തുടങ്ങിയ ഇപ്പോഴത്തെ ഇന്ത്യന്‍ സീനിയര്‍ ടീം അംഗങ്ങളെല്ലാം അന്ന് പൃഥ്വി ഷായുടെ ടീമില്‍ കളിച്ചവരായിരുന്നു.

അക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഷായുടെ പേരു തന്നെയാണ് കേള്‍ക്കാനുണ്ടായിരുന്നത്. ഒടുവില്‍ 2018 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ഷായ്ക്ക് വിളിയെത്തി. ഒക്ടോബര്‍ നാലിന് രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കെ.എല്‍. രാഹുലിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് ഷായായിരുന്നു. മികച്ച സ്‌ട്രോക്ക് പ്ലേയുമായി കളംനിറഞ്ഞ ഷാ ആദ്യദിനത്തില്‍ തന്നെ സെഞ്ചുറിയും കുറിച്ച് റെക്കോഡിട്ടു. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരം. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം. അന്താരാഷ്ട്ര ടെസ്റ്റ് ചരിത്രത്തില്‍ അരങ്ങേറ്റ സെഞ്ചുറി നേടുന്ന ഏഴാമത്തെ പ്രായം കുറഞ്ഞ താരം. എന്നിങ്ങനെ പോകുന്നു അന്ന് ഷാ സ്വന്തമാക്കിയ നേട്ടങ്ങള്‍. 18 വര്‍ഷവും 329 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സീനിയര്‍ ടീമിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഏകദിന ശൈലിയില്‍ തുടക്കക്കാരന്റെ പതര്‍ച്ച ഇല്ലാതെയുള്ള ഷായുടെ ഇന്നിങ്‌സ്. 154 പന്തുകള്‍ നേരിട്ട് 19 ബൗണ്ടറികളടക്കം 134 റണ്‍സെടുത്ത ഷാ ഇന്ത്യന്‍ ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമാകുമെന്നായിരുന്നു അന്ന് പല പ്രമുഖരുടെയും വാക്കുകള്‍. അരങ്ങേറ്റ ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും അരങ്ങേറ്റ പരമ്പരയിലെ തന്നെ മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരവും സ്വന്തമാക്കിയാണ് താരം അന്ന് വരവറിയിച്ചത്. 100 ശതമാനവും സെലക്ടര്‍മാരുടെ തീരുമാനത്തോട് നീതി പുലര്‍ത്തിയ പ്രകടനം.

placeholder
വിൻഡീസിനെതിരേ കന്നി സെഞ്ചുറി നേടിയ ശേഷം | Photo: AP

അന്നത്തെ ആ പ്രകടനത്തിനു ശേഷം പതിനെട്ട് വയസില്‍ തങ്ങളാരും പൃഥ്വി ഷായുടെ പത്ത് ശതമാനം പോലും ഉണ്ടായിരുന്നില്ലെന്നായിരുന്നു നായകനായിരുന്ന വിരാട് കോലിയുടെ പ്രശംസ. യാതൊരു കൂസലുമില്ലാതെ ബോളര്‍മാരെ നേരിടുന്ന പൃഥ്വിയുടെ ആത്മവിശ്വാസം ഇന്ത്യന്‍ ടീമിനു മുതല്‍ക്കൂട്ടാണെന്നുകൂടി കോലി അന്ന് പറഞ്ഞുവെച്ചു. വിന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 134 റണ്‍സടിച്ച ഷാ രണ്ടാം ടെസ്റ്റില്‍ 70, പുറത്താകാതെ 33  എന്നിങ്ങനെ സ്‌കോര്‍ ചെയ്താണ് പരമ്പരയുടെ താരമായത്.

ഷായില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ബ്രയാന്‍ ലാറ എന്നിവരുടെ അംശം കാണാമെന്നായിരുന്നു പരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ വാക്കുകള്‍. ക്രിക്കറ്റ് കളിക്കാന്‍ ജനിച്ചവനാണ് പൃഥ്വി ഷാ എന്നുകൂടി അന്ന് അദ്ദേഹം പറഞ്ഞുവെച്ചു. ഇപ്പോഴുള്ള പ്രകടനം തലയ്ക്കു പിടിക്കാതെ കഠിനാധ്വാനം തുടര്‍ന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ഭാവിയുള്ള താരമാണ് പൃഥ്വി ഷായെന്നും ശാസ്ത്രി അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി വന്നുചേര്‍ന്ന പണവും പ്രശസ്തിയും നിയന്ത്രിക്കാന്‍ പൃഥ്വി ഷായ്ക്ക് സാധിച്ചില്ല. അത് പിന്നീട് ക്രിക്കറ്റ് കരിയറിനെയും സ്വന്തം വ്യക്തിത്വത്തെ പോലും ബാധിച്ചു.

തിരിച്ചടികള്‍ തുടങ്ങുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ തങ്ങള്‍ക്ക് വിരാട് കോലിക്കു ശേഷം ഒരു സൂപ്പര്‍ സ്റ്റാറിനെ കിട്ടിയ ആവേശത്തിലായിരുന്നു. 2018-ലെ ബോര്‍ഡര്‍- ഗാവസ്‌ക്കര്‍ ട്രോഫിക്കുള്ള ടീമിലും ഓപ്പണറായി ഷായെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തു. താരത്തിന്റെ കഴിവില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസം അത്രത്തോളം ഉണ്ടായിരുന്നു. എന്നാല്‍, ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനുമായുള്ള പരിശീലന മത്സരം ഷായുടെ കരിയറിലെ തിരിച്ചടികളുടെ തുടക്കമായിരുന്നു. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 69 പന്തില്‍ 66 റണ്‍സടിച്ച ഷാ പരമ്പരയിലെ ഓപ്പണര്‍ സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു. എന്നാല്‍, ഫീല്‍ഡിങ്ങിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ താരത്തിന് അതോടെ ഓസീസ് പരമ്പര നഷ്ടമായി. നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.

ടീമിലേക്ക് മടങ്ങിവരവിന് ശ്രമിക്കുന്നതിനിടെ 2019 ജൂലായില്‍ ഷാ ഒരു വിവാദത്തില്‍പ്പെട്ടു. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനിടെ ശേഖരിച്ച ഷായുടെ മൂത്ര സാമ്പിളില്‍ നിരോധിത വസ്തുവായ ടെര്‍ബുട്ടാലൈനിന്റെ (ഉത്തേജകം) സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ ബി.സി.സി.ഐ. താരത്തെ എട്ടു മാസത്തേക്ക് വിലക്കി. കടുത്ത ചുമയും ജലദോഷവും മാറാന്‍ കഴിച്ച മരുന്നാണ് വില്ലനായതെന്നായിരുന്നു അന്ന് താരത്തിന്റെ വിശദീകരണം. ടീം ഫിസിയോയെ അറിയിക്കാതെ കഴിച്ച കഫ്‌ സിറപ്പില്‍നിന്നാണ് നിരോധിത വസ്തു ശരീരത്തിലെത്തിയത്. എന്നാല്‍, ചുമയോ ജലദോഷമോ ഉണ്ടായിരുന്നതായി അറിയില്ലെന്നായിരുന്നു മുംബൈ ടീം ഫിസിയോയുടെ റിപ്പോര്‍ട്ട്.

വിലക്കിന്റെ നാളുകള്‍ ഷായെ മാനസികമായും ശാരീരികമായും തളര്‍ത്തി. 2020 ജനുവരിയില്‍ മുംബൈ ഡ്രസ്സിങ് റൂമിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ഷായ്ക്ക് താക്കീത് ലഭിച്ചു. പരിക്കും കളത്തിലെയും കളത്തിന് പുറത്തെയും അച്ചടക്കമില്ലായ്മ ഷായ്ക്ക് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് കഠിനമാക്കി. കുത്തഴിഞ്ഞ ജീവിതവും ജീവിതശൈലിയും ഫിറ്റ്‌നസിനെയും ബാധിക്കാന്‍ തുടങ്ങി. ഒരിക്കല്‍ മുംബൈ മാനേജര്‍ തന്നെ പൃഥ്വിക്കെതിരെ പരസ്യമായി രംഗത്തെത്തുന്നതുവരെയെത്തി കാര്യങ്ങള്‍.

ഇതിനിടെ വിലക്കിനു ശേഷം തിരിച്ചെത്തിയ ഷാ മുംബൈക്കായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തി. പിന്നാലെ രഞ്ജിയില്‍ ബറോഡയ്‌ക്കെതിരേ ഇരട്ട സെഞ്ചുറിയുമായി തിളങ്ങുകയും ചെയ്തു. ഷായുടെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി കൂടിയായിരുന്നു ഇത്. പക്ഷേ കര്‍ണാടകയ്ക്കെതിരായ രഞ്ജി മത്സരത്തില്‍ വീണ്ടും പരിക്കേറ്റു.

placeholder
Photo: Getty Images

പരിക്ക് അഭിനയിച്ചു, രഹാനെ കൈയോടെ പിടിച്ചു

ഒടുവില്‍ 2020-ലെ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിക്കുള്ള ടീമിലേക്ക് ഷായ്ക്ക് വിളിയെത്തി. എന്നാല്‍ ഡിസംബറില്‍ സിഡ്‌നിയില്‍ നടന്ന സന്നാഹ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്ക് അഭിനയിച്ച ഷായെ, ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ കൈയോടെ പിടികൂടി. ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് പരിശീലകനായിരുന്ന ആര്‍. ശ്രീധര്‍  ഒരു പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിഡ്നിയിലെ ഡ്രമ്മോയിനില്‍ നടന്ന സന്നാഹ മത്സരത്തില്‍ പൃഥ്വി ഷാ ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. ബാറ്റര്‍ സ്വീപ് ചെയ്ത പന്ത് തടയാനുള്ള ശ്രമത്തിനിടെ ഷായുടെ കാലില്‍ പന്ത് തട്ടി. ഡ്രസ്സിങ് റൂമിന്റെ ഭാഗത്തേക്ക് മുടന്തിനടക്കുകയായിരുന്നു ഷാ. എന്നാല്‍ സ്ലിപ്പിലുണ്ടായിരുന്ന രഹാനെ പന്ത് ഷായുടെ എവിടെയാണ് തട്ടിതെന്ന് വ്യക്തമായി കണ്ടിരുന്നു. ഷായുടെ അടുത്തേക്ക് ചെന്ന രഹാനെ നിനക്ക് പകരം ഫീല്‍ഡ് ചെയ്യാന്‍ മറ്റാരും വരില്ലെന്നും നിനക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിയാമെന്നും പറഞ്ഞു. ഫീല്‍ഡ് ചെയ്ത് മടുത്ത് തിരികെ ഡ്രസ്സിങ് റൂമില്‍ പോയി വിശ്രമിക്കാന്‍ ഒരു അവസരം നോക്കിയതായിരുന്നു ഷാ. രഹാനെയാകട്ടെ നേരേ ഷോര്‍ട്ട് ഫൈന്‍ ലെഗിലെ തന്റെ ഫീല്‍ഡിങ് പൊസിഷനിലേക്കു പോകാന്‍ ഷായോട് കടുത്ത ഭാഷയില്‍ തന്നെ പറഞ്ഞു.

തുടര്‍ന്ന് അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ അവസരം ലഭിച്ച ഷാ ഒന്നാം ഇന്നിങ്‌സില്‍ വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ട് ഡക്കായി മടങ്ങി. രണ്ടാം ഇന്നിങ്‌സില്‍ വെറും നാലു റണ്ണിനും പുറത്തായി. ഇതോടെ പരമ്പരയില്‍ പിന്നീട് ഷായ്ക്ക് അവസരവും ലഭിച്ചില്ല. പകരം ടീമിലെത്തിയ ശുഭ്മാന്‍ ഗില്ലാകട്ടെ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. 

പിന്നാലെ 2021 ഏപ്രിലില്‍ പരിശീലിക്കാനുള്ള പൃഥ്വി ഷായുടെ അലസതയ്‌ക്കെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരിശീലകനും മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിങ് തന്നെ രംഗത്തെത്തി. മോശം ഫോമിലായ ഷായെ നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിന് വിളിച്ചാല്‍ പറ്റില്ലെന്ന മറുപടിയാണ് ഉണ്ടാകാറ് എന്നായിരുന്നു പോണ്ടിങ് പറഞ്ഞത്. നന്നായി റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍ ഷായ്ക്ക് മുഴുവന്‍ സമയവും ബാറ്റിങ് പരിശീലിക്കണം. എന്നാല്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ മോശം സ്‌കോറുകള്‍ വന്നാല്‍ പിന്നെ താരം ബാറ്റിങ് പരിശീലിക്കുക പോലുമില്ല. ഷാ ടീമിനായി തന്റെ മികവ് പുറത്തെടുക്കുന്നില്ലെന്നും അക്കാലത്ത് പോണ്ടിങ് വിമര്‍ശിച്ചിരുന്നു.

placeholder
Photo: Getty Images

ഇതിനകംതന്നെ ഷായുടെ ഫിറ്റ്‌നസും മോശമായിരുന്നു. 2022-ലെ ഐ.പി.എല്ലിനു മുമ്പായി നടത്തിയ യോ യോ ടെസ്റ്റില്‍ ഷാ പരാജയപ്പെട്ടത് വലിയ വാര്‍ത്തയായി. മിനിമം 16.5 സ്‌കോര്‍ ചെയ്യേണ്ടിടത്ത് പൃഥ്വി ഷായ്ക്ക് 15 പോയന്റ് സ്‌കോര്‍ ചെയ്യാനായിരുന്നില്ല. ഇതിനിടെ ഇന്ത്യന്‍ ദേശീയ ടീമില്‍നിന്ന് പുറത്തായിരുന്നു. 2021-ല്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ അവസരം കിട്ടുമെന്ന് ഷാ കരുതിയിരുന്നെങ്കിലും സെലക്ടര്‍മാര്‍ താരത്തെ പുറത്തുനിര്‍ത്തി. വിജയ് ഹസാരെ ട്രോഫിയിലും ഐ.പി.എല്ലിലും പുറത്തെടുത്ത മികച്ച പ്രകടനം തുണയ്ക്കുമെന്നായിരുന്നു താരത്തിന്റെ പ്രതീക്ഷ. സെലക്ഷന്‍ ലഭിക്കണമെങ്കില്‍ ഭാരം കുറയ്ക്കണമെന്ന് സെലക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ ആഭ്യന്തര ക്രിക്കറ്റില്‍ ചെറിയ ചെറിയ മിന്നലാട്ടങ്ങള്‍ ഷാ പുറത്തെടുക്കുന്നുണ്ടായിരുന്നു. 2020-21 വിജയ് ഹസാരെ ട്രോഫിയില്‍ എട്ടു കളികളില്‍നിന്ന് 827 റണ്‍സടിച്ചു. ഇതില്‍ പുതുച്ചേരിക്കെതിരായ മത്സരത്തില്‍ മുംബൈ ക്യാപ്റ്റന്‍ കൂടിയായിരുന്ന താരം ഇരട്ട സെഞ്ചുറിയുമടിച്ചു. 152 പന്തുകള്‍ നേരിട്ട് അഞ്ചു സിക്‌സും 31 ഫോറുമടക്കം 227 റണ്‍സാണ് ഷാ അടിച്ചെടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും ഷാ സ്വന്തമാക്കി. 219 റണ്‍സെടുത്ത മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ റെക്കോഡാണ് ഷാ മറികടന്നത്.

തിരിച്ചടികള്‍ക്കിടെ കഴിഞ്ഞ വര്‍ഷം രഞ്ജിയില്‍ അസമിനെതിരേ 379 റണ്‍സടിച്ചും ഷാ റെക്കോഡിട്ടു. രഞ്ജിയിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോഡാണ് ഷാ സ്വന്തമാക്കിയത്. 383 പന്തുകളില്‍നിന്ന് 49 ഫോറും നാല് സിക്സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സഞ്ജയ് മഞ്ജരേക്കര്‍ 1991-ല്‍ മുംബൈയ്ക്ക് വേണ്ടി ഹൈദരാബാദിനെതിരേ നേടിയ 377 റണ്‍സിന്റെ റെക്കോഡും ഷാ മറികടന്നു.

എന്നാല്‍, പിന്നാലെ കളത്തിനു പുറത്തെ അടുത്ത വിവാദവുമെത്തി. 2023 ഫെബ്രുവരിയില്‍ സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പൃഥ്വി ഷായെ കാറില്‍ പിന്തുടര്‍ന്നെത്തി ഒരു സംഘം ആക്രമിക്കുകയായിരുന്നു. കാറും തകര്‍ക്കപ്പെട്ടു.

placeholder
Photo: Getty Images

മുംബൈ ഒഷിവാരയിലായിരുന്നു സംഭവം. ഹോട്ടലില്‍ പൃഥ്വി ഷായെ കണ്ട് രണ്ടുപേര്‍ അടുത്ത് ചെന്ന് സെല്‍ഫി എടുക്കാന്‍ അനുമതി ചോദിച്ചു. ഇതിന് താരം സമ്മതിച്ചു. എന്നാല്‍ ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തി വീണ്ടും സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെട്ടതോടെ ഷാ അത് നിരസിക്കുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിച്ചു. സംഘം പിന്മാറാതിരുന്നതോടെ അദ്ദേഹം ഹോട്ടല്‍ മാനേജരെ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. ഇതോടെ സംഘത്തോട് ഹോട്ടല്‍ വിടാന്‍ മാനേജര്‍ ആവശ്യപ്പെട്ടു.

പിന്നീട് പൃഥ്വി ഷാ ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയതോടെ ബേസ് ബോള്‍ ബാറ്റുമായി കാത്തിരുന്ന എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. താരവും സുഹൃത്തും കാറില്‍ രക്ഷപ്പെട്ടപ്പോള്‍, പിന്തുടര്‍ന്ന അക്രമികള്‍ ട്രാഫിക് സിഗ്നലില്‍വച്ച് കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തല്ലിത്തകര്‍ത്തെന്നും പരാതിയിലുണ്ട്. ഷാ സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യു. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. 

ഒടുവില്‍ 2023 ഓഗസ്റ്റില്‍ കൗണ്ടിയിലെ വണ്‍ഡേ കപ്പില്‍ നോര്‍ത്താംടണ്‍ഷെയറിനായി കളിക്കാന്‍ ഷാ ഇംഗ്ലണ്ടിലേക്കു പറന്നു. സോമര്‍സെറ്റിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ഡബിള്‍ സെഞ്ചുറി നേടി ഷാ വാര്‍ത്തകളില്‍ ഇടംനേടി. 153 പന്തില്‍നിന്ന് 11 സിക്‌സും 28 ഫോറുമടക്കം 244 റണ്‍സാണ് ഷാ അടിച്ചുകൂട്ടിയത്.

ഏറ്റവും ഒടുവിലിതാ അച്ചടക്കമില്ലായ്മയും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം മുംബൈ ടീം തങ്ങളുടെ രഞ്ജി ട്രോഫി ടീമില്‍നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയിരിക്കുകയാണ്. ടീമിന്റെ പരിശീലന സെഷനുകള്‍ മുടക്കുന്നത് പതിവാക്കിയ ഷായെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഒഴിവാക്കിയിരിക്കുന്നത്. സമയത്ത് പരിശീനത്തിന് എത്താറുമില്ലായിരുന്നു. പരിശീലനത്തിന് എത്തിയാല്‍ പോലും മാറിനില്‍ക്കുകയും മുന്‍കൂട്ടി അറിയിക്കാതെ പരിശീലന സെഷനുകള്‍ മുടക്കുന്നതും പതിവാക്കിയ ഷായുടെ ഉത്തരവാദിത്തമില്ലായ്മ ടീം മാനേജ്‌മെന്റിന്റെയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും കടുത്ത എതിര്‍പ്പ് വിളിച്ചുവരുത്തിയിരുന്നു.

ശരീരഭാരം കൂടിയതിനാല്‍ കളിക്കാന്‍ യോഗ്യനല്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. സീസണില്‍ കളിച്ച രണ്ടു മത്സരങ്ങളിലും  പരാജയമായിരുന്നു. ഇതിനൊപ്പമാണ് പരിശീലിക്കാനുള്ള മടിയും. സഞ്ജയ് പാട്ടീല്‍ (ചെയര്‍മാന്‍), രവി താക്കര്‍, ജീതേന്ദ്ര താക്കറെ, കിരണ്‍ പൊവാര്‍, വിക്രാന്ത് യെലിഗെതി എന്നിവരടങ്ങുന്ന മുംബൈ സെലക്ഷന്‍ കമ്മിറ്റിയാണ് ഇപ്പോള്‍ മാറ്റിനിര്‍ത്തിയിരിക്കുന്നത്. ത്രിപുരയ്‌ക്കെതിരായ മൂന്നാം റൗണ്ട് മത്സരത്തില്‍ നിന്നാണ്  മാറ്റിനിര്‍ത്തിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നതെങ്കിലും തുടര്‍ന്ന് കളിപ്പിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

placeholder
പൃഥ്വി ഷായുടെ അച്ഛൻ പങ്കജ് ഷാ | Photo: Trans world sport

ഇന്ത്യയുടെ ഭാവി സച്ചിനെന്ന് ഐ.സി.സി. പോലും വിശേഷിപ്പിച്ച താരത്തിനാണ് ഇപ്പോള്‍ ഈ വിധി. നാലാം വയസില്‍ അമ്മയെ നഷ്ടപ്പെട്ടതാണ് പൃഥ്വിക്ക്. പിന്നീട് അവനെല്ലാം അച്ഛന്‍ പങ്കജ് ഷായായിരുന്നു. 2006-ല്‍ പൃഥ്വിയുടെ ക്രിക്കറ്റ് കരിയറിനു വേണ്ടിയാണ് പങ്കജ്, വിരാറില്‍നിന്ന് തന്റെ ബിസിനസ് പോലും ഉപേക്ഷിച്ച് ബാന്ദ്രയിലേക്ക് മാറുന്നത്. മുംബൈയുടെ മുന്‍ സ്പിന്നറായിരുന്ന നിലേഷ് കുല്‍ക്കര്‍ണിയാണ് ഷായിലെ പ്രതിഭയെ കണ്ടെടുക്കുന്നത്. ഷായെ കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഫീച്ചറുകളും പങ്കജ് ശേഖരിച്ച് വെച്ചിട്ടുണ്ട്. എല്ലാറ്റിലും ഇന്ത്യയുടെ ഭാവി സച്ചിന്‍ എന്ന വിശേഷണം തന്നെ. പക്ഷേ, കുത്തഴിഞ്ഞ ജീവിതവും കൂട്ടുകെട്ടും ഷായെ ക്രിക്കറ്റില്‍നിന്നും അകറ്റുകയാണ്. തനിക്കായി ജീവിതം മാറ്റിവെച്ച അച്ഛനുവേണ്ടിയെങ്കിലും ഷാ തന്നെ തന്നെ പരിവര്‍ത്തനം ചെയ്‌തെടുക്കേണ്ടതുണ്ട്. പ്രതിഭ മാത്രം നിങ്ങളെ ഉയരങ്ങളിലെത്തിക്കുകയില്ലെന്ന് സച്ചിനും കോലിയുമെല്ലാം കാണിച്ചുതന്ന കാലത്താണ് പൃഥ്വിയും ജീവിക്കുന്നത്. അയാളിലെ ക്രിക്കറ്ററെ ഇന്ത്യന്‍ ക്രിക്കറ്റ് കാത്തിരിപ്പുണ്ട്. 2021 ജൂലായ്ക്ക് ശേഷമുള്ള ശൂന്യത ഇല്ലാതാക്കാള്‍ പൃഥ്വി തന്നെ വിചാരിക്കണം.