
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ലാ ലിഗയും ലോകകപ്പുമെല്ലാം ഉറക്കമൊഴിച്ചു കാണുമെങ്കിലും, ലിവര്‍പൂളിനേയും ബാഴ്‌സലോണയേയും ബ്രസീലിനേയുമെല്ലാം നെഞ്ചിലേറ്റി നടക്കുമെങ്കിലും മലബാറിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആദ്യ പ്രണയം സെവന്‍സിനോടാണ്. ഒറ്റനോട്ടത്തില്‍ തന്നെ വീണുപോയ പ്രണയം പോലെയാണത്. അതുകൊണ്ടുതന്നെ സെവന്‍സ് സീസണായാല്‍ മലബാറിലെ ഗ്രൗണ്ടായ ഗ്രൗണ്ടുകളെല്ലാം ആര്‍പ്പുവിളികളിലേക്ക് മുങ്ങും. മുള കൊണ്ടും കമുക് കൊണ്ടും കെട്ടിപ്പൊക്കുന്ന താത്കാലിക ഗാലറികളില്‍ കാണികള്‍ നൃത്തം ചെയ്യും, നിന്നുചാടും, ഗ്രൗണ്ടിലേക്ക് വിളിച്ചുകൂവും. എന്നാല്‍ ഈ കാണികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ആര്‍ക്കാണ്? പ്രത്യേകിച്ച്, ടിക്കറ്റെടുത്ത് കളി കാണാനെത്തുന്ന ഈ കാണികളുടെ? അതില്‍ ഒരു തര്‍ക്കത്തിന്റേയും ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അതു സംഘാടകരുടെ ഉത്തരവാദിത്തം തന്നെയാണ്.
എന്നാല്‍ ഈ സംഘാടകര്‍ക്ക് പലപ്പോഴും പിഴച്ചുപോകുന്നുണ്ട്. കളിക്കാര്‍ക്ക് അത്യാവശ്യമായി ഒരു വൈദ്യസഹായം വേണ്ടിവന്നാല്‍ സ്‌റ്റേഡിയത്തിന് പുറത്ത് ആംബുലന്‍സ് സംവിധാനമില്ലാതെയാണ് പല ടൂര്‍ണമെന്റുകളും നടക്കുന്നത്. കെട്ടിയുണ്ടാക്കിയ താത്ക്കാലിക ഗാലറികളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം കാണികളെത്തുമ്പോഴും അപകടത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഫുട്‌ബോള്‍ മത്സരത്തിനിടെ അന്തരിച്ച ധനരാജിന്റെ കുടുംബത്തിനുള്ള ധനസഹായത്തിനായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രദര്‍ശന മത്സരത്തിന് മുമ്പായി പാലക്കാട് നൂറണി ടര്‍ഫ് സ്റ്റേഡിയം തകര്‍ന്നുവീണതും ഈ സുരക്ഷാപ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
Read More: പാലക്കാട് എംപി സംഘാടകരെ അഭിനന്ദിച്ചു;തൊട്ടുപിന്നാലെ ഗാലറിയില്‍ നിന്ന് അലര്‍ച്ചയുയര്‍ന്നു
ഐ.എം വിജയനും ബൈച്ചുങ് ബൂട്ടിയയും അടക്കമുള്ള ഇന്ത്യയിലെ ഫുട്‌ബോള്‍ താരങ്ങള്‍ കളിക്കാനെത്തിയ മത്സരത്തിനാണ് ഈ ഗതിയെന്നോര്‍ക്കണം. അതു മാത്രമല്ല, 2017-ല്‍ ഉദ്ഘാടനം ചെയ്ത ഈ സ്‌റ്റേഡിയം മൂന്നു വര്‍ഷത്തിനിടയില്‍ വീഴുന്നത് രണ്ടാം തവണയും. അന്നും വിജയനും ബൂട്ടിയയും അതിന് സാക്ഷിയായിരുന്നു. സംസ്ഥാനത്തെ മൂന്നാമത്തെ മാത്രം സിന്തറ്റിക് ടര്‍ഫ് സ്റ്റേഡിയമായ നൂറണി അന്ന് ഉദ്ഘാടനത്തിന് ശേഷം മത്സരം തുടങ്ങിയപ്പോഴാണ് തകര്‍ന്നത്. സെലിബ്രിറ്റി താരങ്ങളുടെ കളി ആസ്വദിക്കാനായി എഴുന്നേറ്റുനിന്ന് കാണികള്‍ നൃത്തംവെയ്ക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും തെക്കുവശത്തെ ഗാലറി തകരുകയായിരുന്നു. ഇത്തവണ കിഴക്കുവശത്തെ ഗാലറിയിലാണ് സമാനദുരന്തം.
Read More: ധനരാജ് ഫുട്ബോൾ: ഗാലറി തകർന്ന് 60 പേർക്ക് പരിക്ക്; മത്സരം ഉപേക്ഷിച്ചു
കമുക് ഉപയോഗിച്ച് നിര്‍മിച്ച ഗാലറിയുടെ മുക്കാല്‍ഭാഗം നിര്‍മാണം മാത്രമേ പൂര്‍ത്തിയായിരുന്നുള്ളു. ഇതിനാല്‍ കാലുകളില്‍ കമുകുപലകകള്‍ ബലപ്പെടുത്തി കെട്ടിയിരുന്നില്ല. ഒരാഴ്ചമുമ്പാണ് ഗാലറി നിര്‍മാണം തുടങ്ങിയതെന്നും ധൃതി പിടിച്ച് സുരക്ഷ ഉറപ്പാക്കാതെ നടത്തിയ നിര്‍മാണം അവസാനനിമിഷവും പൂര്‍ത്തിയാക്കാനാവാത്തതാണ് അപകടത്തിനിടയാക്കിയതെന്നും കാണികള്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. അറുന്നൂറിലേറെ ആളുകള്‍ ഒരേസമയം തിങ്ങിനിറഞ്ഞതും ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വൊളന്റിയര്‍മാരെ നിയമിക്കാത്തതും ഇതിന് കാരണമായി.
ഇതിനു മുമ്പും ഒരുപാട് തവണ ഗാലറി തകര്‍ന്നിട്ടുണ്ട്. 2010 മെയില്‍ മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ പഞ്ചായത്ത് സ്റ്റേഡിയം തകര്‍ന്ന് നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. 2019 ഫെബ്രുവരിയില്‍ കോഴിക്കോട് കടലുണ്ടി സെവന്‍സ് മത്സരത്തിന് മുമ്പായി ഗാലറി വീണ് അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ഈ പശ്ചാത്തലത്തില്‍ ഗാലറിയുടെ സുരക്ഷയെ കുറിച്ച് ഫുട്‌ബോള്‍ മേഖലയിലുള്ളവര്‍ പ്രതികരിക്കുന്നു.

'കളി കാണാനെത്തുന്നവന്‍ ഒന്നുമറിയാതെയാണ് വന്നിരിക്കുന്നത്': ഐ.എം വിജയന്‍
കാണികളുടേയും കളിക്കാരുടേയും സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത്. സുരക്ഷിതമാണോ എന്നുറപ്പ് വരുത്തിയിട്ട് വേണം സംഘാടകര്‍ ഓരോ കാണിയേയും ഗാലറിയിലേക്ക് കയറ്റിവിടുന്നത്. ഗാലറിയുടെ കെട്ടുറപ്പിനെക്കുറിച്ചൊന്നും അറിയാതെ കളി കാണാനുള്ള ആവേശത്തില്‍ മാത്രം എത്തുന്നവരാണ് കാണികള്‍. അവര്‍ ഇതൊന്നുമറിയാതെയാണ് അവിടെ ഇരിക്കുന്നത്. അങ്ങനെയുള്ളവരുടെ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്തം സംഘാടകരുടേതാണ്. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
എനിക്ക് ഭയങ്കര വിഷമമായി. ഒരാളുടെ കുടുംബത്തെ സഹായിക്കാനായി നമ്മള്‍ സംഘടിപ്പിച്ച മത്സരമാണെന്ന് ഓര്‍ക്കണം. ഈ ഗാലറി ആര്‍ട്ടിഫിഷ്യല്‍ ആയി ഉണ്ടാക്കിയതാണോ എന്ന് അറിയില്ല. താത്ക്കാലിക ഗാലറിക്ക് പകരം സ്ഥിരം ഗാലറിയിലേക്ക് എത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണം- ഐ.എം വിജയന്‍ വ്യക്തമാക്കുന്നു.
'സ്ഥരം ഗാലറി സംവിധാനം വരണം': വി.പി ഷാജി
പലപ്പോഴും കുറഞ്ഞ സമയത്തിനുള്ളില്‍ താത്കാലികമായി ഗാലറി കെട്ടിയുണ്ടാക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്. ഗാലറിയുടെ കെട്ടുറപ്പ് നോക്കാതെയാകും ആ സമയത്ത് നിര്‍മാണം നടക്കുക. പിന്നീട് ഈ ഗാലറിക്ക് കാണികളെ താങ്ങാനുള്ള കരുത്തുണ്ടാകില്ല. ഇവിടെ നൂറണിയില്‍ ഞാന്‍ ഉണ്ടായിരുന്നു. കമുക് കൊണ്ട് ഗ്യാപ് ഇല്ലാതെയാണ് ഗാലറി കെട്ടിയതെന്ന് തോന്നുന്നു. ചെറിയ കഷ്ണങ്ങള്‍ ആക്കി കെട്ടിയില്ല. അതാണ് തകര്‍ന്നുവീണതെന്ന് തോന്നു. കാണികളുടേയും കളിക്കാരന്റെയും സുരക്ഷ സംഘാടകരാണ് നോക്കേണ്ടത്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റുകള്‍ക്ക് മാനദണ്ഡങ്ങള്‍ കൊണ്ടുവരണം. എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞതിന് ശേഷം തീരുമാനമെടുത്തിട്ട് കാര്യമില്ല. ഉള്‍ക്കൊള്ളാന്‍ പറ്റാവുന്നതില്‍ അധികം കാണികള്‍ വന്നതും പ്രശ്‌നമായി. ഐ.എം വിജയനേയും ബൈച്ചുങ് ബൂട്ടിയേയും കാണാന്‍ ആളുകള്‍ക്ക് താത്പര്യമുണ്ടാകുമല്ലോ. അപ്പോള്‍ അവരെ നിയന്ത്രിക്കുകയോ അല്ലെങ്കില്‍ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള ഗാലറി ഉണ്ടാക്കുകയോ വേണമായിരുന്നു. മുന്‍ കേരള താരവും സന്തോഷ് ട്രോഫി, എസ്.ബി.ടി ടീമുകളുടെ മുന്‍ പരിശീലകനുമായ വി.പി ഷാജി ചൂണ്ടിക്കാട്ടുന്നു.
'തകര്‍ന്നത് കാണികളുടെ ഭാരം താങ്ങാനാവാതെ'-കെ.എഫ്.എ
പരിചയസമ്പന്നരായ പണിക്കാരെയാണ് ചുമതല ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ അറുന്നൂറിലേറെ ആളുകള്‍ ഒരേസമയം തിങ്ങിനിറഞ്ഞതോടെ ഭാരം താങ്ങാനാവാതെയാണ് ഗാലറി വീഴുകയായിരുന്നു- കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.
കാണികളുടെ ഭാരമോ, കെട്ടുപ്പറപ്പില്ലാത്ത ഗാലറിയോ? കാരണം എന്തുതന്നെയായാലും കാണികളുടെ ജീവനും വിലയുണ്ട്. ഇനിയെങ്കിലും ഗാലറികള്‍ കെട്ടിയുയര്‍ത്തുമ്പോള്‍ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലാതിരിക്കട്ടെ, ഗാലറി തകര്‍ന്ന ഒരു വാര്‍ത്ത കൂടി കേള്‍ക്കാതിരിക്കട്ടെ.
Content Highlights: do we need to take more security measures while constructing sevens football galleries
Published: 20 Jan 2020, 02:31 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented