ലണ്ടന്‍: പാകിസ്താന്‍ ബാറ്റിങ് ഇതിഹാസം സഹീര്‍ അബ്ബാസിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മുമ്പ് ദുബായില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ന്യൂമോണിയ സ്ഥിരീകരിച്ച അദ്ദേഹത്തെ പാഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച താരത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

To advertise here,

അബ്ബാസിനെ ഡയാലിസിസിന് വിധേയനാക്കിയെന്നും അദ്ദേഹത്തെ മറ്റ് ആളുകളെ കാണുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണെന്നും ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1969-ല്‍ ന്യൂസീലന്‍ഡിനെതിരേ അരങ്ങേറിയ അബ്ബാസ് പാകിസ്താന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. 72 ടെസ്റ്റുകളില്‍ നിന്നായി 5062 റണ്‍സും 62 ഏകദിനങ്ങളില്‍ 2572 റണ്‍സും നേടിയിട്ടുണ്ട്. എന്നാല്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ പകരംവെയ്ക്കാനില്ലാത്ത നേട്ടങ്ങള്‍ക്കുടമകൂടിയാണ് അദ്ദേഹം. 459 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നായി 108 സെഞ്ചുറികളും 158 അര്‍ധ സെഞ്ചുറികളുമടക്കം 34,843 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.