കൊല്‍ക്കത്ത: വിരാട് കോലി ക്യാപ്റ്റനായിരുന്ന കാലത്തെ ക്ലാസിക് ഇന്ത്യന്‍ പിച്ചുകളിലേക്ക് മടങ്ങിപ്പോകാന്‍ ടീം മാനേജ്മെന്റിനോട് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്കു പിന്നാലെ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ജാഫറിന്റെ നിര്‍ദേശം. മൂന്നാം ദിനം ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇ്ത്യ വെറും 93 റണ്‍സിന് പുറത്തായിരുന്നു.

To advertise here,

2024-ല്‍ ന്യൂസീലന്‍ഡിനെതിരായ സമ്പൂര്‍ണ പരമ്പര തോല്‍വിയില്‍ നിന്ന് ടീം പാഠങ്ങള്‍ പഠിച്ചിട്ടില്ലെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള 2016-17 ഹോം സീസണ്‍ ഓര്‍മിപ്പിച്ചാണ് ജാഫറിന്റെ വാക്കുകള്‍. മാനേജ്‌മെന്റ് വീണ്ടും അത്തരത്തിലുള്ള പിച്ചുകള്‍ തയ്യാറാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

''ന്യൂസീലന്‍ഡിനെതിരായ പരമ്പര തോല്‍വിയില്‍ നിന്ന് നമ്മള്‍ പാഠം പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. ഇതുപോലുള്ള പിച്ചുകളില്‍ നമ്മുടെ സ്പിന്നര്‍മാരും എതിര്‍ സ്പിന്നര്‍മാരും തമ്മിലുള്ള അന്തരം കുറയുന്നു. 2016-17 സീസണില്‍ വിരാട് ക്യാപ്റ്റനായിരുന്ന കാലത്ത് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പര്യടനം നടത്തിയപ്പോള്‍ ഉണ്ടായതുപോലെ, ക്ലാസിക് ഇന്ത്യന്‍ പിച്ചുകളിലേക്ക് നമ്മള്‍ മടങ്ങേണ്ടതുണ്ട്.' - ജാഫര്‍ കുറിച്ചു.

2016-17 ഹോം സീസണില്‍ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരേ ഇന്ത്യ തുടര്‍ച്ചയായി പരമ്പരകള്‍ കളിച്ചിരുന്നു. എല്ലാ പരമ്പരകളും വിജയിച്ചു. 13 ടെസ്റ്റ് മത്സരങ്ങളില്‍ ഒരു മത്സരം മാത്രമാണ് മൂന്നു ദിവസത്തിനുള്ളില്‍ അവസാനിച്ചത്. പുണെയില്‍ ഇന്ത്യ 333 റണ്‍സിന് തോറ്റ മത്സരമായിരുന്നു അത്. രണ്ട് മത്സരങ്ങള്‍ സമനിലയിലായി.

ആ സീസണില്‍ 10 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചു. ന്യൂസീലന്‍ഡിനെ 3-0 ന് വൈറ്റ്വാഷ് ചെയ്തു. ഇംഗ്ലണ്ട് (4-0), ബംഗ്ലാദേശ് (1-0), ഓസ്‌ട്രേലിയ (2-1) എന്നിവര്‍ക്കെതിരെയും പരമ്പര വിജയിച്ചു. ആ മുഴുവന്‍ കാലയളവിലും, പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ സഹായിക്കുന്ന സ്‌പോര്‍ട്ടിങ് വിക്കറ്റുകളിലാണ് ഇന്ത്യ കളിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആ യുഗം തിരികെ കൊണ്ടുവരണമെന്നാണ് ജാഫര്‍ ആഗ്രഹിക്കുന്നത്.