നെയ്റോബി (കെനിയ): ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി സിംബാബ്‌വെ ക്രിക്കറ്റ് ടീം. വരാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഭാഗമായുള്ള ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തില്‍ ഗാംബിയക്കെതിരേ 20 ഓവറില്‍ നാലിന് 344 റണ്‍സടിച്ച സിംബാബ്‌വെ കുറിച്ചത് ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരേ നേപ്പാള്‍ കുറിച്ച 314 റണ്‍സിന്റെ റെക്കോഡാണ് സിംബാബ്‌വെ മറികടന്നത്. ഇതോടൊപ്പം ഈ മാസം ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരേ ആറിന് 297 റണ്‍സടിച്ച് ഇന്ത്യന്‍ ടീം സ്ഥാപിച്ച റെക്കോഡും സിംബാബ്‌വെ തിരുത്തി. ടെസ്റ്റ് യോഗ്യതയുള്ള രാജ്യം ടി20-യില്‍ കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് ഇന്ത്യയെ മറികടന്ന് സിംബാബ്‌വെ സ്വന്തമാക്കിയത്. 27 സിക്‌സറുകളും 30 ബൗണ്ടറികളും സിംബാബ്‌വെ ഇന്നിങ്‌സില്‍ പിറന്നു. ഇതും റെക്കോഡാണ്.
ഗാംബിയയെ വെറും 54 റണ്‍സിന് പുറത്താക്കി 290 റണ്‍സിന്റെ വമ്പന്‍ ജയം നേടിയ സിംബാബ്‌വെ, ടി20 ചരിത്രത്തിലെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന ജയമെന്ന റെക്കോഡും സ്വന്തമാക്കി. മംഗോളിയക്കെതിരേ നേപ്പാള്‍ നേടിയ 273 റണ്‍സിന്റെ റെക്കോഡ് ജയമാണ് സിംബാബ്‌വെ പഴങ്കഥയാക്കിയത്.
നെയ്റോബിയിലെ റുവാരക സ്പോര്‍ട്സ് ക്ലബ്ബ് മൈതാനത്ത് നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ വെടിക്കെട്ട് സെഞ്ചുറിയാണ് സിംബാബ്‌വെയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വെറും 33 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച റാസ 43 പന്തുകള്‍ നേരിട്ട് 15 സിക്‌സും ഏഴ് ഫോറുമടക്കം 133 റണ്‍സോടെ പുറത്താകാതെ നിന്നു. ടി20-യില്‍ ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി എന്ന റെക്കോഡും ടി20-യില്‍ സെഞ്ചുറി നേടുന്ന ആദ്യ സിംബാബ്‌വെ താരമെന്ന നേട്ടവും ഇതോടെ 38-കാരനായ റാസ സ്വന്തമാക്കി. 26 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ബ്രിയാന്‍ ബെന്നെറ്റും 19 പന്തില്‍ നിന്ന് 62 റണ്‍സടിച്ച ടി. മറുമാനിയും 17 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ക്ലൈവ് മഡാന്‍ഡെയുമെല്ലാം സിംബാബ്‌വെ സ്‌കോറിലേക്ക് കാര്യമായി സംഭാവന ചെയ്തു.
ഒരു ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന നേട്ടവും സിംബാബ്‌വെയുടെ പേരിലായി. 27 സിക്‌സറുകളാണ് അവര്‍ ഗാംബിയക്കെതിരേ നേടിയത്. 26 സിക്‌സറുകള്‍ നേടിയ നേപ്പാളിന്റെ റെക്കോഡാണ് സിംബാബ്‌വെ മറികടന്നത്. ടി20 ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ഫോറുകളെന്ന ശ്രീലങ്കയുടെ റെക്കോഡിനൊപ്പമെത്താനും സിംബാബ്‌വെയ്ക്കായി. 2007 ലോകകപ്പില്‍ കെനിയക്കെതിരേ 30 ഫോറുകളാണ് ശ്രീലങ്ക നേടിയത്.
നാല് ഓവറില്‍ 93 റണ്‍സ് വഴങ്ങിയ ഗാംബിയയുടെ മൂസ ജോബര്‍ട്ടെ ടി20 ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറുമായി. നാല് ഓവറില്‍ 75 റണ്‍സ് വഴങ്ങിയ ശ്രീലങ്കയുടെ കസുന്‍ രജിതയ്ക്ക് ഇതോടെ ആശ്വസിക്കാം.
Content Highlights: Zimbabwe smashed a record 344 runs against Gambia in the African T20 World Cup qualifier
Published: 23 Oct 2024, 09:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented