ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാകാനിരിക്കെ പേസർ മുഹമ്മദ് സിറാജിന്റെ ടീമിലെ സ്ഥാനം വീണ്ടും അനിശ്ചിതത്വത്തിലാണെന്ന് റിപ്പോർട്ട്. സമീപകാലത്തെ മോശം ഫോമാണ് 32-കാരനായ സിറാജിന് തിരിച്ചടിയാകുന്നത്. വെല്ലിങ്ടണിൽ നടന്ന ഒന്നാം ടെസ്റ്റിൽ സിറാജിനെ ഒഴിവാക്കി അൻഷുൽ കംബോജിനെയാണ് ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവർക്കൊപ്പം ടീമിലെടുത്തത്. ഇത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.

To advertise here,

ഇപ്പോഴിതാ സിറാജിന് ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ലെന്ന സൂചനകളാണ് ബൗളിങ് കോച്ച് മോർണി മോർക്കൽ നൽകുന്നത്. ടീമിലേക്ക് തിരിച്ചെത്താൻ സിറാജ് സ്വന്തം പ്രകടനത്തെയും ബൗളിങ്ങിനെയും പുനഃപരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു മോർക്കലിന്റെ വാക്കുകൾ.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ടീമിന്റെ ബൗളിങ് നിരയെ മുന്നിൽ നിന്ന് നയിച്ച സിറാജ്, ആകെ 23 വിക്കറ്റുകൾ നേടിയിരുന്നു. ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ഒമ്പതു വിക്കറ്റുകൾ വീഴ്ത്തിയ സിറാജ്, പരമ്പര 2-2ന് സമനിലയിലാക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

എന്നാൽ അതിനുശേഷം കളിച്ച ഏഴ് ടെസ്റ്റുകളിൽ നിന്ന് വെറും 21 വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാനായത്. ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങളിലും കൊളംബോ ടെസ്റ്റിലെ തിരിച്ചടിയിലും സിറാജിന്റെ പ്രകടനം നിരാശാജനകമായിരുന്നു.

ന്യൂസീലൻഡ് പര്യടനത്തിന് മുന്നോടിയായി നടന്ന മത്സരങ്ങളിലും താരത്തിന് പ്രതീക്ഷിച്ച ഫോം കണ്ടെത്താനായില്ല. ന്യൂസീലൻഡ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ 118 റൺസ് വഴങ്ങി നാലു വിക്കറ്റാണ് സിറാജ് നേടിയത്. കൂടാതെ, രഞ്ജി ട്രോഫിയിലെ രണ്ട് മത്സരങ്ങളിലും ദുലീപ് ട്രോഫി ഫൈനലിലുമായി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും നാലു വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാനായത്.

48 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 144 വിക്കറ്റുകൾ നേടിയിട്ടുള്ള സിറാജിനെ ഫോമില്ലായ്മ കാരണമാണ് ഒഴിവാക്കിയതെന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വ്യക്തമാക്കിക്കഴിഞ്ഞു. പരിക്കുകളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകാത്ത പക്ഷം ഹാഗ്ലി ഓവലിൽ നടക്കുന്ന രണ്ടാം മത്സരത്തിലും സിറാജിന് അവസരം ലഭിക്കാൻ സാധ്യതയില്ല. ഇന്ത്യൻ ബൗളിങ് കോച്ച് മോർണി മോർക്കലും ഗില്ലിന്റെ നിലപാടിനെ ശരിവെക്കുന്ന സൂചനകളാണ് നൽകിയത്. സിറാജ് ലോകോത്തര താരമാണെങ്കിലും ലഭ്യമായ പേസർമാർക്ക് 20 വിക്കറ്റുകൾ വീഴ്ത്താൻ ശേഷിയുണ്ടെന്ന് മോർക്കൽ വ്യക്തമാക്കി. ഈ മത്സരത്തിലും ഒഴിവാക്കപ്പെട്ടാൽ, ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ സിറാജിന് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി മികച്ച പ്രകടനം നടത്തേണ്ടി വരും.

അതേസമയം രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ബൗളിങ് നിരയിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ആദ്യ ടെസ്റ്റിൽ തിളങ്ങാൻ കഴിയാതിരുന്ന പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം യുവ പേസർ ഗുർനൂർ ബ്രാർ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കും. ഹാഗ്ലി ഓവലിലെ പേസിനെയും ബൗൺസിനെയും തുണയ്ക്കുന്ന സാഹചര്യങ്ങളിൽ ഗുർനൂറിന്റെ ഉയരവും അധിക ബൗൺസ് കണ്ടെത്താനുള്ള ശേഷിയും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. താരം അവസരത്തിനായി ശക്തമായി രംഗത്തുണ്ടെന്ന് മോർക്കൽ ശരിവെച്ചെങ്കിലും അന്തിമ പ്ലെയിങ് ഇലവൻ ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.