
1974 ഫിഫ ലോകകപ്പ് ഫൈനലില്‍ പശ്ചിമ ജര്‍മനി യൊഹാന്‍ ക്രൈഫിന്റെ ഹോളണ്ടിനെ നേരിടുന്നു. മ്യൂണിക്കില്‍ നടന്ന മത്സരത്തില്‍ ജര്‍മനിയെ ഞെട്ടിച്ച് രണ്ടാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ഹോളണ്ട് മുന്നിലെത്തി. 25ാം മിനിറ്റില്‍ ജര്‍മനി സമനില പിടിച്ചു. 43ാം മിനിറ്റില്‍ ഗെര്‍ഡ് മുള്ളറിലൂടെ ജര്‍മനിയുടെ വിജയഗോള്‍. രാജ്യത്തിനുവേണ്ടി മുള്ളറുടെ അവസാന ഗോള്‍ കൂടിയായിരുന്നു അത്. ലോകകിരീടത്തോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് അദ്ദേഹം വിരമിച്ചു. രാജ്യത്തിനുവേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം മുള്ളര്‍ അതിനകം ചെയ്തിരുന്നു.
ഈ നേട്ടത്തിന് രണ്ട് വര്‍ഷം മുമ്പ് നടന്ന യുവേഫ യൂറോയിലും പശ്ചിമ ജര്‍മനിയായിരുന്നു ചാമ്പ്യന്‍മാര്‍. സോവിയറ്റ് യൂണിയനെ 3-0ന് തോല്‍പ്പിച്ച ഫൈനലില്‍ രണ്ട് ഗോളുകളും മുള്ളറുടെ ബൂട്ടില്‍നിന്നായിരുന്നു. ലോകകിരീടവും യൂറോ കിരീടവും നേടുക, രണ്ട് ഫൈനലുകളിലും ഗോളടിക്കുക വിസ്മയിപ്പിക്കുന്ന എന്തൊരപൂര്‍വതയാണ് മുള്ളര്‍ക്ക് കാലംനല്‍കിയത്!
രാജ്യത്തിന്റെ 'ബോംബര്‍' എന്നാണ് ഈ ഇതിഹാസതാരം അറിയപ്പെട്ടത്. പെനാല്‍റ്റി ഏരിയയില്‍ മുള്ളറുടെ കാലില്‍ പന്തെത്തിയാല്‍ മിക്കപ്പോഴും അത് ഗോളിലേ അവസാനിക്കൂ. പന്ത് കിട്ടിയാല്‍ പിന്നെ മറ്റൊരു മുള്ളറാണ്. അതിവേഗം പ്രാപിച്ച് വെട്ടിത്തിരിഞ്ഞ് മുന്നേറും. അപാരമായ ബാലന്‍സിങ്ങും. എതിരാളികള്‍ സ്തബ്ധരായി നില്‍ക്കെ, പന്ത് വലയില്‍ തറച്ചിരിക്കും. ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരില്‍ ഒരാള്‍.
ഓരോ കളിയിലും ഓരോ ഗോള്‍ എന്ന ശരാശരി. പശ്ചിമ ജര്‍മനിക്ക് വേണ്ടി 62 കളികളില്‍ നേടിയത് 68 ഗോള്‍. ക്ലബ്ബ് തലത്തില്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടി അടിച്ചുകൂട്ടിയത് അഞ്ഞൂറിലേറെ ഗോള്‍. ലോകകപ്പില്‍ ആകെ 14 ഗോള്‍ നേടിയ റെക്കോഡ് 32 വര്‍ഷത്തോളം നിലനിന്നു. 1970 ലോകകപ്പില്‍ പശ്ചിമ ജര്‍മനിക്കായി 10 ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ടിനും അവകാശിയായി. പശ്ചിമ ജര്‍മനി യൂറോ കപ്പ് നേടിയപ്പോഴും മുള്ളര്‍ക്ക് തന്നെ ഗോള്‍ഡന്‍ ബൂട്ട്.
സ്വന്തം നാട്ടിലെ ക്ലബ്ബിലൂടെ കളി തുടങ്ങിയ മുള്ളര്‍ 1964ല്‍ ബയേണ്‍ മ്യൂണിക്കിലെത്തുകയായിരുന്നു. ഫ്രാന്‍സ് ബെക്കന്‍ബോവര്‍, സെപ് മേയര്‍ തുടങ്ങിയ വന്‍താരങ്ങള്‍ക്കൊപ്പം കളിച്ചു. ബയേണ്‍ പിന്നീട് രാജ്യത്തെ ഏറ്റവും വമ്പന്‍ ക്ലബ്ബായി. നാലുവട്ടം ബയേണിനൊപ്പം മുള്ളര്‍ ജര്‍മന്‍ ചാമ്പ്യനായി. മൂന്ന് വര്‍ഷം തുടര്‍ച്ചയായി യൂറോപ്യന്‍ ചാമ്പ്യന്‍സ് കപ്പ് നേടി. ഇതില്‍ രണ്ട് ഫൈനലുകളില്‍ മുള്ളര്‍ ഗോളടിച്ചു. താനൊരു വലിയ താരമായിരുന്നു എന്നൊന്നും അവസാനകാലത്ത് മുുള്ളര്‍ക്ക് തിരിച്ചറിയാനാവുമായിരുന്നില്ല. 2015 ഒക്ടോബറില്‍ അദ്ദേഹം അല്‍ഷിമേഴ്‌സ് ബാധിതനായി. ഫുട്‌ബോള്‍ ഉള്ള കാലത്തോളം ഗെര്‍ഡ് മുള്ളര്‍ എന്ന പേര് ഉയര്‍ന്നുതന്നെ നില്‍ക്കും.
ഓര്‍മയുടെ കളിക്കളത്തില്‍ ഒറ്റപ്പെട്ട്...
കഴിഞ്ഞ ബുണ്ടസ് ലിഗയിലെ അവസാന മത്സരത്തില്‍ ഓഗ്‌സ്ബര്‍ഗിനെതിരേ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഗോള്‍ നേടുന്നത് കാണാന്‍ ഗെര്‍ഡ് മുള്ളര്‍ക്കായില്ല. 49 വര്‍ഷം പഴക്കമുള്ള തന്റെ റെക്കോഡ് ലെവന്‍ഡോവ്‌സ്‌കി തകര്‍ത്ത കാര്യം ഇതിഹാസതാരം അറിഞ്ഞതുമില്ല. കാരണം, താന്‍ ഒരു ഫുട്‌ബോള്‍ താരമായിരുന്നു എന്നുപോലും തിരിച്ചറിയാത്ത ലോകത്തായിരുന്നു മുള്ളറപ്പോള്‍.
കഴിഞ്ഞ ആറ് വര്‍ഷമായി കളിയും മൈതാനങ്ങളും ഗോളുകളുമൊന്നും മുള്ളറുടെ ചിന്തകളിലോ ഓര്‍മകളിലോ ഇല്ല. അല്‍ഷിമേഴ്‌സ് അദ്ദേഹത്തിന്റെ കളിയോര്‍മകളെ കവര്‍ന്നെടുത്തുകഴിഞ്ഞിരുന്നു. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ 41ാം ഗോളടിച്ചാണ് ലെവന്‍ഡോവ്‌സ്‌കി ബുണ്ടസ് ലീഗയിലെ ഒരു സീസണില്‍ കൂടുതല്‍ ഗോള്‍ എന്ന മുള്ളറുടെ റെക്കോഡ് മറികടന്നത്.
എതിര്‍ഗോള്‍മുഖത്ത് നാശം വിതയ്ക്കുന്നതില്‍ മുമ്പനായതോടെയാണ് ബോംബറെന്ന വിളിപ്പേര് മുള്ളര്‍ക്ക് ലഭിക്കുന്നത്. എതിരാളികള്‍ ഭയത്തോടെ കണ്ടിരുന്ന വിനാശകാരിയായ ക്ലിനിക്കല്‍ സ്‌ട്രൈക്കര്‍. വിശ്രമകാലത്ത് പറഞ്ഞിരിക്കാനും കേട്ടിരിക്കാനും ഒരുപാട് കഥകള്‍ മുള്ളര്‍ക്കുണ്ടായിരുന്നു. എന്നാല്‍ സ്വന്തം റെക്കോഡ് തകര്‍ക്കുന്നതുപോലും തിരിച്ചറിയാതെ, ഓര്‍മയുടെ കളിക്കളത്തില്‍ ഒറ്റപ്പെട്ടപോയ മുള്ളര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ഫൈനല്‍ വിസിലും മുഴങ്ങിയിരിക്കുന്നു.
Content Highlights: Gerhard Müller widely regarded as one of the greatest goalscorers in the history of football
Published: 16 Aug 2021, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented