ന്യൂഡൽഹി: ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനെ കുറിച്ച് മനസ് തുറന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. കരിയർ ഭാരമായി മാറിയ ഘട്ടത്തിലെത്തിയപ്പോഴാണ് താൻ വിരമിക്കാനുള്ള തീരുമാനമെടുത്തതെന്നും ആ സമയം പിന്തുണയും ബഹുമാനവും ലഭിച്ചിരുന്നില്ലെന്നും യുവരാജ് പറഞ്ഞു. സാനിയ മിർസയുടെ യൂട്യൂബ് ഷോ ആയ 'സർവിങ് ഇറ്റ് അപ്പ് വിത്ത് സാനിയ'യിൽ ആണ് മുൻ ഇന്ത്യൻ താരത്തിന്റെ പ്രതികരണം. 2011 ലോകകപ്പിനു ശേഷം യുവരാജിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അമേരിക്കയിൽ ചികിത്സയ്ക്ക് വിധേയനായ താരം രോഗത്തെ കീഴ്‌പ്പെടുത്തി. പിന്നാലെ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയെങ്കിലും പഴയ ഫോം വീണ്ടെടുക്കാൻ യുവിക്ക് സാധിച്ചിരുന്നില്ല.

To advertise here,

എൻ്റെ കരിയർ ഒരു ഭാരമായി മാറിയ ഒരു ഘട്ടത്തിലെത്തി. അതിനാൽ, എനിക്ക് എൻ്റെ കളി ആസ്വദിക്കാൻ കഴിഞ്ഞില്ല. 'എനിക്ക് ആസ്വദിക്കാൻ കഴിയാത്തപ്പോൾ ഞാൻ എന്തിനാണ് ക്രിക്കറ്റ് കളിക്കുന്നത്?' എന്നൊരു തോന്നലുമുണ്ടായി. എനിക്ക് പിന്തുണ ലഭിക്കുന്നതായി തോന്നിയില്ല. ബഹുമാനം ലഭിക്കുന്നതായും തോന്നിയില്ല. ഇതൊന്നും കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഞാൻ ഇത് ചെയ്യുന്നതെന്നും ചിന്തിച്ചു. - യുവരാജ് പറഞ്ഞു.

ക്രിക്കറ്റ് തനിക്ക് ഒട്ടേറെ കാര്യങ്ങൾ നൽകിയെന്നും താനും പരമാവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും യുവരാജ് കൂട്ടിച്ചേർത്തു. അപ്പോൾ എനിക്ക് ആസ്വദിക്കാൻ കഴിയാത്ത ഒന്നിൽ ഞാൻ എന്തിനാണ് ഇങ്ങനെ നിൽക്കുന്നത്? ഞാൻ എന്തിന് കളിക്കണം? എന്ത് തെളിയിക്കാൻ? മാനസികമായിട്ടോ ശാരീരികമായിട്ടോ എനിക്കിതിലും കൂടുതൽ ചെയ്യാനാവില്ല. അത് എന്നെ വേദനിപ്പിച്ചു, അതിനാൽ ഞാൻ നിർത്താൻ തീരുമാനിച്ചു. ഞാൻ നിർത്താൻ തീരുമാനിച്ച ദിവസം ഞാൻ വീണ്ടും ഞാനായി. - യുവരാജ് കൂട്ടിച്ചേർത്തു

ലോകകപ്പിലെ താരമെന്ന പകിട്ടിൽ നിൽക്കെയാണ് യുവിയുടെ ജീവന് പോലും ഭീഷണിയായി കാൻസർ എത്തുന്നത്. യുവിയുടെ കരിയറിലെ ഏറ്റവും പ്രധാന എതിരാളിയും അതുതന്നെയായിരുന്നു. 2011 ലോകകപ്പിനിടെ തന്നെ യുവിക്ക് കാൻസർ ബാധിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മത്സരങ്ങൾക്കിടെ പലപ്പോഴും അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടിരുന്നു. ഒന്നിലേറെ തവണ ഗ്രൗണ്ടിൽ വച്ച് ഛർദ്ദിച്ച യുവി ഇടയ്ക്കിടെ വൈദ്യ സഹായം തേടി. പിന്നീടാണ് കാൻസറായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നത്. രണ്ട് ശ്വാസകോശത്തിന്റെയും ഹൃദയത്തിനും ഇടയിൽ വളർന്ന ട്യൂമറായിരുന്നു വില്ലൻ. ആദ്യം ശ്വാസകോശ കാൻസറാണെന്ന് റിപ്പോർട്ട് വന്നെങ്കിലും പിന്നീട് ഈ ട്യൂമർ ശ്വാസകോശത്തിലേക്ക് വ്യാപിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ തന്നെ വ്യക്തമാക്കി.

വിദഗ്ധ ചികിത്സകൾക്കായി യുവി പെട്ടെന്നു തന്നെ യു.എസിലെത്തുകയും കീമോതെറാപ്പി ആരംഭിക്കുകയും ചെയ്തു. പിന്നീട് കളിക്കളത്തിലേക്ക് തിരികെയെത്തിയെങ്കിലും പഴയ റിഫ്‌ളക്‌സും ഫോമും അദ്ദേഹത്തിന് കൈമോശം വന്നുപോയിരുന്നു. ഒടുവിൽ 17 വർഷം നീണ്ട തന്റെ കരിയർ 2019-ൽ അവസാനിപ്പിക്കുന്നതായി യുവി പ്രഖ്യാപിച്ചു.