ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റ് സെമിയിലെ സൂപ്പർ ഓവറിൽ കൗമാരതാരം വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിനിറക്കാത്തതിൽ ആരാധകർ വൻ വിമർശനം ഉന്നയിച്ചിരുന്നു. ടൂർണമെന്റിൽ മിന്നും ഫോമിലുള്ള താരത്തെ ബാറ്റിങ്ങിനിറക്കിയിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് പലരും സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടത്. മത്സരശേഷം വിഷയത്തിൽ പ്രതികരണവുമായി ക്യാപ്റ്റൻ ജിതേഷ് ശർമ രംഗത്തെത്തി. തീരുമാനം തന്റേതായിരുന്നുവെന്ന് പറഞ്ഞ ജിതേഷ് വൈഭവ് പവർപ്ലേയിലെ മികച്ച ബാറ്ററാണെന്ന ന്യായീകരണവും നൽകി. സൂപ്പർ ഓവറിൽ ഇന്ത്യ എ യെ തോൽപ്പിച്ച ബംഗ്ലാദേശ് എ ഫൈനലിൽ കടന്നിരുന്നു.
ടീമിൽ വൈഭവും പ്രിയാൻഷും പവർപ്ലേയിൽ മികച്ചവരാണ്. എന്നാൽ ഡെത്ത് ഓവറുകളിൽ അശുതോഷിനും രമൺദീപിനും അടിച്ചുകളിക്കാൻ സാധിക്കും. അതിനാൽ സൂപ്പർ ഓവർ ലൈനപ്പ് ടീമിന്റെ തീരുമാനമായിരുന്നു. അവസാന വാക്ക് എന്റേതും."- ജിതേഷ് പറഞ്ഞു.
സെമിയിൽ നിശ്ചിത ഓവറിലെ മത്സരം ടൈ ആയതോടെയാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. ബംഗ്ലാദേശ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തിരുന്നു. അവസാന പന്തിൽ നാലുറൺസ് വേണ്ടിയിരുന്ന ഇന്ത്യ എ മൂന്നുറൺസ് ഓടിയെടുത്താണ് മത്സരം ടൈ ആക്കിയത്. സൂപ്പർ ഓവറിൽ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിനാണ് ആരാധകർ കാത്തിരുന്നതെങ്കിലും താരം പുറത്തിരുന്നു.
എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് നായകൻ ജിതേഷ് ശർമയും രമൺദീപ് സിങ്ങുമാണ് ഇന്ത്യ എക്കുവേണ്ടി ഇറങ്ങിയത്. ആദ്യ പന്തിൽ ജിതേഷ് ബൗൾഡായി മടങ്ങി. മൂന്നാമനായി വൈഭവിനെ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പകരം അശുതോഷ് ശർമയാണ് ഇറങ്ങിയത്. അശുതോഷും രണ്ടാം പന്തിൽ പുറത്തായതോടെ ഇന്ത്യ പൂജ്യത്തിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനും അദ്യ പന്തിൽ വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാൽ രണ്ടാം പന്ത് വൈഡായതോടെ ബംഗ്ലാദേശ് എ, ഇന്ത്യ എ യെ മറികടന്ന് ഫൈനൽ ടിക്കറ്റെടുത്തു.
മത്സരത്തിൽ 15 പന്തിൽ 38 റൺസെടുത്ത് തകർപ്പൻ പ്രകടനം നടത്തിയിട്ടും സൂപ്പർ ഓവറിൽ പുറത്തിരുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ജിതേഷ് ശർമയ്ക്ക് ശ്രദ്ധകിട്ടാൻ വേണ്ടിയാണോ ഈ തീരുമാനമെന്ന് ഒരാൾ എക്‌സിൽ ചോദിച്ചു. ഈ തീരുമാനം ഏത് ബുദ്ധികേന്ദ്രത്തിൽ നിന്നാണെന്ന് മറ്റൊരാൾ പരിഹാസരൂപേണ ചോദിച്ചു. വൈഭവിനെ പിന്തുണച്ചും പുറത്തിരുത്തിയ തീരുമാനത്തെ വിമർശിച്ചുമാണ് ഒട്ടുമിക്കവരും പ്രതികരിച്ചത്.
Content Highlights: Reason Behind Vaibhav Suryavanshi's Super Over Snub vs Bangladesh A
Published: 22 Nov 2025, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented