ഹരാരെ: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ബൗളർമാരെ നിലംതൊടീക്കാതെ തല്ലിത്തകർത്ത് ഇന്ത്യൻ ഓപ്പണറായ 14-കാരൻ വൈഭവ് സൂര്യവംശി. വെറും 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ കരുത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് കുതിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നിനാണ് ഹരാരെ സാക്ഷ്യംവഹിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി തുടക്കത്തിലെ അല്പം പന്തുകളിൽ വൈഭവ് വലിയ ആക്രമണത്തിന് മുതിർന്നില്ല. ജെയിംസ് മിന്റോ എറിഞ്ഞ എട്ടാം ഓവർ തൊട്ടാണ് വൈഭവിന്റെ തീപാറുന്ന പോരാട്ടം തുടങ്ങിയത്. മത്സരത്തിൽ 15 സിക്‌സറുകളാണ് വൈഭവ് ആകെ പറത്തിയത്. ഇതോടെ അണ്ടർ-19 ലോകകപ്പ് ഇന്നിങ്‌സിൽ ഏറ്റവുംകൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് സ്വന്തം പേരിൽ കുറിച്ചു. 2008-ൽ ഓസ്‌ട്രേലിയയുടെ മൈക്കൽ ഹിൽ കുറിച്ച 12 സിക്‌സറുകൾ എന്ന റെക്കോഡാണ് പഴങ്കഥയായത്.
വെറും 55 പന്തുകൾ നേരിട്ടാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. 218.75 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ ബാറ്റിങ്. 15 ഫോറുകളും 15 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്.
ആയുഷ് മാത്രേയ്‌ക്കൊപ്പം (53) ചേർന്ന് രണ്ടാം വിക്കറ്റിൽ 142 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് വൈഭവ് ഉണ്ടാക്കിയത്. ഇതിൽ 87 റൺസും വൈഭവിന്റെ ബാറ്റിൽനിന്നായിരുന്നു. പിന്നീട് വേദാന്ത് ത്രിവേദിയെ കാഴ്ചക്കാരനാക്കി വെറും 39 പന്തിൽ 89 റൺസിന്റെ മറ്റൊരു വെടിക്കെട്ട് കൂട്ടുക്കെട്ടും താരം കെട്ടിപ്പടുത്തു.
മണ്ണി ലംസഡന്റെ പന്തിൽ പുറത്താകുമ്പോൾ, അണ്ടർ-19 ലോകകപ്പിലെ ഒരു ഇരട്ട സെഞ്ചുറിക്ക് വെറും 25 റൺസ് മാത്രം അകലെയായിരുന്നു ഈ ഇടംകൈയ്യൻ ബാറ്റർ. താരം പുറത്താകുമ്പോൾ 25.3 ഓവറിൽ 251 റൺസ് എന്ന അതിശക്തമായ നിലയിലാണ് ഇന്ത്യ.
Content Highlights: 14-Year-Old Vaibhav Suryavanshi Shatters Records in U-19 World Cup Final with Explosive Innings
Published: 06 Feb 2026, 03:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented