റായ്പുര്‍: സൂപ്പര്‍താരം വിരാട് കോലിയുടെ ബാറ്റിങ്ങില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിറങ്ങുന്നത്. മൂന്നുമത്സരങ്ങളടങ്ങിയ പരമ്പര നിലവില്‍ സമനിലയിലാണെന്നതിനാല്‍ അവസാനമത്സരം നിര്‍ണായകമാണ്. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം ആദ്യ രണ്ടുമത്സരങ്ങളിലും സെഞ്ചുറി നേടിയ കോലി മൂന്നാം മത്സരത്തിലും സെഞ്ചുറി നേടുമോ എന്ന കാത്തിരിപ്പില്‍ കൂടിയാണ് ആരാധകര്‍.

To advertise here,

ഇതിന് മുന്‍പ് കോലി ഹാട്രിക് സെഞ്ചുറി നേടിയിട്ടുണ്ട്. ഇക്കുറി അതാവര്‍ത്തിക്കുമോ എന്നുമാത്രമാണ് അറിയേണ്ടത്. 2018 ല്‍ വിന്‍ഡീസ് പരമ്പരയിലാണ് താരം തുടര്‍ച്ചയായി മൂന്നുതവണ മൂന്നക്കം തൊട്ടത്. വിന്‍ഡീസിനെതിരേ ഗുവാഹാട്ടിയില്‍ നടന്ന മത്സരത്തില്‍ 140 റണ്‍സാണ് കോലി അടിച്ചെടുത്തത്. പിന്നാലെ വിശാഖപട്ടണത്തുവെച്ച് 157 റണ്‍സും പുണെയില്‍ 107 റണ്‍സും കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നു.

രോഹിത് ശര്‍മയും നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2019 ലെ ഏകദിനലോകകപ്പിലാണ് രോഹിത്തിന്റെ ഹാട്രിക് സെഞ്ചുറി. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരേയായിരുന്നു സെഞ്ചുറികള്‍. എന്നാല്‍ ഏകദിനത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരം മുന്‍ ലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയാണ്. 2015 ഏകദിനലോകകപ്പില്‍ സംഗക്കാര തുടര്‍ച്ചയായി നാലുതവണ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

പരമ്പരയില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് 118.50 ശരാശരിയില്‍ 237 റണ്‍സുമായി കോലിയാണ് റണ്‍വേട്ടയില്‍ ഒന്നാമന്‍. മാത്രമല്ല പരമ്പരയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്‌സറുകളും ബൗണ്ടറികളും നേടിയതും കോലി തന്നെ. വിശാഖപട്ടണത്ത് കോലിയുടെ ഏകദിന റെക്കോഡും മികച്ചതാണ്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ മൂന്ന് സെഞ്ചുറികള്‍ കോലി നേടിയിട്ടുണ്ട്. ഒരു തവണ 99 റണ്‍സിനും കോലി ഇവിടെ പുറത്തായിട്ടുണ്ട്. 97.83 ആണ് വിശാഖപട്ടണത്തെ കോലിയുടെ ശരാശരി.