ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ നേടിയ 139 റൺസോടെ വിരാട് കോലിയുടെ അന്താരാഷ്ട്ര സെഞ്ചുറികളുടെ എണ്ണം 86-ൽ എത്തിനിൽക്കുകയാണ്. 2012-ൽ സച്ചിൻ തെണ്ടുൽക്കർ സ്ഥാപിച്ച 100 അന്താരാഷ്ട്ര സെഞ്ചുറികൾ എന്ന ചരിത്ര റെക്കോഡ് മറികടക്കാൻ കോലിക്ക് 15 സെഞ്ചുറികൾ കൂടി ആവശ്യമാണ്. 2027 ഏകദിന ലോകകപ്പിന് ശേഷം കോലി വിരമിച്ചേക്കുമെന്ന സൂചനകൾ നിലനിൽക്കെ, ഈ നേട്ടത്തിലെത്താൻ അദ്ദേഹത്തിന് ഇനി എത്ര മത്സരങ്ങൾ വേണ്ടിവരുമെന്ന് പരിശോധിക്കാം.

To advertise here,

തന്റെ അന്താരാഷ്ട്ര കരിയറിലെ 630 ഇന്നിങ്‌സുകളിൽ നിന്നാണ് കോലി 86 സെഞ്ചുറികൾ നേടിയത്. അതായത് ശരാശരി 7.33 ഇന്നിങ്‌സുകളിൽ ഒരു സെഞ്ചുറി വീതം. ഈ ശരാശരിയിലാണ് മുന്നേറുന്നതെങ്കിൽ സച്ചിന്റെ റെക്കോഡ് മറികടന്ന് 101 സെഞ്ചുറികൾ തികയ്ക്കാൻ കോലിക്ക് ഇനി ഏകദേശം 110 ഇന്നിങ്‌സുകൾ കൂടി കളിക്കേണ്ടിവരും.

എന്നാൽ, നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കോലി കളിക്കുന്നത്. ടെസ്റ്റിൽ നിന്നും ടി20-യിൽ നിന്നും താരം വിരമിച്ചു കഴിഞ്ഞു. ഏകദിന കരിയറിൽ 305 ഇന്നിങ്‌സുകളിൽ നിന്ന് 55 സെഞ്ചുറികൾ നേടിയ അദ്ദേഹത്തിന്റെ സെഞ്ചുറി നിരക്ക് ഓരോ 5.55 ഇന്നിങ്‌സിലും ഒന്നെന്ന കണക്കിലാണ്. ഈ നിരക്കിലാണ് മുന്നേറുന്നതെങ്കിൽ, ആവശ്യമായ 15 സെഞ്ചുറികൾ നേടാൻ കോഹ്ലിക്ക് 83 ഏകദിന ഇന്നിങ്‌സുകൾ വേണ്ടിവരും.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കളിച്ച 10 ഏകദിന ഇന്നിങ്‌സുകളിൽ നിന്ന് 4 സെഞ്ചുറികൾ നേടാൻ കോലിക്ക് സാധിച്ചിട്ടുണ്ട്. അതായത് ഓരോ 2.5 ഇന്നിങ്‌സിലും ഒരു സെഞ്ചുറി എന്ന കണക്ക്. ഈ തകർപ്പൻ ഫോം തുടരാനായാൽ വെറും 38 ഇന്നിങ്‌സുകൾ കൊണ്ട് കോലിക്ക് സച്ചിന്റെ റെക്കോഡ് മറികടക്കാൻ സാധിക്കും.

എങ്കിലും ഇന്ത്യക്ക് മുന്നിലുള്ള ഏകദിന മത്സരങ്ങളുടെ എണ്ണം പരിമിതമാണ്. നിലവിൽ ഇന്ത്യക്ക് കളിക്കേണ്ട 13 നിശ്ചിത മത്സരങ്ങളും, ഏഷ്യാ കപ്പും, 2027 ലോകകപ്പിലെ ഫൈനൽ വരെയുള്ള മത്സരങ്ങളും ഉൾപ്പെടുത്തിയാൽ പോലും കോലിക്ക് മുന്നിൽ ഏകദേശം 30 ഏകദിന മത്സരങ്ങൾ മാത്രമാണുള്ളത്. അതിനാൽ ഈ റെക്കോഡ് സ്വന്തമാക്കണമെങ്കിൽ കോലിക്ക് ഓരോ രണ്ട് ഇന്നിങ്‌സിലും ഒരു സെഞ്ചുറി വീതം നേടേണ്ടി വരും.

അതേസമയം സച്ചിന്റെ റെക്കോഡ് തകർക്കാൻ കോലിക്ക് സാധിക്കുമെന്ന് അജിങ്ക്യ രഹാനെയും അഭിപ്രായപ്പെടുകയുണ്ടായി. സ്വയം സമ്മർദം ചെലുത്തുമ്പോഴാണ് കോലി തന്റെ ഏറ്റവും മികച്ച കളി പുറത്തെടുക്കുന്നതെന്നും, അദ്ദേഹത്തിന്റെ മാതൃകാ താരം സച്ചിൻ തെണ്ടുൽക്കർ ആയതിനാൽ 100 സെഞ്ചുറികളെക്കുറിച്ച് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നും രഹാനെ പറഞ്ഞു. കോലിക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.