ന്യൂഡൽഹി: കഴിഞ്ഞദിവസം നടന്ന ഇന്ത്യ എ-ശ്രീലങ്ക എ മത്സരത്തിൽ നാടകീയസംഭവങ്ങളാണ് അരങ്ങേറിയത്. സൂപ്പർ ഓവറിൽ ഇന്ത്യ എ പരാജയപ്പെട്ടതിന് പിന്നാലെ താരങ്ങൾ തമ്മിൽ കയ്യാങ്കളിയിലേക്ക് നീങ്ങി. മൈതാനം വിടാനൊരുങ്ങിയ കൗമാരതാരം വൈഭവ് സൂര്യവംശി പെട്ടെന്ന് പ്രകോപിതനാകുകയും ലങ്കൻ താരത്തെ പിടിച്ചുതള്ളുകയുമായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

To advertise here,

ശ്രീലങ്കൻ താരമായ വിഷൻ ഹലംബാഗെയുടെ ഇടപെടലുകളാണ് വൈഭവിനെ ചൊടിപ്പിച്ചതെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ‘കളി കഴിഞ്ഞു...., വീട്ടിൽ പോകൂ’ തുടങ്ങിയ പരാമർശങ്ങൾ ലങ്കൻ താരത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്നും അതിനെ തുടർന്നാണ് വൈഭവ് പിടിച്ചുതള്ളാനൊരുങ്ങിയതെന്നുമാണ് വിവരം. മറ്റ് താരങ്ങളും മാച്ച് ഒഫീഷ്യലുകളും പെട്ടെന്ന് തന്നെ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വിഷയത്തിൽ ഐസിസി ഇടപെടാനുള്ള സാധ്യത കുറവാണ്. എന്നാൽ, സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

സംഭവത്തിന് ശേഷം ശ്രീലങ്കൻ എ ഡ്രസ്സിങ് റൂമിൽ ഇക്കാര്യം ചർച്ചചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ടീമിനോട് ഖേദപ്രകടനം നടത്തണമെന്ന് ചിലർ ആവശ്യപ്പെട്ടതായും വിവരമുണ്ട്. കാരണം, മതിയായ വെളിച്ചമില്ലാതെയാണ് സൂപ്പർ നടത്തിയതെന്ന വാദം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. സൂപ്പർ ഓവറിൽ ശ്രീലങ്ക 16 റൺസെടുത്തപ്പോൾ ഇന്ത്യ അത് മറികടക്കുന്നതിൽ പരാജയപ്പെട്ടു. ഒൻപത് റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. സൂപ്പർ ഓവറിൽ നേരിട്ട രണ്ട് പന്തുകളിൽനിന്ന് അഞ്ച് റൺസ് മാത്രം നേടിയശേഷം സൂര്യവംശി നിരാശനായിരുന്നു. വിജയം ആഘോഷിക്കുന്ന ശ്രീലങ്കൻ കളിക്കാർക്കരികിലൂടെ നടന്നുപോകുമ്പോൾ, വാക്കുതർക്കത്തിനിടെ ഇന്ത്യൻ യുവതാരം പ്രകോപിതനായി. ശ്രീലങ്കൻ താരത്തെ വൈഭവ് തള്ളുകയായിരുന്നു. അതോടെ കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തി.

സൂപ്പർ ഓവറിന് മുമ്പുതന്നെ നാടകീയത തുടങ്ങിയിരുന്നു. വെളിച്ചം കുറയുന്നതുകൊണ്ട് സൂപ്പർ ഓവർ നടത്തുന്നത് സംബന്ധിച്ച് അമ്പയർമാർക്കിടയിൽ ആശയക്കുഴപ്പവും ഉണ്ടായിരുന്നു. മത്സരം സമനിലയിൽ അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമ്മ ഉടൻതന്നെ ഗ്രൗണ്ടിലെ അമ്പയർമാരെ സമീപിക്കുകയും സൂപ്പർ ഓവർ നടത്താൻ ശക്തമായി വാദിക്കുകയും ചെയ്തു. ചർച്ചകൾ നീണ്ടുപോയപ്പോൾ മറ്റു ഇന്ത്യൻ താരങ്ങളും സംഭാഷണത്തിൽ ചേർന്നു.

അവിടെയും വിവാദങ്ങൾ അവസാനിച്ചില്ല. ശ്രീലങ്ക എ അവരുടെ സൂപ്പർ ഓവർ പൂർത്തിയാക്കിയതിന് ശേഷം നോ ബോൾ വിളിച്ച അമ്പയർമാരുടെ തീരുമാനം തിലക് വർമയെ അതൃപ്തനാക്കി. ഓവറിലെ അവസാന പന്തിൽ അരക്കെട്ടിന് മുകളിലൂടെ എറിഞ്ഞ ഫുൾ ടോസ് ബോളാണ് വിവാദമായത്. അമ്പയർമാർ അതിനെ നോ-ബോൾ എന്ന് വിളിച്ചപ്പോൾ കളിക്കാർ ഇതിനോടകം മൈതാനം വിട്ടുതുടങ്ങിയിരുന്നു, വൈഭവ് സൂര്യവംശി ബാറ്റ് ചെയ്യാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. തിലക് ഒരിക്കൽകൂടി അമ്പയർമാരെ സമീപിച്ച് തീരുമാനത്തെക്കുറിച്ച് വ്യക്തത തേടി നീണ്ട ചർച്ചയിൽ ഏർപ്പെട്ടു. പിന്നീട് ഒരു പന്തുകൂടി എറിഞ്ഞു. ഇതും സംഘർഷഭരിതമായ അന്തരീക്ഷം കൂടുതൽ വഷളാക്കി.