ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്കുള്ള ആദ്യഘട്ട അഭിമുഖം കഴിഞ്ഞതിനു പിന്നാലെ  സാമൂഹിക മാധ്യമ പോസ്റ്റുമായി ഡബ്ല്യൂ.വി. രാമന്‍. 'ഓ ഡിയര്‍' എന്നീ രണ്ടു വാക്കുകള്‍ മാത്രം അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. ഇതുകൊണ്ട് ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമല്ല. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനായ രാമനെ ബി.സി.സി.ഐ. പുരുഷ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ച വ്യക്തികളില്‍ ഒരാളാണ്. 

To advertise here,

ഗൗതം ഗംഭീര്‍, രാമന്‍ എന്നിവരെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി (സി.എ.സി.) ചൊവ്വാഴ്ച അഭിമുഖം നടത്തിയിരുന്നു. സൂം മീറ്റിങ്ങില്‍ നടന്ന അഭിമുഖം 20 മിനിറ്റോളം നീണ്ടു. ആദ്യം ഗംഭീറിനെയും പിന്നീട് രാമനെയുമാണ് അഭിമുഖം ചെയ്തത്. ഇരുവരിലും ഗംഭീറിനാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്നിരുന്നാലും അഭിമുഖത്തിന്റെ രണ്ടാംഘട്ടം ബുധനാഴ്ച നടക്കുമെന്നാണ് സി.എ.സി. വ്യക്തമാക്കുന്നത്. 

അഭിമുഖത്തില്‍ ഇന്ത്യയെ ഏതുവിധത്തില്‍ നയിക്കുമെന്നതിനെക്കുറിച്ചുള്ള വിശദീകരണം രാമന്‍ സി.എ.സി.ക്ക് മുന്‍പാകെ വിശദീകരിച്ചു. അതേസമയം ഗംഭീറിനെ അടുത്ത 24 മണിക്കൂറിനകം പരിശീലകനായി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 42-കാരനായ ഗംഭീര്‍ ഇക്കഴിഞ്ഞ ഐ.പി.എലില്‍ കൊല്‍ക്കത്തയുടെ ഉപദേശകനായിരുന്നു. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടി. നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനമൊഴിയും.