ഷിമോഗ: കൂച്ച് ബെഹാര്‍ ട്രോഫി ഫൈനലില്‍ ചരിത്ര ഇന്നിങ്‌സുമായി കര്‍ണാടക അണ്ടര്‍ 19 താരം പ്രാകര്‍ ചതുര്‍വേദി. മുംബൈക്കെതിരായ ഫൈനലില്‍ പുറത്താകാതെ 404 റണ്‍സെടുത്താണ് താരം ചരിത്രപുസ്തകത്തില്‍ പേരു ചേര്‍ത്തത്. ആഭ്യന്തര അണ്ടര്‍ 19 ചതുര്‍ദിന ടൂര്‍ണമെന്റായ കൂച്ച് ബെഹാര്‍ ട്രോഫി ഫൈനലില്‍ നാനൂറോ അതിനു മുകളിലോ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന നേട്ടം പ്രാകറിന് സ്വന്തമായി.

To advertise here,

638 പന്തില്‍ നിന്ന് 46 ഫോറും മൂന്ന് സിക്‌സുമടക്കമായിരുന്നു താരത്തിന്റെ ചരിത്ര ഇന്നിങ്‌സ്. ഇതോടെ യുവ്‌രാജ് സിങ്ങിന്റെ 24 വര്‍ഷം പഴക്കമുള്ള റെക്കോഡും പ്രാകറിനു മുന്നില്‍ വഴിമാറി. 1999 ഡിസംബറില്‍ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ജംഷേദ്പുരിലെ കീനന്‍ സ്റ്റേഡിയത്തില്‍ ബിഹാറിനെതിരേ പഞ്ചാബിനായി 358 റണ്‍സെടുത്ത യുവിയുടെ പേരിലായിരുന്നു ടൂര്‍ണമെന്റ് ഫൈനലിലെ ഉയര്‍ന്ന സ്‌കോറര്‍ക്കുള്ള റെക്കോഡ്. ഇതാണ് പ്രാകര്‍ ഇത്തവണ മറികടന്നത്.

placeholder
Photo: twitter.com/BCCI
പ്രാകര്‍ ചതുര്‍വേദി

പ്രാകറിന്റെ ഇന്നിങ്‌സ് മികവില്‍ മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 380 റണ്‍സിനെതിരേ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 890 റണ്‍സെന്ന നിലയിലാണ് കര്‍ണാടക ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. 510 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡും കര്‍ണാടക സ്വന്തമാക്കി. മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 24 റണ്‍സ് അധികം പ്രാകര്‍ ഒറ്റയ്ക്ക് നേടി. 169 റണ്‍സെടുത്ത ഹരിഷില്‍ ധര്‍മനിയും 72 റണ്‍സെടുത്ത കാര്‍ത്തികേയയും പ്രാകറിന് ഉറച്ച പിന്തുണ നല്‍കി.

നേരത്തേ ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് കര്‍ണാടകയ്ക്കായി രണ്ട് വിക്കറ്റ് നേടിയിരുന്നു.