ഹരാരെ: 2023 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സിംബാബ്വെ അപരാജിത കുതിപ്പ് തുടരുകയാണ്. യോഗ്യതാ റൗണ്ടിലെ നാല് മത്സരങ്ങളിലും വിജയിച്ച സിംബാബ്വെ സൂപ്പര്‍ സിക്സിലെ ആദ്യ മത്സരത്തിലും വിജയം നേടി. ഈ മത്സരങ്ങളിലെല്ലാം ടീമിന്റെ നെടുംതൂണായിനിന്ന് പോരാടിയത് ഇടംകൈയ്യന്‍ ബാറ്ററായ ഷോണ്‍ വില്യംസാണ്. ബാറ്റിങ്ങില്‍ അത്ഭുത പ്രകടനം പുറത്തെടുത്ത ഷോണ്‍ വില്യംസ് കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍നിന്നായി അടിച്ചുകൂട്ടിയത് 532 റണ്‍സാണ്.

To advertise here,

ഈ റണ്‍സിന്റെ ബലത്തില്‍ പുതിയൊരു റെക്കോഡ് താരം സ്വന്തമാക്കി. തുടര്‍ച്ചയായി അഞ്ച് ഏകദിന ഇന്നിങ്സുകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന മൂന്നാമത്തെ ബാറ്റര്‍ എന്ന റെക്കോഡാണ് വില്യംസ് സ്വന്തമാക്കിയത്. 148.60 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. അവസാന അഞ്ച് ഇന്നിങ്സുകളില്‍ മൂന്ന് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നു.

ഒമാനെതിരായ മത്സരത്തില്‍ 142 റണ്‍സെടുത്തതോടെയാണ് താരം റെക്കോഡ് നേടിയത്. ഇതിനുമുന്‍പ് 174, 102, 91, 23 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ സിംബാബ്വെ താരമാണ് വില്യംസ്.

തുടര്‍ച്ചയായി അഞ്ച് ഏകദിന മത്സരങ്ങളില്‍നിന്ന് ഏറ്റവുമധികം റണ്‍സ് നേടിയ താരത്തിന്റെ റെക്കോഡ് ഇന്ത്യയുടെ വിരാട് കോലിയുടെ പേരിലാണ്. അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 596 റണ്‍സാണ് താരം അടിച്ചെടുത്തത്. 537 റണ്‍സ് നേടിയ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമാണ് പട്ടികയില്‍ രണ്ടാമത്. ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന്‍ (529), പാകിസ്താന്റെ ഫഖര്‍ സമാന്‍ (515) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.