
പിറവം: വല്യമ്മയ്ക്ക് എന്നും പ്രാര്‍ഥനയായിരുന്നു. ചെറുമകന്‍ എല്‍ദോസ് പോള്‍ വളരുന്നതിനനുസരിച്ച് പ്രാര്‍ഥനയുടെ രീതിയും ലക്ഷ്യങ്ങളും മാറിക്കൊണ്ടിരുന്നു.
അമേരിക്കയിലെ യൂജിനില്‍ ലോക അത്ലറ്റിക്സിലെ ട്രിപ്പില്‍ ജമ്പില്‍ ഫൈനലില്‍ എത്തിയ എല്‍ദോസ് പോളിന്റെ അച്ഛന്റെ അമ്മയാണ് എണ്‍പത്തിയെട്ടുകാരിയായ മറിയാമ്മ. രാമമംഗലം പാലയ്ക്കാമറ്റം കൊച്ചുതോട്ടത്തില്‍ പൗലോസിന്റെയും പരേതയായ മറിയക്കുട്ടിയുടെയും രണ്ടു മക്കളില്‍ മൂത്തതാണ് 25-കാരനായ എല്‍ദോസ്. നാലരവയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട എല്‍ദോസിനെ വളര്‍ത്തിയത് വല്യമ്മയാണ്. കൊച്ചുമകന്‍ നേട്ടങ്ങളുമായി അമേരിക്കയില്‍നിന്ന് മടങ്ങിയെത്തുന്നത് കാത്തിരിക്കുകയാണവര്‍.
തനി നാട്ടുമ്പുറത്തുകാരനായ എല്‍ദോസിന്റെ ബാല്യം അത്ര സുഖമുള്ളതായിരുന്നില്ല. പല സ്‌കൂളുകളില്‍ മാറിമാറി പഠിക്കേണ്ടിവന്ന ചെറുമകനെ ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു മറിയാമ്മ. ഇക്കുറി എന്തോ വലിയ മത്സരത്തിനാണ് അവന്‍ അമേരിക്കയ്ക്ക് പോയിരിക്കുന്നതെന്നുമാത്രം അറിയാം. 'ഇന്നലെ രാവിലെ അവന്‍ വിളിച്ചിരുന്നു. ഇന്ന് മത്സരമുണ്ട്' എന്ന് പറഞ്ഞു. പ്രായാധിക്യംമൂലം മറിയാമ്മയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കേള്‍വിയും കുറവ്. അമ്മയുടെ നേരിയ ഓര്‍മകളേ എല്‍ദോസിനുള്ളൂ. ചെറുപ്പംമുതല്‍ അമ്മേ എന്ന് വിളിച്ചത് വല്യമ്മയെയാണ്.
രാമമംഗലം വലിയ പള്ളി വക സ്‌കൂളിലാണ് എല്‍ദോസ് പഠനം തുടങ്ങിയത്. ഫീസും വണ്ടിക്കൂലിയും കൊടുക്കാനില്ലാത്തതിനാലാണ് കോതമംഗലത്ത്, താമസിച്ച് പഠിക്കുന്ന സ്‌കൂളിലാക്കിയത്. അവിടെനിന്ന് ആലങ്ങാട്ടെ സ്‌കൂളിലേക്ക് മാറ്റി. അവിടെയും താമസിച്ച് പഠിക്കുകയായിരുന്നു. സ്‌പോര്‍ട്‌സിലെ താത്പര്യം തിരിച്ചറിഞ്ഞ അടുത്ത ബന്ധു ബാബു ഇടപെട്ടാണ് അവനെ പാമ്പാക്കുട എം.ടി.എം. സ്‌കൂളില്‍ ചേര്‍ത്തത്.
സ്‌കൂളില്‍ എല്ലാ കായികമത്സരങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന എല്‍ദോസിന് പോള്‍വോള്‍ട്ടിലായിരുന്നു കൂടുതല്‍ താത്പര്യം. ട്രിപ്പിള്‍ ജമ്പാണ് എല്‍ദോസിന് അനുയോജ്യമെന്ന് കണ്ടെത്തി ആ വഴിക്ക് തിരിച്ചുവിട്ടത് കായികാധ്യാപകന്‍ ജോര്‍ജ് ജോസ് ആയിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ 2015-ല്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ ജമ്പില്‍ മത്സരിച്ചു. കോതമംഗലം എം.എ. കോളേജിലെ കായികാധ്യാപകന്‍ മാത്യൂസ് ജേക്കബിന്റെ നിര്‍ദേശമനുസരിച്ചാണ് ഡിഗ്രി പഠനത്തിന് അവിടെയെത്തിയത്. എം.എ. കോളേജില പരിശീലനം എല്‍ദോസിനെ ദേശീയ താരമായി ഉയര്‍ത്തി. ഡിഗ്രി രണ്ടാംവര്‍ഷം പഠിക്കുമ്പോള്‍ നേവിയില്‍ സെലക്ഷന്‍ ലഭിച്ചു. ഡല്‍ഹിയില്‍ പെറ്റി ഓഫീസറായി ജോലിചെയ്യുന്നതിനിടയിലാണ് ലോക അത്ലറ്റിക്സിന് സെലക്ഷന്‍ കിട്ടിയത്. ഈ മാസം ഒടുവില്‍ തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയുടെ പ്രതീക്ഷയാണ് എല്‍ദോസ്.
Content Highlights: Eldhose Paul s grandmother waits with prayer for her grandson to make history
Published: 23 Jul 2022, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented