ഗസ്റ്റ് 19, യുഎഇയ്ക്ക് അവരുടെ ക്രിക്കറ്റ് ചരിത്രത്തില്‍ മറക്കാനാകാത്ത ദിവസമാണ്. ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് അട്ടിമറിച്ച അവര്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റ് യോഗ്യതയുള്ള ഒരു പ്രധാന രാജ്യത്തിനെതിരായ തങ്ങളുടെ ആദ്യ ജയമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ദിനം. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 2-1ന് നഷ്ടമായെങ്കിലും രണ്ടാം മത്സരത്തില്‍ നേടിയ ആ ജയം യുഎഇ ടീമിന് സമ്മാനിച്ച ആത്മവിശ്വാസം ചില്ലറയൊന്നുമല്ല. ടിം സൗത്തി നയിച്ച യുവ താരങ്ങളടങ്ങിയ ടീമായിരുന്നു കിവീസിന്റേതെങ്കിലും യുഎഇയുടെ ജയത്തിന്റെ മാറ്റ് ഒട്ടും കുറയുന്നില്ല. ലോകത്ത് ഏത് കോണിലും ഒരു മലയാളിയുണ്ടെന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട്. യുഎഇയുടെ ഈ ചരിത്ര വിജയത്തിലും ഒരു മലയാളി സാന്നിധ്യമുണ്ട്. കോഴിക്കോട് പന്നിയങ്കരക്കാരന്‍ ബാസില്‍ ഹമീദ്. 2019 മുതല്‍ യുഎഇ ടീമിന്റെ ഭാഗമാണ് ബാസില്‍.

To advertise here,

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20-ന് ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി 20 ലോകകപ്പിലെ യുഎഇ - നമീബിയ മത്സരത്തിനിടെയുണ്ടായ ഒരു സംഭവം ഇങ്ങ് കേരളത്തില്‍ വൈറലായിരുന്നു. അന്നത്തെ മത്സരത്തിനിടെ ഗ്രൗണ്ടില്‍ മുഴങ്ങിയ മലയാളത്തിലുള്ള സംസാരമാണ് മലയാളികില്‍ കൗതുകമുണര്‍ത്തിയത്. ഗീലോങ്ങിലെ സൈമണ്ട്‌സ് സ്‌റ്റേഡിയത്തില്‍ യുഎഇയുടെ ബാറ്റിങ്ങിനിടെ മുഴങ്ങിയ മലയാളം വാചകങ്ങള്‍ക്കു പിന്നില്‍ തലശേരിക്കാരന്‍ സി.പി റിസ്വാനും ബാസില്‍ ഹമീദുമായിരുന്നു. നമീബിയയുടെ ഡേവിഡ് വീസിനെ നേരിടാനൊരുങ്ങുമ്പോഴായിരുന്നു പിച്ചില്‍ ഇരുവരുടെയും മലയാളത്തിലുള്ള സംസാരം. ഇതില്‍ റിസ്വാന്‍ അന്ന് യുഎഇ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനുടമയും. ഒട്ടും മോശമല്ല ബാസിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സും 50 വിക്കറ്റും നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോഡ് ഈ പന്നിയങ്കരക്കാരന്റെ പേരിലാണ്. യുഎഇക്കായി 37 ഏകദിനങ്ങളില്‍ നിന്ന് 817 റണ്‍സും 30 ടി20 മത്സരങ്ങളില്‍ നിന്നായി 329 റണ്‍സുമാണ് സമ്പാദ്യം. ഏകദിനത്തില്‍ 36 വിക്കറ്റും ടി20-യില്‍ 17 വിക്കറ്റും ബാസിലിന്റെ അക്കൗണ്ടിലുണ്ട്. കേരള രഞ്ജി ട്രോഫി ടീം സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ഇന്ത്യയ്ക്കായി കളിക്കണമെന്ന മോഹം മാറ്റിവെച്ച് പ്രവാസിയായതും ഒടുവില്‍ യുഎഇ ക്രിക്കറ്റ് ടീമിനൊപ്പം ലോകകപ്പ് വേദിവരെയെത്തിയതുമായ കഥ പങ്കുവെയ്ക്കുകയാണ് ബാസില്‍.

placeholder
മോയിൻ അലിക്കൊപ്പം

നാട്ടിലെ കളി

2003-ല്‍ 11-ാം വയസുമുതല്‍ തന്നെ കളിയെ കാര്യമായെടുത്തുതുടങ്ങി. ജൂനിയര്‍ തലത്തില്‍ കോഴിക്കോട് ജില്ലാ ടീമിന് വേണ്ടി കളിച്ചായിരുന്നു തുടക്കം. അണ്ടര്‍ 25 വിഭാഗത്തില്‍ വരെ കേരളത്തിനായി കളിച്ചിരുന്നു. പ്ലസ് ടു വരെ കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഡിഗ്രിക്ക് ആദ്യം കോഴിക്കോട് ദേവഗിരി കോളേജില്‍ ചേര്‍ന്നെങ്കിലും പിന്നീട് എറണാകുളം ബിപിസിഎല്‍ കെആര്‍എല്‍ ടീം അവിടെ ലീഗ് കളിക്കാന്‍ ക്ഷണിച്ചതോടെ മഹാരാജാസ് കോളേജിലേക്ക് മാറി. ബിപിസിഎല്‍ ടീമിനായി ഓള്‍ ഇന്ത്യ ടൂര്‍ണമെന്റ്, എറണാകുളം ലീഗ് തുടങ്ങിയവയില്‍ കളിച്ചു. ലീഗ് മത്സരങ്ങളിലെ പ്രകടനം അങ്ങനെ ബാസിലിനെ 2015-ല്‍ തന്റെ 23-ാം വയസില്‍ രഞ്ജി ട്രോഫി സാധ്യതാ പട്ടികയിലെത്തിച്ചു. പക്ഷേ ഇതിനിടെ കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്‌ക്കേണ്ട സാഹചര്യം ബാസിലിന് വന്നു. ഒരു ജോലിയില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന ഘട്ടത്തിലാണ് കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി കളിക്കുകയെന്ന സ്വപ്‌നം മാറ്റിവെച്ച് ബേസില്‍ 2015-ല്‍ സ്വയം അറബിനാട്ടിലേക്ക് പറച്ചുനടുന്നത്.

ക്രിക്കറ്റ് ഒരു കരിയറായി എടുക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സാഹചര്യമല്ല കേരളത്തിലേതെന്ന് സ്വന്തം അനുഭവംകൊണ്ട് പറഞ്ഞുവെയ്ക്കുന്നു ബാസില്‍. ''കേരളത്തിലെ കാര്യമെടുത്താല്‍ ഇവിടെ ഒരു പ്രായമെത്തിയാല്‍ പിന്നീട് ക്രിക്കറ്റ് കരിയര്‍ മുന്നോട്ടുകൊണ്ടുപോകുക പ്രയാസമാണ്. സാമ്പത്തികമായി അതിന് പിന്തുണ നല്‍കുന്ന സംവിധാനങ്ങളൊന്നും തന്നെ ഇവിടെയില്ല. കര്‍ണാടകയില്‍ ബാങ്കിങ് സെക്ടറില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ജോലി നല്‍കുന്നുണ്ട്. വേതനത്തിനൊപ്പം കളിക്കാനും പരിശീലനത്തിനും മറ്റും ലീവ് ഉള്‍പ്പെടെയുള്ളവ അവര്‍ നല്‍കും. എന്നാല്‍ കേരളത്തില്‍ അങ്ങനെയൊന്നില്ല. നാട്ടില്‍ അത്തരം അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതോടെ ഒരു ഘട്ടമെത്തിയപ്പോള്‍ കുടുംബത്തെ സഹായിക്കണമെന്ന ഒരു സാഹചര്യം വന്നപ്പോഴാണ് ദുബായിലേക്ക് പോകാന്‍ നിര്‍ബന്ധിതനായത്.''

പ്രവാസ ജീവിതം തിരഞ്ഞെടുക്കുമ്പോഴും അദ്ദേഹത്തിന് ക്രിക്കറ്റ് ഉപേക്ഷിക്കണമെന്നുണ്ടായിരുന്നില്ല. ജോലിയും കളിയും ഒന്നിച്ചുകൊണ്ടുപോകുന്നതിന് കൂടി വേണ്ടിയായിരുന്നു ആ പറിച്ചുനടല്‍. കേരളത്തില്‍ ഇത്തരത്തില്‍ ഒരു പിന്തുണ ലഭിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും നാട്ടില്‍ നില്‍ക്കുമായിരുന്നുവെന്നും ബാസില്‍ പറയുന്നു. നാട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുഎഇയില്‍ നടന്ന മലയാളീസ് പ്രീമിയര്‍ ലീഗ് എന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പ്രമുഖ വ്യവസായി രവി പിള്ളയുടെ ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ബാസിലിനെ ക്ഷണിച്ചിരുന്നു. ഇതിനായി യുഎഇയിലെത്തിയപ്പോഴാണ് അവിടെ വിവിധ ക്ലബ്ബുകള്‍ പങ്കെടുക്കുന്ന നിരവധി ആഭ്യന്തര ലീഗുകള്‍ നടക്കുന്നുണ്ടെന്ന കാര്യം ബാസില്‍ മനസിലാക്കുന്നത്. അതുകൂടി മനസില്‍ കണ്ടാണ് യുഎഇയിലേക്ക് ഇദ്ദേഹം ടിക്കറ്റെടുത്തത്.

placeholder
ബാസിലും സി.പി റിസ്വാനും

യുഎഇയിലേക്കെത്താന്‍ സഹായിച്ചതില്‍ പ്രധാനി സി.പി റിസ്വാനായിരുന്നു. പക്ഷേ പ്രവാസ ജീവിതത്തിന്റെ തുടക്കത്തില്‍ വലിയ പ്രതിസന്ധികളാണ് ബാസിലിന് നേരിടേണ്ടിവന്നത്. ഒരു ജോലി പെട്ടെന്നുതന്നെ തരപ്പെട്ടെങ്കിലും കളിതുടരുക എന്നത് പ്രയാസകരമായിരുന്നു. നാട്ടില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ചയാളാണെങ്കിലും ഇവിടെ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കുക എന്ന ഏറെ പ്രയാസമായിരുന്നുവെന്ന് താരം പറയുന്നു. വിവിധ കമ്പനികളുടെ ക്ലബ്ബുകള്‍ പങ്കെടുക്കുന്ന നിരവധി ടൂര്‍ണമെന്റുകള്‍ യുഎഇ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാണ്. പക്ഷേ അതില്‍ ഒരു ക്ലബ്ബില്‍ ഉള്‍പ്പെടുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ജോലി കഴിഞ്ഞും ഒഴിവുസമയങ്ങളിലും മറ്റും ബാസില്‍ ദുബായിലെ വിവിധ ക്ലബ്ബുകളുടെ നെറ്റ്‌സിലും ഓഫീസുകളിലും അവസരത്തിനായി അലഞ്ഞു. ദീര്‍ഘനാള്‍ നിരാശയായിരുന്നു ഫലം. ജീവന്റെ ഭാഗമായ ക്രിക്കറ്റ് എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരുമോ എന്ന് ഒരുവേള ചിന്തിച്ചിരുന്നു ബാസില്‍.

എന്നാല്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ ഒരു ദിവസം അല്‍ നബൂത എന്ന ക്ലബ്ബ് അവസരം നല്‍കാമെന്ന് പറഞ്ഞു. അടുത്ത ദിവസം മുതല്‍ നെറ്റ്‌സില്‍ വരാനായിരുന്നു അവരുടെ നിര്‍ദേശം. തുടക്കത്തിലൊന്നും ബാറ്റിങ്ങിനോ ബൗളിങ്ങിനോ അവസരം ലഭിച്ചിരുന്നില്ല. നാട്ടില്‍ പ്രൊഫഷണല്‍ താരമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഇവിടെ ഒരു അവസരം ലഭിക്കാന്‍ അക്ഷീണ പ്രയത്‌നം തന്നെ വേണമായിരുന്നു. അങ്ങനെ തുടര്‍ച്ചയായി ഒരു മൂന്ന് മാസത്തോളം നെറ്റ്‌സിലെത്തി. ഇടയ്ക്ക് ബൗളിങ്ങിന് അവസരം ലഭിച്ചു, പക്ഷേ അപ്പോഴും ബാറ്റ് തൊടാന്‍ പോലും സാധിച്ചിരുന്നില്ല. ബാറ്റിങ്ങിന് ഒരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ക്ഷമയോടെ ഏറെക്കാലം കാത്തിരുന്നു. ഒടുവില്‍ തുടര്‍ച്ചയായി നെറ്റ്‌സില്‍ വരുന്നയാളെന്ന് കണ്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം അവര്‍ ബാസിലിന് നെറ്റ്‌സില്‍ ബാറ്റിങ്ങിനുള്ള അവസരം നല്‍കി. അപ്പോഴും സ്‌ക്വാഡില്‍ ഒരു അവസരത്തിനായി പിന്നെയും കാത്തിരിക്കേണ്ടിവന്നു.

ഒടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2017-ലാണ് സ്ഥിരം ഓപ്പണര്‍ക്ക് വരാന്‍ സാധിക്കാതിരുന്ന ഒരു മത്സരത്തില്‍ അല്‍ നബൂത ബാസിലിന് ടീമില്‍ അവസരം നല്‍കുന്നത്. ട്വന്റി 20 മത്സരമായിരുന്നു അത്, ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി ബാസില്‍ തന്റെ മികവ് ക്ലബ്ബിന് കാണിച്ചുകൊടുത്തു. ഇതോടെ ക്ലബ്ബ് താരത്തിന് സ്ഥിരമായി ഇലവനില്‍ അവസരം നല്‍കിത്തുടങ്ങി. ടോപ് ഓര്‍ഡര്‍ ബാറ്ററായിരുന്ന താരത്തിന് പക്ഷേ ആറാം നമ്പറിലാണ്‌ ക്ലബ്ബില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നത്. മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവെച്ചതോടെ അടുത്ത വര്‍ഷം ക്ലബ്ബിനായി മൂന്നാം നമ്പറില്‍ അവസരം ലഭിച്ചുതുടങ്ങി. ഇതിനിടെ അല്‍ നബൂത കമ്പനി ബാസിലിന് ജോലി നല്‍കുകയും ചെയ്തു.

placeholder
പാകിസ്താൻ താരം മുഹമ്മദ് ആമിറിനൊപ്പം

ബുഹാതിര്‍ ലീഗ്, അബുദാബി ടി20 ട്രോഫി തുടങ്ങി യുഎഇയിലെ പ്രമുഖ ആഭ്യന്തര ലീഗുകളിലെല്ലാം അല്‍ നബൂതയ്ക്കായി ബാസില്‍ കളത്തിലിറങ്ങിയ ബാസില്‍ ബാറ്റ് കൊണ്ടും ബൗളുകൊണ്ടും തിളങ്ങി. തുടക്കത്തില്‍ യുഎഇയിലെ ക്രിക്കറ്റിന്റെ വേഗവുമായി സമരസപ്പെടാന്‍ ഏറെ പ്രയാസമായിരുന്നുവെന്നും ബാസില്‍ പറയുന്നു. ടി20, ടി10 ഫോര്‍മാറ്റുകള്‍ക്കാണ് യുഎഇയില്‍ പ്രചാരം കൂടുതല്‍. അതിനാല്‍ തന്നെ അതിവേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ അവിടെ നിലനില്‍പ്പുള്ളൂ. നാട്ടില്‍ ദ്വിദിന, ചതുര്‍ദിന മത്സരങ്ങളും 30 ഓവര്‍, 50 ഓവര്‍  ലീഗ് മത്സരങ്ങളും കളിച്ചെത്തിയ ബാസിലിന് ആ ശൈലീമാറ്റം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. അതിനായി നെറ്റ്‌സില്‍ നിരന്തരം പരിശീലനത്തിലേര്‍പ്പെട്ടു. പരിശീലകരുമായി നിരവധി സമയം ചെലവഴിച്ചു. ഇന്നിപ്പോള്‍ സ്‌കൂപ്പും റിവേഴ്‌സ് സ്വീപ്പും പാഡില്‍ സ്വീപ്പും പാഡില്‍ സ്‌കൂപ്പും സ്വിച്ച് ഹിറ്റുമെല്ലാം ആ ബാറ്റില്‍ നിന്ന് യഥേഷ്ടം ഒഴുകുന്നു.

യുഎഇ ദേശീയ ടീമിലേക്ക്

2015-ല്‍ യുഎഇയിലെത്തിയ ബാസില്‍ 2019-ലാണ് യുഎഇ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. മറ്റ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അസോസിയേറ്റ് രാജ്യങ്ങള്‍ക്കായി കളിക്കണമെങ്കില്‍ അതേ രാജ്യത്ത് നാലു വര്‍ഷത്തെ താമസക്കാരനാണെന്നുള്ള രേഖ വേണമെന്നതാണ് ഐസിസി മാനദണ്ഡം. ഈ നാലു വര്‍ഷങ്ങള്‍ക്കിടെ രണ്ട് മാസത്തില്‍ കൂടുതല്‍ സ്വന്തം നാട്ടില്‍ പോയാല്‍ അത് അയോഗ്യതയാകും. അതിനാല്‍ നാട്ടിലേക്കുള്ള വരവ് കുറയ്ക്കുക എന്നതായിരുന്നു ആദ്യ കടമ്പയെന്ന് പറയുന്നു ബാസില്‍. നിലവില്‍ യുഎഇയുടെ ഗോള്‍ഡന്‍ വിസയുള്ള താരമാണ് അദ്ദേഹം.

അങ്ങനെ യുഎഇ ആഭ്യന്തര ലീഗുകളില്‍ തകര്‍ത്ത് കളിക്കുന്നതിനിടെയാണ് 2019-ല്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ റഡാറില്‍ ബാസില്‍ പതിയുന്നത്. ആദ്യം ക്യാമ്പിലേക്ക് വിളിപ്പിച്ചു. രണ്ടു മൂന്ന് ദിവസത്തെ പരിശീലനത്തിനു ശേഷം കെനിയക്കും സിംബാബ്‌വെയ്ക്കുമെതിരായ രണ്ട് പരിശീലന മത്സരങ്ങളില്‍ കളിപ്പിച്ചു. ആദ്യ മത്സരത്തില്‍ 36 റണ്‍സും രണ്ടാം മത്സരത്തില്‍ 80 റണ്‍സുമെടുത്തതോടെ ബാസിലിനെ തേടി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ എത്തി. ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ടിലേക്കുള്ള ടീമിലേക്കാണ് ബാസിലിനെ ആദ്യം തിരഞ്ഞെടുത്തത്. 2019 ഡിസംബര്‍ എട്ടിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യുഎസിനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. സ്‌കോട്ട്‌ലന്‍ഡിനെതിരായ മൂന്നാം മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടി യുഎഇയെ വിജയത്തിലെത്തിച്ചു, കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഒടുവില്‍ ഓസ്‌ട്രേലിയയില്‍ നടന്ന 2022-ലെ ടി20 ലോകകപ്പില്‍ യുഎഇ ടീമിനായി കളിച്ചു. ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സും നമീബിയയും ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലായിരുന്നു യുഎഇയുടെ സ്ഥാനം. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാകാനായിരുന്നു വിധിയെങ്കിലും നമീബിയക്കെതിരേ വിജയം നേടിയ മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാനും ബാസിലിനായി. ബാറ്റിങ്ങും ബൗളിങ്ങും മാത്രമല്ല ഫീല്‍ഡില്‍ തകര്‍പ്പന്‍ ക്യാച്ചുകളെടുക്കുന്നതിലും മിടുക്കനാണ് താരം. ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ മിഡ് ഓഫില്‍ പതും നിസ്സങ്കയെ പുറത്താക്കാന്‍ എടുത്ത ക്യാച്ച് ലോകകപ്പിനിടെ വൈറലായിരുന്നു.

placeholder
പൊള്ളാർഡിനൊപ്പം മുംബൈ എമിറേറ്റ്സ് ക്യാമ്പിൽ

ഈ പ്രകടനങ്ങള്‍ ബാസിലിനെ എത്തിച്ചത് ദുബായില്‍ നടന്ന ഇന്റര്‍നാഷണല്‍ ലീഗ് ടി20 ടൂര്‍ണമെന്റിലെ മുംബൈ എമിറേറ്റ്‌സ് സ്‌ക്വാഡിലാണ്. ഫൈനല്‍ ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും നിക്കോളാസ് പുരന്‍, കിറോണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ, റാഷിദ് ഖാന്‍, ട്രെന്‍ഡ് ബോള്‍ട്ട്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ക്കൊപ്പം പരിശീലിക്കാനായത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഭാഗ്യമായി ഇദ്ദേഹം കരുതുന്നു. മുംബൈ ഫ്രാഞ്ചൈസിയുടെ ഭാഗമായത് ക്രിക്കറ്റ് ജീവിതത്തില്‍ ഏറെ നിര്‍ണായകമാണെന്നും തിരിച്ചറിയുന്നു ബാസില്‍.