മൊഗ്രാല്‍: കാല്‍പ്പന്ത് കളിയാവേശത്താല്‍ മൈതാനങ്ങളില്‍ സ്ഥിരസാന്നിധ്യമായ മൊഗ്രാലുകാരുടെ കുത്തിരിപ്പ് മമ്മസ്ച്ച ഓര്‍മയായി. കളിക്കാരന്‍, പരിശീലകന്‍, റഫറി, മാനേജര്‍, സംഘാടകന്‍ തുടങ്ങിയ കാല്‍പ്പന്തുകളിയുടെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കളിയാരാധകന്‍ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്.

To advertise here,

മാപ്പിളപ്പാട്ടിന്റെയും കാല്‍പ്പന്തുകളിയുടെയും നാടായ മൊഗ്രാലിലെ ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ പ്രായം മറന്നും കളിയാവേശത്തിനൊപ്പം ചേരാന്‍ സ്ഥിരമായി എത്തുന്ന ഇദ്ദേഹത്തിന് നാട്ടുകാര്‍ ഇഷ്ടത്തോടെയും ബഹുമാനത്തോടെയും നല്‍കിയ പേരാണ് 'കുത്തിരിപ്പ് മമ്മസ്ച്ച.

തന്റെ അവസാനകാലത്ത് കോവിഡ് ഒരുമിച്ചുള്ള ആഘോഷങ്ങളെ വിലക്കി എല്ലാവരെയും വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതരാക്കിയപ്പോള്‍ ടി.വി.യില്‍ കളി കണ്ടാണ് ഇദ്ദേഹം ആരവങ്ങള്‍ തീര്‍ത്തിരുന്ന ഗാലറികളെ സ്മരിച്ചത്. കാല്‍പ്പന്തുകളിയിലെ മാന്ത്രികന്‍ മാറഡോണയുടെ കടുത്ത ആരാധകന്‍ കൂടിയായ ഇദ്ദേഹത്തിന് ഇതിഹാസ താരത്തെ ദുബായിലെത്തി നേരിട്ട് കാണാനും ഒരുമിച്ച് ഫോട്ടോയെടുക്കാനും സാധിച്ചിട്ടുണ്ട്. ഈ സംഭവം തന്റെ കായികജീവിതത്തിലെ മറക്കാനാവത്ത ഒരു ഏടായി ഇദ്ദേഹം കരുതിയിരുന്നു. 2012-ല്‍ ദുബായില്‍വെച്ച് കണ്ടതിന്റെ ആ ഓര്‍മയ്ക്കായി ഒരുമിച്ചെടുത്ത ചിത്രം നിധിപോലെ അദ്ദേഹം ജീവതാവസാനം വരെ സൂക്ഷിച്ചിരുന്നു. 2012-ല്‍ മൊഗ്രാല്‍ സ്‌പോര്‍ട്സ് ക്ലബ്ബ് ദുബായില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റില്‍വെച്ച് ആദരമേറ്റുവാങ്ങാനാണ് ദുബായിലേക്ക് ഇദ്ദേഹമെത്തിയത്. ദുബായ് ആസ്ഥാനമായുള്ള അല്‍-വാസി ഫുട്ബോള്‍ ക്ലബ്ബിന്റെ കോച്ചായിരുന്നു മാറഡോണ ആ കാലത്ത്.

എ.കെ.ജി.യിട്ട പേര്

ബീഡിതെറുപ്പുകാരനായിരുന്നു മുഹമ്മദ്. 1959-ല്‍ കുമ്പളയില്‍ ഒരു സ്വകാര്യ ബീഡിക്കമ്പനിക്കെതിരേ 22 ദിവസത്തെ കുത്തിയിരിപ്പ് സമരം നടന്നു. അതിന് നേതൃത്വം കൊടുത്തത് മുഹമ്മദ് ആയിരുന്നു. സമരത്തിന്റെ ഉദ്ഘാടകനായി എത്തിയത് എ.കെ. ഗോപാലനും. അദ്ദേഹം നല്‍കിയ പേരാണ് കുത്തിയിരിപ്പ് മുഹമ്മദ്. ആ പേര് പിന്നീട് അദ്ദേഹം സ്വന്തം പേരിനൊപ്പം ഫുട്ബോള്‍ ആവേശം പോലെ കൊണ്ടുനടക്കുകയായിരുന്നു.

Content Highlights: mammascha who were a regular presence on the field passion for football passed away