കല്പറ്റ: പ്ലാസ്റ്റിക് പന്തില്‍ പാടത്ത് ക്രിക്കറ്റ് കളിച്ചുതുടങ്ങിയ പെണ്‍കുട്ടി. പല എതിര്‍പ്പുകളെയും പല പ്രതിസന്ധികളെയും മറികടന്ന് അവള് ക്രിക്കറ്റിന്റെ ക്രീസില്‍ വളര്‍ന്നു. വയനാട് മാനന്തവാടി ചോയിമൂല എന്ന ഗ്രാമത്തില്‍നിന്ന് കളിച്ചുതുടങ്ങിയ മിന്നുമണി ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ ഇടംനേടിയെന്ന വാര്‍ത്ത നാടിനുമാത്രമല്ല, കേരളത്തിനാകെ അഭിമാനമാകുന്നു. ഇതോടെ, ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യ മലയാളി വനിതാ താരവുമായി. ക്രിക്കറ്റ് ജീവിതത്തെക്കുറിച്ച് മിന്നുമണി സംസാരിക്കുന്നു.
വയനാട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് തുടങ്ങി ഇന്ത്യന്‍ ടീം അംഗമാകുന്നതുവരെയുള്ള യാത്രയെ എങ്ങനെ കാണുന്നു?
പരിശ്രമത്തിന്റെ ഫലമാണിത്. ഇന്ത്യന്‍ ടീമംഗമാവാന് അത്രയും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. സന്തോഷത്തോടൊപ്പം ഈ നേട്ടം വലിയൊരു ഉത്തരവാദിത്വമായി ഞാന്‍ കാണുന്നു. ഇത് എന്റെ മാത്രം വിജയമല്ല. എന്നെ ക്രിക്കറ്റ് ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് സമര്‍പ്പിക്കുന്നു. പരിശ്രമത്തിനൊപ്പം തുടക്കകാലത്തുള്ള പിന്തുണയാണ് ഏതൊരു താരത്തെയും വളര്‍ത്തിയെടുക്കുന്നത്. അത്തരമൊരു പിന്തുണ പരിശീലകരില്‍നിന്നും സഹതാരങ്ങളില്‍നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വനിതാ ഐ.പി.എലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. പ്രശസ്തതാരങ്ങളോടൊപ്പമുള്ള അനുഭവം...?
അപ്രതീക്ഷിതമായാണ് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയത്. ക്രിക്കറ്റിന്റെ വലിയ ലോകത്തേക്കുള്ള എന്റെ ആദ്യ കാല്‍വെപ്പായിരുന്നു ആ സെലക്ഷന്. മെഗ് ലാനിങ്, ഷെഫാലി വര്‍മ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം കളിക്കാനായി. ആദ്യം ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. ടീമംഗങ്ങളുമായി നല്ല സൗഹൃദമുണ്ടായി. മെഗ് ലാനിങ്ങും ഷെഫാലി വര്‍മയുമൊക്കെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. അവരുടെ ഉപദേശങ്ങള്‍ ഞാന്‍ പ്രാവര്‍ത്തികമാക്കി. മൂന്ന് മത്സരം കളിച്ചെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സില്‍ പ്രതീക്ഷിച്ചപോലെ പെര്‍ഫോം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് എന്റെ വിലയിരുത്തല്‍. വരുംമത്സരങ്ങളില്‍ നന്നായി കളിക്കാനുള്ള പരിശ്രമത്തിലാണിപ്പോള്‍.
ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം, ആരൊക്കെയാണ് മാതൃക?
മഹേന്ദ്രസിങ് ധോനിയെ കാണാനായിമാത്രം ക്രിക്കറ്റ് കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഇഷ്ടതാരത്തിന്റെ പേര് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. ക്രിക്കറ്റിന്റെ വഴിയേയാണ് ജീവിതം എന്ന് തീരുമാനിച്ചതോടെ എല്ലാവരും എന്റെ ഇഷ്ടതാരങ്ങളായി. ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ട്. അത് നിരീക്ഷിച്ച് മനസ്സിലാക്കി അവരില്‍നിന്ന് പഠിക്കുകയാണിപ്പോള്‍. മത്സരത്തിനിടയിലെ സമ്മര്‍ദങ്ങളെ പ്രശസ്ത താരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികളൊക്കെ കണ്ടുമനസ്സിലാക്കും. അത് ഗുണംചെയ്തിട്ടുണ്ട്.
കൂടെയുള്ളവരുടെ പിന്തുണ?
തുടക്കകാലത്ത് വീട്ടില്‍നിന്നടക്കം വലിയ പിന്തുണ കിട്ടിയില്ല. പെണ്കുട്ടിയല്ലേ ക്രിക്കറ്റിന്റെ പിന്നാലെ പോയിട്ട് എന്താവാനാ എന്നൊരു ചിന്തയായിരുന്നു എല്ലാവര്ക്കും. സ്പെഷ്യല്‍ ക്ലാസുണ്ടെന്നുവരെ പറഞ്ഞ് ക്രിക്കറ്റ് കളിക്കാന്‍ പോയിട്ടുണ്ട്. അതൊക്കെ മറികടന്നാണ് ഇവിടെയെത്തിയത്. മുന്‍ കായികാധ്യാപിക കെ.പി. എല്‍സമ്മ, പരിശീലകന് ഷാനവാസ് എന്നിവരാണ് എന്നെ വയനാട് ക്രിക്കറ്റ് അസോസിയേഷനില്‍ എത്തിച്ചത്. അവിടെനിന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലെ തൊടുപുഴ, വയനാട്, തിരുവനന്തപുരം അക്കാദമികളില്‍ പരിശീലനം തുടങ്ങി. വയനാട് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി നാസിര്‍ മച്ചാന്സാറിന്റെ പിന്തുണ വലുതായിരുന്നു. വയനാട് ക്രിക്കറ്റ് അസോസിയേഷനും കൃഷ്ണഗിരി സ്റ്റേഡിയവുമൊക്കെയാണ് എന്നെ കൈപിടിച്ചുയര്‍ത്തിയത്. വയനാട് ക്രിക്കറ്റ് അസോസിയേഷനില്‍ സെലക്ഷന് കിട്ടിയപ്പോഴും വിടാന്‍ വീട്ടില്‍നിന്ന് എതിര്‍പ്പുണ്ടായിരുന്നു. അന്ന് അസോസിയേഷന് അധികൃതര്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചു. നിറഞ്ഞ പിന്തുണയുമായി കൂടെനിന്ന വേറെയും ഒരുപാടുപേരുണ്ട്. എല്ലാവരുടെയും പേര് എടുത്തുപറയാന്‍ കഴിയില്ലല്ലോ. നേട്ടങ്ങള്‍ ഉണ്ടായപ്പോള്‍ വീട്ടിലെ എതിര്‍പ്പുകള്‍ ഇല്ലാതായി. ഇപ്പോള്‍ അവരും അഭിമാനിക്കുകയാണ്.
മുന്നോട്ടുള്ള പ്രതീക്ഷകള്‍...?
ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തത് ഒരു തുടക്കമായിക്കാണുന്നു. ബംഗ്ലാദേശ് പര്യടനത്തില്‍ നന്നായി കളിക്കണം. ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാവണം. അതുവഴി ലോകകപ്പിലെത്തണം എന്നാണ് ആഗ്രഹം.
പിന്നാലെ വരുന്നവരോട് പറയാന്‍
വനിതാ ക്രിക്കറ്റ് തുടങ്ങിയിട്ടേയുള്ളൂ, കഴിവും പരിശ്രമവുമുണ്ടെങ്കില്‍ ഏറെ ഉയരത്തിലെത്താം. കുറിച്യ സമുദായമാണ് എന്റേത്. ക്രിക്കറ്റില്‍ മാത്രമല്ല ഏതിലാണെങ്കിലും സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം. വനിതാ ക്രിക്കറ്റിലേക്ക് വരുന്നവര്‍ക്ക് ഞാനൊരു മാതൃകയാവുമെങ്കില് സന്തോഷം.
മാനന്തവാടി ചോയിമൂലയിലെ മണി-വസന്ത ദമ്പതിമാരുടെ മകളാണ് മിന്നു. സഹോദരി മിമിത.
Content Highlights: Minnu Mani interview who earns maiden India call-up
Published: 04 Jul 2023, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented