1932-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സ്. ഹോക്കിയിൽ ഇന്ത്യയും ആതിഥേയരായ അമേരിക്കയും ഏറ്റുമുട്ടുന്നു. മൈതാനത്ത് ചടുലമായ നീക്കങ്ങളുമായി കളിനിറഞ്ഞ് കളിക്കുന്ന ഇന്ത്യ യു.എസ് വലയിലേക്ക് ഗോൾ വർഷം നടത്തുകയാണ്. ഇതിനിടെ ഇന്ത്യൻ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്ന ഒരു താരത്തിന്റെ ഹോക്കി സ്റ്റിക്കിന്റെ കാര്യത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് ഒരു അമേരിക്കൻ താരം ബഹളം തുടങ്ങി. ആ ഇന്ത്യൻ താരമാകട്ടെ ബഹളമുണ്ടാക്കിയ അമേരിക്കൻ താരത്തിന് തന്റെ ഹോക്കി സ്റ്റിക്ക് നൽകി പകരം അയാളുടെ സ്റ്റിക്കുമായി കളിതുടർന്നു. എന്നിട്ടും ഗോളുകൾ വീഴുന്നതിനും ഇന്ത്യയുടെ മുന്നേറ്റത്തിനും യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. മത്സരം അവസാനിച്ചപ്പോൾ ഗോൾനില ഇങ്ങനെ - ഇന്ത്യ-24, അമേരിക്ക-1.

To advertise here,

അന്ന് എട്ടു ഗോളുകളോടെ അമേരിക്കൻ കാണികളെ തന്റെ ഹോക്കി സ്റ്റിക്കിലെ മാന്ത്രികത കൊണ്ട് അതിശയിപ്പിച്ച ആ ഇന്ത്യക്കാരന്റെ പേര് മേജർ ധ്യാൻചന്ദ് സിങ്. ഇന്ത്യയുടെ ഹോക്കി മാന്ത്രികൻ. ഇന്ത്യൻ ഹോക്കിക്ക് പകരം വെയ്ക്കാനില്ലാത്ത നേട്ടങ്ങൾ സമ്മാനിച്ച ആ പ്രതിഭയുടെ ജന്മദിനമായ ഓഗസ്റ്റ് 29 രാജ്യം ദേശീയ കായികദിനമായി ആചരിക്കുന്നു. ഇതേ ദിവസമാണ് ദേശീയ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്.

1928, 1932, 1936 തുടങ്ങി തുടർച്ചയായ മൂന്നു തവണ ഇന്ത്യയ്ക്ക് ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ മെഡൽ നേടത്തന്ന താരം. ധ്യാൻചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956-ൽ പദ്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഹോക്കിയിൽ നിരവധി വിജയങ്ങൾ ഇന്ത്യയ്ക്കായി നേടിയ താരം നാനൂറിലേറെ ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ഒടുവിൽ കരളിന് കാൻസർ ബാധിച്ച് 1979 ഡിസംബർ മൂന്നിനായിരുന്നു ആ പ്രതിഭയുടെ അന്ത്യം.

Content Highlights: National Sports Day 2020 commemorate the birth anniversary of hockey wizard Dhyan Chand