ന്യൂഡല്‍ഹി: ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി ദക്ഷിണാഫ്രിക്കന്‍ കോച്ച് ഷുക്രി കോണ്‍റാഡിന് മത്സരശേഷം കൈക്കൊടുക്കാതെ കടന്നുപോയെന്നതരത്തില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഗുവാഹാട്ടി ടെസ്റ്റിനു പിന്നാലെ ഇന്ത്യ മുട്ടിലിഴയണമെന്ന് ഷുക്രി പറഞ്ഞത് വലിയ വിവാദമായിരുന്നു. കോലിയുടെ ഹസ്തദാനം നല്‍കാതെയുള്ള അവഗണനയെ ഇതുമായാണ് ചിലര്‍ ബന്ധപ്പെടുത്തുന്നത്.

To advertise here,

കോലി കോണ്‍റാഡിന്റെ അടുത്തേക്ക് എത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കോണ്‍റാഡിന് കൈനീട്ടാന്‍ കോലി ശ്രമിക്കുന്നതായി ദൃശ്യങ്ങളില്‍ കാണുന്നില്ല. എന്നാല്‍, കോണ്‍റാഡിന് പിന്നിലുള്ള ദക്ഷിണാഫ്രിക്കന്‍ സ്റ്റാഫുകള്‍ക്ക് കൈക്കൊടുക്കുന്നുമുണ്ട്. അതേസമയം, ക്ലിപ്പില്‍ കാണിക്കുന്ന ആദ്യ നിമിഷത്തിന് മുന്‍പ് കോലി കോണ്‍റാഡിന് കൈക്കൊടുത്തിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചിലരുടെ നിരീക്ഷണം. ഈ ഭാഗം വീഡിയോയില്‍ ഇല്ല.

ഗുവാഹാട്ടി ടെസ്റ്റിനു പിന്നാലെയായിരുന്നു കോണ്‍റാഡിന്റെ വിവാദ പരാമര്‍ശം. ഇന്ത്യന്‍ കളിക്കാരെ ശരിക്കും മുട്ടിലിഴയിപ്പിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ മനഃപൂര്‍വം ബാറ്റിങ് നീട്ടിക്കൊണ്ടുപോയതെന്ന് കോണ്‍റാഡ് പറഞ്ഞത് വിവാദത്തിന് തിരികൊളുത്തി. Grovel എന്ന ഇംഗ്ലീഷ് വാക്കാണ് ഇതിനായി അദ്ദേഹം ഉപയോഗിച്ചത്. ഈ വാക്കിന് ക്രിക്കറ്റില്‍ വംശീയമായ ഒരു ചരിത്രപശ്ചാത്തലമുണ്ട്. 1976-ല്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ അപമാനിക്കാനുള്ള തന്റെ ഉദ്ദേശ്യം വ്യക്തമാക്കാന്‍, അന്നത്തെ ഇംഗ്ലണ്ട് ക്യാപ്റ്റനും വെള്ളക്കാരനും ദക്ഷിണാഫ്രിക്കക്കാരനുമായ ടോണി ഗ്രെഗ് ഈ വാക്ക് ഉപയോഗിച്ചത് കുപ്രസിദ്ധമാണ്.