നാളെ ഓഗസ്റ്റ് 29, രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുന്ന ദിവസം. ഒരു ഹോക്കി സ്റ്റിക്കിൽ ഒളിപ്പിച്ച മായാജാലത്താൽ ഇന്ത്യയുടെ യശസുയർത്തിയ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനോടുള്ള ബഹുമാനാർഥമാണ് എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 രാജ്യം ദേശീയ കായികദിനമായി ആചരിച്ചുവരുന്നത്.

To advertise here,

ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ മെഡൽ നേടത്തന്ന താരം. ധ്യാൻചന്ദിന്റെ കാലം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956-ൽ പദ്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.

ഉദിച്ചുയർന്ന ചന്ദ്രൻ

1922-ൽ ഇന്ത്യൻ ആർമിയിൽ നേരംപോക്കിനായി നടക്കുന്ന ഹോക്കി കളികളിലൊന്നിൽ സുബേദാർ മേജർ ബലെ തിവാരിയാണ് പതിനാറുകാരനായ ആ പയ്യന്റെ ഡ്രിബ്ലിങ് കഴിവുകൾ ആദ്യമായി ശ്രദ്ധിച്ചത്. പിന്നീട് ലോകം കണ്ട ഏറ്റവും മികച്ച ഹോക്കി കളിക്കാരിലൊരാളായി ആ കുട്ടി മാറി. സുബേദാർ സമേശ്വർ ദത്ത് സിങ്ങിന്റെയും ശാരദാ ദേവിയുടെയും മകനായി 1905-ൽ ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ (അന്നത്തെ അലഹാബാദിൽ) ജനിച്ച ധ്യാൻചന്ദിന്റെ കഥയാണിത്.

പേരുവന്ന വഴി

ധ്യാൻ സിങ് എന്ന പേര് ധ്യാൻ ചന്ദ് എന്നറിയപ്പെട്ടതിനു പിന്നിൽ ഒരു കഥയുണ്ട്. ചാന്ദ് എന്നാൽ, ഹിന്ദിയിൽ ചന്ദ്രനെന്ന് അർഥം. രാത്രി ഏറെ വൈകിയും ചന്ദ്രന്റെ വെളിച്ചത്തിൽ നിരന്തരമായി ഹോക്കി പരിശീലനം നടത്തിയ ആ കുട്ടിക്ക് ആദ്യ കോച്ചായ പങ്കജ് സിങ് ചാർത്തി നൽകിയ പേരായിരുന്നു ധ്യാൻചന്ദ്.

പട്ടാളത്തിലേക്ക്

1922-ൽ അന്നത്തെ ബ്രാഹ്മിൻ റെജിമെന്റിൽ ഒന്നാം ബറ്റാലിയനിൽ ശിപായി ആയിട്ടായിരുന്നു തുടക്കം. എന്നാൽ, പിന്നീട് ആ റെജിമെന്റ് നിർത്തലാക്കിയപ്പോൾ പഞ്ചാബ് റെജിമെന്റിന്റെ ഭാഗമായി അദ്ദേഹം. മേജറായാണ് വിരമിച്ചത്.

ദി ഗ്രേറ്റ് എസ്കേപ് ഫ്രം ചൈന

1942-ൽ ചൈനയിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിന്റെ റെജിമെന്റിൽനിന്ന് അദ്ദേഹത്തെ ഇന്ത്യ-പാക് അതിർത്തിയായ ഫിറോസ്പുരിലേക്ക് വിളിപ്പിച്ചപ്പോൾ അത് ധ്യാൻചന്ദിന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യ നിമിഷമായി മാറി. കാരണം ആ റെജിമെന്റിലെ മുഴുവൻ പേരെയും ജപ്പാൻ പട്ടാളം ഏതാനും മാസങ്ങൾക്കകം തടവുകാരായി പിടിച്ചുകൊണ്ട് പോയി. ഇന്ത്യയിലായിരുന്ന ധ്യാൻചന്ദ് രക്ഷപ്പെടുകയും ചെയ്തു.

ഹോക്കി യാത്രകൾ

ഇന്ത്യൻ ടീം ആദ്യമായി വിദേശപര്യടനം നടത്തിയത് 1926-ൽ ന്യുസീലൻഡിലേക്കായിരുന്നു. ആ ടീമിൽ അദ്ദേഹവും ഒരംഗമായി.

1928-ലെ തന്റെ ആദ്യത്തെ ഒളിമ്പിക്സിൽത്തന്നെ ആംസ്റ്റർഡാമിൽ സ്വർണം നേടി. 1932-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ സുവർണനേട്ടം ആവർത്തിച്ചു.

അമേരിക്കയെ 24-1 എന്ന സ്കോറിന് അവരുടെ മണ്ണിൽവെച്ചു തന്നെ തകർത്തു തരിപ്പണമാക്കിയ ആ മത്സരത്തിൽ നേടിയ എട്ടു ഗോളുകൾ ഉൾപ്പെടെ 400-ലധികം അന്താരാഷ്ട്ര ഗോളുകൾ നേടിയിരുന്നു ധ്യാൻചന്ദ്.

1934-ൽ ഡൽഹിയിൽ നടന്ന വെസ്റ്റേൺ ഏഷ്യാറ്റിക് ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി.

ഹാട്രിക് സ്വർണം പൂർത്തിയാക്കിയ 1936-ലെ ബെർലിൻ ഒളിമ്പിക്സിൽ ടീമിനെ നയിച്ചു.

1947-'48 കാലത്ത് അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് ഏതാണ്ട് വിരമിച്ചിരുന്ന അവസരത്തിലും ഈസ്റ്റ് ആഫ്രിക്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ഹോക്കി ടീമിൽ ഉൾപ്പെടുത്തിയത് അവരുടെ ഏക ഡിമാൻഡ് ധ്യാൻചന്ദ് ടീമിലുണ്ടായിരിക്കണം എന്നതുകൊണ്ടായിരുന്നു.

1956 പദ്മഭൂഷൺ ലഭിച്ചു.

1951-ലെ ആദ്യ ദേശീയ ഗെയിംസ് നടന്ന ഡൽഹി നാഷണൽ സ്റ്റേഡിയം കോംപ്ലക്സ് 2002 മുതൽ മേജർ ധ്യാൻചന്ദ് സ്പോർട്സ് സ്റ്റേഡിയമായി മാറി.

1979-ൽ അന്തരിച്ചു.

ധ്യാൻചന്ദിനെ അടക്കം ചെയ്തത് ഝാൻസി ഹീറോസ് ക്ലബ്ബിന്റെ മൈതാനത്തായിരുന്നു.

1935-ൽ അഡ്ലൈഡിൽ വെച്ച് ആദ്യമായി കണ്ടുമുട്ടിയപ്പോൾ ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ ഡോൺ ബ്രാഡ്മാൻ ധ്യാൻചന്ദിനോട് പറഞ്ഞത് ക്രിക്കറ്റിൽ റൺസ് സ്കോർ ചെയ്യുന്നതുപോലെ താങ്കൾ ഗോളുകൾ നേടുന്നു എന്നായിരുന്നത്രേ.

Content Highlights: India to celebrates National sports day honor legendary hockey player Major Dhyan Chand