
ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടാറുള്ളത് ഗോളുകൾ സ്‌കോർ ചെയ്യുന്നവരാണ്. അവരുടെ ഡ്രിബ്ലിങ്ങും സ്‌കില്ലുകളുമെല്ലാം ആരാധകർ വാനോളം പുകഴ്ത്തുകയും ചെയ്യും. അവരാണ് പലപ്പോഴും സ്റ്റേഡിയത്തിലെ കയ്യടികൾ കരസ്ഥമാക്കുക. എന്നാൽ ഓരോ വിജയത്തിന്റെയും അടിത്തറ പലപ്പോഴും ഗോൾവല കാത്തുസൂക്ഷിക്കുന്നവരും പ്രതിരോധം പടുത്തുയർത്തുന്നവരുമാകാം. പലപ്പോഴും ലോകം അവരെ തിരിച്ചറിയാൻ അൽപം വൈകാറുണ്ട്. എങ്കിലും ഒരുനാൾ നാം അവരെ തിരിച്ചറിയും, അവരുടെ ഓരോ ടാക്കിളുകളും ക്ലിയറൻസുകളും ആഘോഷിക്കും.
ഫ്രാൻസ് ബെക്കൻബോവർ, ഫ്രാങ്കോ ബറെസി, പവ്‌ലോ മാൾഡിനി, കാർലോസ് പ്യുയോൾ, ജെറാർഡ് പിക്വെ, സെർജിയോ റാമോസ്, വിർജിൽ വാൻഡൈക്ക് തുടങ്ങി ആ നിര നീളും. ഇത്തവണത്തെ ലോകകപ്പിനു ശേഷം ഈ നിരയിലേക്ക് അടുത്തതായി ഇടംപിടിക്കുമെന്ന് ഫുട്‌ബോൾ ലോകം ഉറപ്പിച്ച ഒരു പേരുണ്ട്, പാവു കുബാർസി. സ്‌പെയിനിന്റെയും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെയും റൈറ്റ് സെന്റർ ബാക്കായ 19-കാരൻ പയ്യൻ.
ഇന്നത്തെ ഫുട്‌ബോളിൽ ഒരു സെന്റർ ബാക്കിന്റെ ജോലി പന്ത് ക്ലിയർ ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. പലപ്പോഴും ഒരു മുന്നേറ്റം ആരംഭിക്കുന്നതും സമ്മർദഘട്ടങ്ങളിൽ ടീമിനെ ശാന്തമാക്കുന്നതും, എതിരാളിയുടെ ആക്രമണത്തെ വായിച്ചെടുക്കുന്നതും, കളിയുടെ ഒഴുക്ക് നിയന്ത്രിക്കുന്നതുമെല്ലാം ഇന്നത്തെ പ്രതിരോധനിരയിലെ താരങ്ങളുടെ ഉത്തരവാദിത്തമാണ്.
ഒരുതരത്തിൽ പറഞ്ഞാൽ ഈ മാറ്റത്തിന് തുടക്കം കുറിച്ചത് ടോട്ടൽ ഫുട്‌ബോളിന്റെ വക്താവായ യൊഹാൻ ക്രൈഫും പിന്നീട് പെപ് ഗ്വാർഡിയോളയും വളർത്തിയെടുത്ത ബാഴ്‌സലോണയുടെ ഫുട്‌ബോൾ തത്വശാസ്ത്രമാണ്. പന്ത് കൈവശം വെച്ച് അപാര നിയന്ത്രണത്തോടെ കളിക്കുന്ന ടീമിന്, പന്ത് കൈകാര്യം ചെയ്യാൻ അറിയുന്ന പ്രതിരോധതാരങ്ങളും വേണം. അതുകൊണ്ടാണ് ബാഴ്‌സലോണ ഒരു ഡിഫൻഡറെ തിരഞ്ഞെടുക്കുമ്പോൾ ആദ്യം എത്ര ടാക്കിളുകൾ വിജയകരമായി പൂർത്തിയാക്കി എന്നതിനേക്കാൾ പാസിങ് നിലവാരത്തിനും കളി വായിച്ചെടുക്കാനുള്ള കഴിവിനും പ്രാമുഖ്യം കൊടുക്കുന്നത്. ബാഴ്‌സയുടെ ഈ തത്വത്തിന്റെ ഏറ്റവും പുതിയ പ്രതീകമാണ് പാവു കുബാർസി.
കൗമാരപ്രായത്തിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ എഫ്‌സി ബാഴ്‌സലോണയുടെ പ്രതിരോധത്തിന്റെ കേന്ദ്രബിന്ദുവാകുക എന്നത് അസാധാരണ നേട്ടമാണ്. അതും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ഒരു ക്ലബ്ബിൽ. അനുഭവസമ്പന്നരായ പല താരങ്ങൾക്കും സാധിക്കാത്ത ഉത്തരവാദിത്വമാണ് കുബാർസി വളരെ കൂളായി ഏറ്റെടുത്തത്.
ആദ്യം കാണുമ്പോൾ കുബാർസിയുടെ വേഗമോ കരുത്തോ അല്ല മറിച്ച് അയാളുടെ അസാധാരണമായ ശാന്തതയാണ് നാം ശ്രദ്ധിക്കുക. എത്ര വലിയ എതിരാളികളാണെങ്കിലും പന്ത് കാലിലെത്തുമ്പോൾ പരിഭ്രമമില്ല, മുന്നിൽ മൂന്ന് താരങ്ങൾ പ്രസ്സ് ചെയ്യുമ്പോഴും അതേ ഭാവം തന്നെ. ഇതാണ് ഇന്നത്തെ പല ഡിഫൻഡർമാരിൽ നിന്നും കുബാർസിയെ വ്യത്യസ്തനാക്കുന്നത്.
സ്‌പെയിനിന്റെ വടക്കുകിഴക്കൻ മേഖലയായ കാറ്റലോണിയയിലെ ജിറോണ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ചെറിയ ഗ്രാമമായ എസ്റ്റാന്യോളിൽ നിന്നാണ് കുബാർസിയുടെ വരവ്. ഏതാണ്ട് നൂറിലേറെ ആളുകൾ മാത്രം താമസിക്കുന്ന പ്രദേശം. ലോകപ്രശസ്ത ഫുട്‌ബോൾ അക്കാദമികളൊന്നും തന്നെ അവിടെയില്ല. അവിടെ നിന്നാണ് കുബാർസി ബാഴ്‌സയുടെയും സ്‌പെയിനിന്റെയും പ്രതിരോധത്തിലെ പ്രധാനിയായത്.
സ്‌പെയിനിലെ മിക്ക കുട്ടികളെയും പോലെ ഫുട്‌ബോൾ നന്നേ ചെറുപ്പത്തിൽ തന്നെ കുബാർസിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ഗ്രാമത്തിലെ മൈതാനത്ത് കൂട്ടുകാർക്കൊപ്പം പന്തു തട്ടിയാണ് തുടക്കം. മണ്ണും ചെളിയും നിറഞ്ഞ ഗ്രൗണ്ടിൽ അന്ന് മണിക്കൂറുകളോളം പന്ത് തട്ടിക്കളിച്ച ആ ബാലൻ, പിൽക്കാലത്ത് താൻ ബാഴ്‌സലോണയിൽ കളിക്കുമെന്നത് സ്വപ്‌നം പോലും കണ്ടിരിക്കാൻ വഴിയില്ല.
അന്ന് അവനെ കൂടെക്കളിക്കുന്ന മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയ ഒരു കാര്യമുണ്ടായിരുന്നു. എല്ലാവരും പന്തുമായി മുന്നേറാനും ഗോളടക്കാനും ശ്രമിച്ചപ്പോൾ ഗോൾ തടയുന്നതിലായിരുന്നു കുബാർസി ആനന്ദം കണ്ടെത്തിയത്. പല കുട്ടികളും സ്‌ട്രൈക്കറാകാൻ ആഗ്രഹിക്കുന്ന പ്രായത്തിൽ തന്നെ പ്രതിരോധനിരയിലെ കളിയുടെ സൗന്ദര്യം അവൻ ആസ്വദിക്കുകയായിരുന്നു.
ഓരോ വലിയ താരത്തിന്റെയും തുടക്കം ചെറിയ ക്ലബ്ബിൽ നിന്നായിരിക്കും. കുബാർസിയുടെയും കഥ വ്യത്യസ്തമായിരുന്നില്ല. പ്രാദേശിക ക്ലബ്ബായ ബെസ്‌കാനോ എഫ്‌സിയിലൂടെയാണ് കുബാർസി പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. മറ്റു കുട്ടികളെപ്പോലെ പന്തിന് പിന്നാലെ ഓടുന്ന സ്വഭാവമായിരുന്നില്ല അവന്. ആദ്യാവസാനം അവൻ കളി നന്നായി നിരീക്ഷിക്കുമായിരുന്നു. ദൃഢമായ പേശികളും ഉറച്ച ശരീരവുമുണ്ടെങ്കിൽ ഒരാൾക്ക് മികച്ച സെന്റർ ബാക്കാകാനാകില്ല. അതിന് കളിയെ മറ്റുള്ളവരേക്കാൾ ഏതാനും സെക്കൻഡ് മുമ്പ് വായിച്ചെടുക്കാനുള്ള കഴിവുകൂടി വേണം. അത് തെളിയിച്ചയാളാണ് കുബാർസി.
കാറ്റലോണിയ മുഴുവൻ വ്യാപിച്ചുകിടക്കുന്ന സ്‌കൗട്ടിങ് സംവിധാനമാണ് ബാഴ്‌സലോണയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന്. ചെറിയ ഗ്രാമങ്ങളിൽ നിന്ന് പോലും മികച്ച പ്രതിഭകളെ കണ്ടെത്താൻ ക്ലബ്ബ് പതിറ്റാണ്ടുകളായി മികച്ച പ്രവർത്തനമാണ് നടത്തുന്നത്. അത്തരമൊരു സ്‌കൗട്ടിങ്ങിലാണ് കുബാർസി ബാഴ്‌സലോണയുടെ ശ്രദ്ധയിൽപ്പെടുന്നത്. അന്ന് ബാഴ്‌സയുടെ സ്‌കൗട്ടുകൾ കണ്ടത് വേഗതയേറിയ ഒരു ഡിഫൻഡറെയല്ല. കരുത്തുറ്റ ഒരു താരത്തെയും അല്ല. അവർ കണ്ടത് അസാധാരണമായ ഫുട്‌ബോൾ ബുദ്ധിയുള്ള ഒരു ബാലനെയായിരുന്നു. എത്ര വലിയ സമ്മർദമുണ്ടായാലും പന്ത് നഷ്ടപ്പെടുത്താത്ത ആത്മവിശ്വാസം, കൃത്യമായ പാസിങ്, മികച്ച പൊസിഷനിങ്, എതിരാളിയുടെ നീക്കങ്ങൾ മുൻകൂട്ടി വായിച്ചറിയാനുള്ള കഴിവ്. ഈ ഗുണങ്ങളാണ് ബാഴ്‌സലോണയെ കുബാർസിയെ ലാ മാസിയയിലേക്ക് ക്ഷണിക്കാൻ പ്രേരിപ്പിച്ചത്. ആ തീരുമാനം അവന്റെ ജീവിതം മാറ്റിമറിക്കുകയും ചെയ്തു.
ലാ മാസിയ എന്നത് കേവലമൊരു അക്കാദമി മാത്രമല്ല. അത് ഒരു ഫുട്‌ബോൾ സർവകലാശാലയാണ്. അവിടെ എത്തുന്ന ഓരോ കുട്ടിയും ആദ്യം പഠിക്കുന്നത് പന്ത് എങ്ങനെ കിക്ക് ചെയ്യണം എന്നതല്ല. പന്തിനെ എങ്ങനെ മനസ്സിലാക്കണം എന്നതാണ്. കുബാർസിയുടെ ജീവിതത്തിലെ ഏറ്റവും നിർണായക അധ്യായം ആരംഭിക്കുന്നതും അവിടെ നിന്നാണ്. ഒരു ഫുട്‌ബോൾ താരത്തെ പരിശീലിപ്പിക്കാൻ ലോകത്ത് ആയിരക്കണക്കിന് അക്കാദമികളുണ്ട്. എന്നാൽ ഒരു കളിക്കാരനെ മാത്രമല്ല, ഒരു ഫുട്‌ബോൾ തത്വചിന്തയെ രൂപപ്പെടുത്തുന്ന അക്കാദമികൾ വളരെ വിരളമാണ്. ആ പട്ടികയിൽ മുൻപന്തിയിലാണ് ബാഴ്‌സലോണയുടെ ലാ മാസിയ.
ഒരു കുട്ടി ലാ മാസിയയിൽ പ്രവേശിക്കുമ്പോൾ, അവൻ ഫുട്‌ബോൾ കളിക്കാൻ മാത്രമല്ല പഠിക്കുന്നത്. പന്തുമായി എങ്ങനെ ചിന്തിക്കണം, എങ്ങനെ തീരുമാനമെടുക്കണം, എങ്ങനെ സമ്മർദത്തെ അതിജീവിക്കണം, എങ്ങനെ ടീമിന്റെ ഭാഗമാകണം എന്നെല്ലാം പഠിക്കുന്നു. ലാ മാസിയയുടെ അടിസ്ഥാന തത്വം വളരെ ലളിതമാണ്. 'പന്താണ് ടീമിന്റെ ഏറ്റവും വലിയ ആയുധം.' എതിരാളിക്ക് പന്ത് കിട്ടാതിരുന്നാൽ അവർക്ക് ഗോൾ നേടാനാവില്ല. അതിനാൽ പന്ത് കൈവശം വെയ്ക്കുക എന്നതാണ് ബാഴ്‌സലോണയുടെ തത്വശാസ്ത്രം. ഈ ആശയം ഒരു മധ്യനിര താരത്തിനോ ഫോർവേഡിനോ മാത്രം ബാധകമല്ല. ഡിഫൻഡർമാർക്കും അത് ബാധകമാണ്. അതാണ് ഇന്ന് നാം കുബാർസിയിൽ കാണുന്നത്.
ലാ മാസിയയിൽ നടക്കുന്നത് വെറും ഗ്രൗണ്ടിലെ പരിശീലനം മാത്രമല്ല. വീഡിയോ വിശകലനം ദിവസേനയുള്ള പരിശീലനത്തിന്റെ ഭാഗമാണ്. ഒരു മത്സരം കഴിഞ്ഞാൽ മണിക്കൂറുകളോളം ആ മത്സരത്തിന്റെ വീഡിയോ കാണും. എവിടെയാണ് പൊസിഷനിങ് തെറ്റിയത്? എന്തുകൊണ്ട് ആ പാസ് വിജയിച്ചില്ല? ആക്രമണം എങ്ങനെ ആരംഭിക്കാമായിരുന്നു? ഒരു ടാക്കിൾ ആവശ്യമുണ്ടായിരുന്നോ? തുടങ്ങി ആ കളിയുടെ എല്ലാ മേഖലയെ കുറിച്ചും വിശകലനം ചെയ്യും.
ലാ മാസിയയിലെ പരിശീലകർ പലപ്പോഴും കുബാർസിയെ 'പ്ലേമേക്കർ ഡിഫൻഡർ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 'പന്താണ് എപ്പോഴും ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത്.' അതുകൊണ്ട് തന്നെ പന്തിനെ വേഗത്തിൽ നീക്കുന്ന താരങ്ങളാണ് മികച്ചവർ. കുബാർസിയുടെ പാസുകളുടെ പ്രത്യേകതയും ഇതായിരുന്നു. പന്ത് അനാവശ്യമായി അവൻ കൈവശം വെയ്ക്കാറില്ല. രണ്ട് ടച്ചിനുള്ളിൽ പന്ത് പാസ് ചെയ്തിരിക്കും.
മൂന്ന് ടച്ചിനുള്ളിൽ കളി മാറ്റൽ. വലതുവശത്ത് നിന്ന് ഇടതുവശത്തേക്ക് നീളൻ ഡയഗണൽ പാസ്, മധ്യനിരയെ മറികടക്കുന്ന ഗ്രൗണ്ട് പാസ് തുടങ്ങി ഇന്ന് നമ്മൾ ലോകകപ്പ് വേദികളിൽ കണ്ടതെല്ലാം വളരെ ചെറുപ്പത്തിൽ തന്നെ അവന്റെ കളിയുടെ ഭാഗമായിരുന്നു.
ബാഴ്‌സലോണ വലിയ തിരിച്ചടികളിലൂടെ കടന്നുപോകുന്ന സമയം. ലയണൽ മെസ്സിക്ക് ക്ലബ്ബ് വിടേണ്ടി വന്നതും തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാനുള്ള ബുദ്ധിമുട്ടുകളും വേതനപരിധിയുടെ നിയന്ത്രണങ്ങളുമെല്ലാം ക്ലബ്ബിനെ വരിഞ്ഞുമുറുക്കുന്ന കാലം. ഈ സാഹചര്യത്തിൽ ക്ലബ്ബിന് സ്വന്തം അക്കാദമിയിലെ പ്രതിഭകളെ ആശ്രയിക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. ലമിൻ യമാൽ, ഹെക്ടർ ഫോർട്ട്, മാർക്ക് കസാഡോ, ഫെർമിൻ ലോപ്പസ് എന്നിവർക്കൊപ്പം മറ്റൊരു പേരുകൂടി ക്ലബ്ബിനകത്ത് ഉയർന്നുവന്നു. പാവു കുബാർസി. ആദ്യം അതൊരു ഭാവി പദ്ധതിയായിരുന്നെങ്കിലും, അധികം വൈകാതെ അത് അടിയന്തര ആവശ്യമായി മാറി. കാരണം സീനിയർ ടീമിന് പ്രതിരോധത്തിൽ നേതൃഗുണമുള്ള ഒരു താരത്തെ ആവശ്യമുണ്ടായിരുന്നു. കുബാർസിയല്ലാതെ അവർക്കു മുന്നിൽ മറ്റ് മികച്ച ഓപ്ഷനുകളൊന്നും ഉണ്ടായിരുന്നില്ല.
അക്കാലത്ത് ബാഴ്‌സലോണയുടെ പരിശീലകനായിരുന്ന സാവി ഹെർണാണ്ടസ് ലാ മാസിയയിലെ താരങ്ങളെ അടുത്തുനിന്ന് നിരീക്ഷിക്കുന്ന കോച്ചായിരുന്നു. യുവടീമുകളുടെ പരിശീലന സെഷനുകളിൽ അദ്ദേഹം പതിവായി പങ്കെടുക്കുമായിരുന്നു. അവിടെ നിന്നാണ് കുബാർസി അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ലാ മാസിയയിൽ പരിശീലനം നേടിയ ഒരു കൗമാരപ്രതിഭ, ഇനി യൂത്ത് ടീമിന്റെ ജേഴ്‌സി മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിന്റെ സീനിയർ ടീമിന്റെ ജേഴ്‌സിയും അണിയാൻ ഒരുങ്ങുകയായിരുന്നു.
ലാ മാസിയയിലെത്തുന്ന ഓരോ താരത്തിന്റെയും സ്വപ്‌നമാണ് ബാഴ്‌സയുടെ സീനിയർ ടീമിലെ സ്ഥാനം. എന്നാൽ യഥാർഥ പരീക്ഷണം തുടങ്ങുന്നത് ആ സ്വപ്‌നം യാഥാർഥ്യമാകുമ്പോഴാണ്. ലാ മാസിയയിലെ വിവിധ പ്രായപരിധിയിൽ മികവ് തെളിയിച്ച നൂറുകണക്കിന് താരങ്ങൾക്ക് ബാഴ്‌സ സീനിയർ ടീമിന്റെ പടിവാതിൽക്കലെത്തി തിരികെമടങ്ങേണ്ടി വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിന്റെ ജേഴ്‌സി ധരിക്കുക മാത്രമല്ല, ആ ജേഴ്‌സിയുടെ ഭാരവും പ്രതീക്ഷയും താങ്ങുക എന്നതാണ് ഏറ്റവും പ്രയാസമുള്ള കാര്യം. കുബാർസിയുടെ കാര്യത്തിൽ ആ സമ്മർദം ഇരട്ടിയായിരുന്നു. കാരണം അവൻ ടീമിലെത്തിയ സമയത്ത് ബാഴ്‌സലോണ വലിയ മാറ്റത്തിന്റെ പാതയിലായിരുന്നു.
ലയണൽ മെസ്സിയുടെ വിടവാങ്ങൽ ബാഴ്‌സലോണയ്ക്ക് നഷ്ടമാക്കിയത് വെറുമൊരു താരത്തെ മാത്രമായിരുന്നില്ല. ക്ലബ്ബിന്റെ ആത്മവിശ്വാസത്തിന്റെ വലിയൊരു ഭാഗവും കൂടിയായിരുന്നു. സാമ്പത്തിക പ്രതിസന്ധി, താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിലെ നിയന്ത്രണങ്ങൾ, യൂറോപ്യൻ മത്സരങ്ങളിലെ നിരാശകൾ ഇതെല്ലാം ക്ലബ്ബിനെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് പരിശീലകനായി സാവി ഹെർണാണ്ടസ് എത്തുന്നത്. സാവിക്ക് ബാഴ്‌സയെ പുറത്തുനിന്ന് പഠിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഈ ക്ലബ്ബിന്റെ ഡിഎൻഎ എന്താണെന്ന് ഏറ്റവും നന്നായി അറിയുന്നത് സാവിക്ക് തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ആദ്യം നോക്കിയത് ട്രാൻസ്ഫർ മാർക്കറ്റിലേക്കല്ല, ലാ മാസിയയിലേക്കാണ്. അവിടെ നിന്നാണ് ലമിൻ യമാലും ഫെർമിൻ ലോപ്പസും മാർക്ക് കാസഡോയും ഹെക്ടർ ഫോർട്ടും ഒടുവിൽ പാവു കുബാർസിയും ബാഴ്‌സയുടെ ഫസ്റ്റ് ടീമിലേക്കെത്തുന്നത്.
പെഡ്രിക്ക് 17-ാം വയസിൽ ബാഴ്‌സയുടെ മധ്യനിരയിൽ വലിയ ഉത്തരവാദിത്തം നൽകിയത് സാവിയാണ്. ഗാവിയെ ലോകഫുട്‌ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥിരം മധ്യനിര താരങ്ങളിൽ ഒരാളാക്കി. യമാലിന് യൂറോപ്പിലെ ഏറ്റവും വലിയ വേദികളിൽ അവസരം നൽകി. അതേ വിശ്വാസം തന്നെയാണ് കുബാർസിക്കും ലഭിച്ചത്. കുബാർസിയുടെ പാസിങ്ങിലെ കൃത്യതയാണ് പരിശീലകരെ ആകർഷിച്ചത്. ഡിഫൻഡറെന്ന നിലയിൽ പന്ത് വെറുതെ ക്ലിയർ ചെയ്ത് കളയുന്നതിനു പകരം പന്ത് കാലിൽ നിന്ന് നഷ്ടപ്പെടുത്താതെ ഒരു മുന്നേറ്റം സൃഷ്ടിക്കാനുള്ള കഴിവാണ് കുബാർസിയെ വ്യത്യസ്തനാക്കുന്നത്.
Photo: Getty Images[Missing Credit]
ബാഴ്‌സലോണ ആരാധകർക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. അവർ വലിയ പേരുകളെ മാത്രം ആഘോഷിക്കുന്നവരല്ല. ക്ലബ്ബിന്റെ ഫുട്‌ബോൾ സംസ്‌കാരം മനസിലാക്കുന്ന താരങ്ങളെയാണ് അവർ കൂടുതൽ സ്‌നേഹിക്കുന്നത്. അതുകൊണ്ടാണ് കാർലോസ് പുയോൾ ഒരു ഇതിഹാസമായത്. അതുകൊണ്ടാണ് സാവിയും ഇനിയെസ്റ്റയും ബുസ്‌ക്വെറ്റ്‌സുമെല്ലാം ഇന്നും ആരാധകരുടെ ഹൃദയത്തിൽ ജീവിക്കുന്നത്. വളരെ വേഗത്തിൽ ആ വിശ്വാസം നേടിയെടുക്കാൻ കുബാർസിക്കായി. കാരണം അവൻ ലാ മാസിയയുടെ പ്രതിനിധിയായിരുന്നു. ബാഴ്‌സലോണയുടെ ഡിഎൻഎയുടെ തുടർച്ചയായിരുന്നു.
സാവിക്കു ശേഷം ബാഴ്‌സയുടെ പരിശീലകനായി ഹാൻസി ഫ്‌ളിക്ക് എത്തിയപ്പോൾ ഈ യുവതാരങ്ങൾക്ക് പഴയതുപോലെ അവസരം ലഭിക്കുമോ എന്ന സംശയം പലരും ഉന്നയിച്ചു. എന്നാൽ ആദ്യ ദിനങ്ങളിൽ തന്നെ ഫ്‌ളിക്ക് ആ സംശയത്തിന് മറുപടി നൽകി. ഫ്‌ളിക്കിന്റെ സിസ്റ്റത്തിൽ കുബാർസിക്കുള്ള റോൾ വളരെ വലുതായിരുന്നു. ഹൈ ലൈൻ ഡിഫൻസ്, തുടർച്ചയായ പ്രസ്സിങ്, വേഗത്തിലുള്ള ട്രാൻസിഷൻ എന്നിവയെല്ലാമായിരുന്നു ഫ്‌ളിക്കിന്റെ സിസ്റ്റത്തിന്റെ പ്രത്യേകത. ഈ ശൈലിയിൽ കളിക്കുന്ന ടീമിന്റെ സെന്റർ ബാക്കിന് അസാധാരണമായ പൊസിഷനിങ് ആവശ്യമാണ്. ഫ്‌ളിക്ക്, കുബാർസിയിൽ അതിനുള്ള എല്ലാ ഗുണങ്ങളും കണ്ടു.
ഫുട്‌ബോളിൽ ഒരു പഴമൊഴിയുണ്ട്. 'ഒരു മികച്ച സ്‌ട്രൈക്കർ നിങ്ങളെ ഒരു മത്സരം ജയിപ്പിക്കും; ഒരു മികച്ച പ്രതിരോധനിര കിരീടം നേടിത്തരും.' ഈ വാചകം പലപ്പോഴും കേൾക്കാറുണ്ടെങ്കിലും, അതിന്റെ യഥാർഥ അർഥം മനസിലാകുന്നത് വലിയ ടൂർണമെന്റുകളിലാണ്. ലോകകപ്പ്, യൂറോ കപ്പ്, ചാമ്പ്യൻസ് ലീഗ് ഇത്തരം വേദികളിൽ ഒരു നിമിഷത്തെ പ്രതിരോധ പിഴവ് മുഴുവൻ സീസണിന്റെ കഥ മാറ്റിമറിച്ചേക്കാം.
ബാഴ്‌സലോണയുടെ ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. അവരുടെ വിജയകരമായ ഓരോ കാലഘട്ടത്തിനും പിന്നിൽ ശക്തമായ ഒരു സെന്റർ ബാക്ക് കൂട്ടുകെട്ടുണ്ടായിരുന്നു. റൊണാൾഡ് കോമാനും മിഗ്വേൽ ആൻഹൽ നദാലും. പിന്നീട് കാർലസ് പുയോളും റാഫേൽ മാർക്വസും. അതിന് ശേഷം പുയോളും ജെറാർഡ് പിക്വേയും. ഗ്വാർഡിയോളയുടെ സുവർണകാലത്ത് പിക്വേയും മഷറാനോയും. ഈ കൂട്ടത്തിലെ അടുത്ത കണ്ണിയാണ് കുബാർസി. അവൻ ടീമിലുണ്ടാകുമ്പോൾ ബാഴ്‌സലോണയുടെ ബിൽഡ്-അപ്പിന് കൂടുതൽ ആത്മവിശ്വാസമുണ്ടായി. ഗോൾകീപ്പറിൽ നിന്ന് മധ്യനിരയിലേക്കുള്ള ആദ്യ പാസ് പലപ്പോഴും കുബാർസിയിലൂടെയായിരുന്നു.
കളിയിൽ കുബാർസിയെ കാണുമ്പോൾ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ടാക്കിളുകളല്ല മറിച്ച് പാസുകളാണ്, അവയുടെ കൃത്യതയാണ്. എതിരാളികൾ ഉയർന്ന പ്രസ്സിങ് നടത്തുമ്പോൾ പല സെന്റർ ബാക്കുകളും സുരക്ഷിതമായി ലോങ് ബോൾ കളിച്ച് അപകടമൊഴിവാക്കാറാണ് പതിവ്. എന്നാൽ കുബാർസി ഇക്കാര്യത്തിൽ തീർത്തും വ്യത്യസ്തനാണ്. സമ്മർദം അവന് ഒരു പ്രശ്‌നമല്ല. ഒരു കൃത്യമായ ഗ്രൗണ്ട് പാസ്. രണ്ട് എതിരാളികൾക്കിടയിലൂടെ പോകുന്ന ലൈൻ-ബ്രേക്കിങ് പാസ്. അല്ലെങ്കിൽ മറുവശത്തേക്ക് കൃത്യമായി പതിക്കുന്ന ഡയഗണൽ പാസ്. ഇതിലൂടെ എതിരാളികളുടെ മുഴുവൻ പ്രസ്സിങ് സംവിധാനത്തെയും നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ കുബാർസിക്ക് സാധിക്കുന്നു.
ടാക്കിളുകൾ ആഘോഷിക്കുന്ന ആരാധകരുണ്ട്. പക്ഷേ പരിശീലകർ ആഘോഷിക്കുന്നത് ടാക്കിളുകൾ ആവശ്യമില്ലാത്ത ഡിഫൻഡർമാരെയാണ്. കുബാർസി ഈ വിഭാഗത്തിൽപ്പെടുന്ന താരമാണ്. അവസാന നിമിഷം സ്ലൈഡ് ടാക്കിൾ ചെയ്യേണ്ട സാഹചര്യം കുബാർസിയുടെ കരിയറിൽ കുറവാണ്. കാരണം അതിനുമുമ്പേ ശരിയായ പൊസിഷനിൽ അദ്ദേഹം എത്തിക്കഴിഞ്ഞിരിക്കും.
ബാഴ്‌സയിൽ പുറത്തെടുത്ത മികച്ച പ്രകടനങ്ങൾ അധികം വൈകാതെ കുബാർസിക്കു മുന്നിൽ സ്പാനിഷ് ദേശീയ ടീമിന്റെ വാതിൽ തുറന്നുകൊടുത്തു. സ്‌പെയിനിന്റെ യുവതാരങ്ങളിൽ അതിനോടകം തന്നെ ശ്രദ്ധേയനായിരുന്നു അവൻ. ബാഴ്‌സയ്ക്കായി പുറത്തെടുത്ത പക്വമായ പ്രകടനങ്ങൾ കുബാർസിയുടെ ദേശീയ ടീമിലെ സ്ഥാനം ഉറപ്പിക്കുന്നതായി. അവന്റെ പാസിങ്ങ് ശൈലി സ്‌പെയിന്റെ പൊസഷൻ അടിസ്ഥാനമാക്കിയുള്ള ഫുട്‌ബോളിന് യോജിച്ചതായിരുന്നു.
2026 ലോകകപ്പിൽ കുബാർസി പുറത്തെടുത്ത പ്രകടനം സ്‌പെയിനിനും കോച്ച് ലൂയിസ് ഡെ ലാ ഫ്യുവന്തെയ്ക്കും അവന്റെ കാര്യത്തിൽ തെറ്റുപറ്റിയിട്ടില്ലെന്നതിന് തെളിവായി. ലോകകപ്പ് മത്സരങ്ങളിലുടനീളം താരം പുറത്തെടുത്ത പ്രകടനം പല മുൻ താരങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. ടാക്കിളുകളിലോ ക്ലിയറൻസുകളിലോ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സ്‌പെയിനിനായുള്ള കുബാർസിയുടെ കളി. കുബാർസിയുള്ളപ്പോൾ സ്‌പെയിനിന്റെ പ്രതിരോധത്തിൽ നിന്നായിരുന്നു ആക്രമണങ്ങളുടെ പിറവി. സ്‌പെയിന്റെ ബിൽഡ്-അപ്പിലെ ആദ്യ കണ്ണിയായി അദ്ദേഹം മാറി. മധ്യനിരയിലേക്ക് കൃത്യമായ പാസുകൾ നൽകി. പ്രസ്സിങ് പൊളിച്ചു. ഒരു യുവതാരത്തിൽ നിന്ന് പരിശീലകർ പ്രതീക്ഷിച്ചതിനേക്കാൾ പക്വമായ പ്രകടനമായിരുന്നു അത്. ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള ട്രോഫിയുമായാണ് കുബാർസി യുഎസിൽ നിന്ന് മടങ്ങിയത്.
പ്രതിരോധത്തിൽ ലിബറോ എന്ന പൊസിഷന്റെ വക്താവായയിരുന്നു ഫ്രാൻസ് ബെക്കൻ ബോവർ. പ്രതിരോധത്തിൽ നിന്ന് ആക്രമണങ്ങൾ സൃഷ്ടിച്ചിരുന്നത് കാരണമാണ് ഈ പേരുവന്നത്. കുബാർസി ലിബറോയായി കളിക്കുന്നില്ല. പക്ഷേ പ്രതിരോധത്തിൽ നിന്ന് കളി നിയന്ത്രിക്കുന്ന രീതിയിൽ ബെക്കൻബോവറുടെ സ്വാധീനം ഓർമിപ്പിക്കുന്ന ചില ഘടകങ്ങൾ അദ്ദേഹത്തിന്റെ കളിയിലുണ്ട്.
മാൾഡീനിയും പുയോളും പിക്വെയും റാമോസും വാൻഡൈക്കുമെല്ലാം ഒരു ദശാബ്ദത്തിലേറെ ഉയർന്ന നിലവാരം പുലർത്തിയ ശേഷമാണ് ഇതിഹാസങ്ങളായത്. കുബാർസി ഇപ്പോൾ ആ യാത്രയുടെ തുടക്കത്തിലാണ്.
Content Highlights: Pau Cubarsi's evolution from a local village talent to a global defensive star., His tactical role in Barcelona's system under Hansi Flick., The influence of La Masia's philosophy on his 'playmaker-defender' style., His standout performance at the 2026 World Cup in the US, winning Best Young Player., Comparison to defensive legends like Maldini and Beckenbauer.
Published: 31 Jul 2026, 03:58 pm IST
ABOUT THE AUTHOR

Abhinath Thiruvalath
tabhinath@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented